തിരുവനന്തപുരം: മെഡിക്കൽ കോളേജിന്റെ അഭിമാനപദ്ധതികളിൽ ഒന്നായ മാസ്റ്റർപ്ലാനിന്റെ ഒന്നാം ഘട്ടമായ റോഡ് വികസനം, ഫ്ളൈഓവർ എന്നിവയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മാസ്റ്റർ പ്ലാനിന് 717.29 കോടി രൂപയാണ് കിഫ്ബി വഴി മുതൽ മുടക്കുന്നത്.
മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ തുടർ ഘട്ടങ്ങളിൽ ഓപ്പറേഷൻ തിയേറ്റർ കോംപ്ലെക്സ്, ആശുപത്രി കെട്ടിടസമുച്ചയങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവ നിർമ്മിക്കുന്നതിനൊപ്പം അത്യന്താധുനിക ആശുപത്രി ഉപകരണങ്ങളും ലഭ്യമാക്കും.
ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള രണ്ട് മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനവും ഇക്കാലയളവിനുള്ളിൽ നടപ്പാക്കും. മാസ്റ്റർപ്ലാൻ യാഥാർത്ഥ്യമായതോടെ മന്ത്രി കെ. കെ. ശൈലജയുടെ പരിശ്രമത്തിനാണ് ഫലം കണ്ടിരിക്കുന്നത്.
ഭൂമിപൂജയിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സുനിൽകുമാർ, മാസ്റ്റർ പ്ലാൻ നോഡൽ ഓഫീസർ ഡോ.എ. നിസാറുദീൻ, കരാർ കമ്പനിയായ റേ കൺസ്ട്രക്‌ഷൻ കമ്പനി എം.ഡി എം.കെ. വർഗീസ്, ഇൻകെൽ ലിമിറ്റഡ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പ്രതീക്ഷയേറെ
പരിമിതികൾ കൊണ്ട് വീർപ്പുമുട്ടുന്ന കോളേജ് കാമ്പസിൽ ദിവസേന ആയിരക്കണക്കിന് ആൾക്കാരാണ് വന്നുപോകുന്നത്. മെഡിക്കൽ കോളേജിനൊപ്പം ആർ.സി.സി, ശ്രീചിത്ര, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, ഡെന്റൽ കോളേജ് എന്നിവിടങ്ങളിൽ രോഗികളെയും കൊണ്ടുവരുന്ന വാഹനങ്ങൾ മൂലമുള്ള ഗതാഗതക്കുരുക്ക് മണിക്കൂറുകളോളമാണ് തുടരുന്നത്. മാസ്റ്റർപ്ലാനിന്റെ ഭാഗമായുള്ള ഫ്‌ളൈഓവറും റോഡുവികസനവും മൾട്ടിലെവൽ കാർപാർക്കിംഗുമെല്ലാം യാഥാർത്ഥ്യമാകുന്നതോടെ ജനങ്ങൾ വർഷങ്ങളായി അനുഭവിച്ചുപോരുന്ന ദുരിതത്തിന് അറുതിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |