ഖത്തർ ലോകകപ്പിൽ പന്തു തട്ടാൻ യൂറോ ചാമ്പ്യൻമാരായ ഇറ്റലിയില്ല,
പ്ലേ ഓഫിൽ ഇറ്റലിയെ അട്ടിമറിച്ചത്
നോർത്ത് മാസിഡോണിയ,
പ്രതീക്ഷകൾ സജീവമാക്കി പോർച്ചുഗൽ
പാലർമോ: വരുന്ന നവംബറിൽ ഖത്തറിന്റെ മണ്ണിൽ ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് കേളികൊട്ടുയരുമ്പോൾ നീലക്കുപ്പായത്തിൽ നിറഞ്ഞാടാൻ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലി ഉണ്ടാകില്ല. ഖത്തറിലേക്ക് ടിക്കറ്റെടുക്കാനുള്ള അവസാന അവസരമായ ലോകകപ്പ് യോഗ്യത പ്ലേഓഫിൽ കുഞ്ഞൻമാരായ നോർത്ത് മാസിഡോണിയയാണ് ഇറ്റലിയുടെ വാതിലടച്ചത്. ഇറ്റലിയിലെ പാലർമോയിലെ റെൻസോ ബാർബേറ സ്റ്റേഡിയത്തിൽ നടന്ന പ്ലേ ഓഫിൽ രണ്ടാം പകുതിയുടെ അവസാന സമയത്ത് 92-ാം മിനിട്ടിൽ അലക്സാണ്ടർ ട്രാജ്കോവ്സ്കിയാണ് നോർത്ത് മാസിഡോണിയയുടെ വിജയ ഗോൾ നേടിയത്. റഷ്യ വേദിയായ കഴിഞ്ഞ ലോകകപ്പിനും നാല് തവണ ലോകചാമ്പ്യൻമാരായ ഇറ്റലിയ്ക്ക് യോഗ്യത നേടാനായില്ലായിരുന്നു.
ബാൾ പൊസഷനിലും പാസിംഗിലും എടുത്ത ഷോട്ടുകളിലുമെല്ലാം എതിരാകളെക്കാൾ ബഹുദൂരം മുന്നിലായിരുന്നെങ്കിലും ഇമ്മൊബീലെയും ഇൻസാഗിയും ബെറാഡിയും വെറാറ്റിയും ഫ്ലോറൻസിയുമെല്ലാം അണിനിരന്ന അസൂറിപ്പടയ്ക്ക് ലക്ഷ്യം കാണുന്നതിൽ പിഴയ്ക്കുകയായിരുന്നു. മറുവശത്ത് നോർത്ത് മാസിഡോണിയ അവസാന നിമിഷം വീണുകിട്ടിയ അവസരം കൃത്യമായി മുതലാക്കി വലകുലുക്കുകയായിരുന്നു. അലക്സാണ്ടർ ട്രാജ്കോവ്സ്കിയുടെ നിലംപറ്റെയുള്ല ലോംഗ്റേഞ്ചർ തടുക്കാൻ വലത്തോട്ട് ഡൈവ് ചെയ്ത ഇറ്റാലിയൻ ഗോളി ഡോണരുമ്മയെ നിഷ്പ്രഭനാക്ക ി പന്ത് വലകുലുക്കി.
2018ലെ ലോകകപ്പിനും യോഗ്യത നേടാനാകാതെപോയ ഇറ്റലി തുടർന്ന് റോബർട്ടോ മാൻസീനിയുടെ ശിക്ഷണത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി യൂറോ കപ്പ് സ്വന്തമാക്കിയിരുന്നു. എന്നാൽ ലോകകപ്പ് യോഗ്യതാറൗണ്ടിൽ നിന്ന് നേരിട്ട് യോഗ്യത ലഭിക്കാതെ വന്ന ഇറ്റലിയ്ക്ക് പ്ലേ ഓഫ് കളിക്കേണ്ടി വരികയായിരുന്നു. ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലും പ്ലേ ഓഫിൽ വന്നതിനാൽ ഇതിൽ ഒരു ടീമെ ഖത്തറിലൂണ്ടാകൂവെന്ന് ഉറപ്പായിരുന്നു. എന്നാൽ പോർച്ചുഗലുമായി ഏറ്റുമുട്ടുന്നതിന് മുമ്പ് തന്നെ ഇറ്റലി ഇടറി വീഴുകയായിരുന്നു.
തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയ പോർച്ചുഗൽ പ്ലേ ഓഫ് ഫൈനലിൽ ഈ മാസം 30ന് നോർത്ത് മാസിഡോണിയയെ നേരിടും. മൊണ്ടെയ്റോ, ജോട്ട, ന്യൂനസ് എന്നിവരാണ് പോർച്ചുഗലിനായി ലക്ഷ്യം കണ്ടത്. യിൽമാസ് തുർക്കിക്കായി 65-ാം മിനിട്ടിൽ ഒരുഗോൾ മടക്കി. എന്നാൽ 85-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി പാഴ്ക്കി തുർക്കിയുടെ തിരിച്ചുവരവിനുള്ള നേരിയ സാധ്യത യിൽമാസ് തന്നെ നഷ്ടമാക്കി. വേൽസ് 2-1ന് ആസ്ട്രിയയേയും സ്വീഡൻ 1-0ത്തിന് ചെക്ക് റിപ്പബ്ലിക്കിനേയും കീഴടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |