SignIn
Kerala Kaumudi Online
Thursday, 19 September 2024 4.23 AM IST

വയറ്റിൽ നിന്ന് പോകുന്നത് പരിശോധിക്കാൻ കേരളത്തിൽ ആയിരക്കണക്കിന് ലാബുകൾ പക്ഷേ വയറ്റിലേക്ക് പോകുന്നത് പരിശോധിക്കാൻ ലാബുകളില്ല, അന്ന് വി എസ് പറഞ്ഞതിന് ഇപ്പോഴും മാറ്റമില്ല

Increase Font Size Decrease Font Size Print Page
food-poison

'വയറ്റിൽ നിന്ന് പോകുന്നത് പരിശോധിക്കാൻ കേരളത്തിൽ ആയിരക്കണക്കിന് ലാബുകളുണ്ട്. പക്ഷേ വയറ്റിലേക്ക് പോകുന്നത് പരിശോധിക്കാൻ ലാബുകളില്ല" മുമ്പൊരിക്കൽ ഭക്ഷ്യവിഷബാധയേറ്റ് മരണമുണ്ടായപ്പോൾ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പറഞ്ഞ കമന്റാണിത്. അന്ന് പ്രതിപക്ഷത്തായിരുന്ന അദ്ദേഹം ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാൻ പറഞ്ഞ പ്രയോഗമാണെങ്കിലും ഇന്നും ആ അവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.

2012 ജൂലായ് 13 നാണ് 'ഷവർമ" കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് സച്ചിൻ മാത്യു (21) എന്ന യുവാവ് മരിച്ചത്. വഴുതയ്ക്കാട്ടെ ഹോട്ടലുടമയ്ക്കെതിരെ കേസെടുക്കുകയും ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തെങ്കിലും പിന്നീട് എന്ത് സംഭവിച്ചെന്ന് ആരും അന്വേഷിച്ചില്ല. സച്ചിൻ മാത്യുവിന്റെ മാതാപിതാക്കൾ ഇന്നും മകന്റെ മരണത്തിൽ നീതിതേടി നിയമപ്പോരാട്ടത്തിലാണ്.

10 വർഷങ്ങൾക്ക് ശേഷം സമാനമായ സംഭവം കാസർകോട് ചെറുവത്തൂരിലുമുണ്ടായി. ഇവിടത്തെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴി‌ച്ച ദേവനന്ദ എന്ന 16 കാരിയാണ് മരിച്ചത്. 31 പേർ ഭക്ഷ്യവിഷ ബാധയേറ്റ് ആശുപത്രിയിലുമായി. ഭക്ഷ്യസുരക്ഷാ അധികൃതരും പൊലീസുമെത്തി കടഅടച്ചുപൂട്ടുകയും മൂന്നുപേരെ അറസ്റ്റ് ചെയ്ത് റിമാഡിലാക്കുകയും ചെയ്തു. കടയുടമ കുഞ്ഞഹമ്മദ് ഗൾഫിലാണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.

മരണകാരണം ഷിഗെല്ല ബാക്ടീരിയ

ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ച ദേവനന്ദയുടെ മരണകാരണം ബാക്ടീരിയ ഇനമായ ഷിഗെല്ല എന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ഹൃദയത്തെയും തലച്ചോറിനെയും ബാക്ടീരിയ ബാധിച്ചെന്നും കണ്ടെത്തി. ആശുപത്രിയിൽ കഴിയുന്ന മറ്റുള്ളവരിലും ബാക്ടീരിയ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിൽ ഭക്ഷ്യസുരക്ഷാനിയമവും അത് നടപ്പാക്കാൻ ഉദ്യോഗസ്ഥരും സന്നാഹങ്ങളുമുള്ള കേരളത്തിൽ എത്ര ഹോട്ടലുകളുണ്ടെന്ന് അറിയാനോ ഹോട്ടൽ ഭക്ഷണത്തിന്റെ സുരക്ഷ പരിശോധിക്കാനോ യാതൊരു സംവിധാനവുമില്ലെന്നത് വിചിത്രമാണ്.

ഹോട്ടലുകളും റസ്റ്റോറന്റുകളും മറ്റു ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും ഭക്ഷ്യസുരക്ഷാ ലൈസൻസോടെ മാത്രമേ പ്രവർത്തിക്കാവൂ എന്ന് നിയമമുണ്ട്. എന്നാൽ കാസർകോട്ടെ ഐഡിയൽ കൂൾബാറിന് ഭക്ഷ്യസുരക്ഷാ ലൈസൻസില്ലെന്ന് ഇപ്പോഴാണ് കണ്ടെത്തിയത്. ഇതുപോലെ എത്രയെത്ര കടകൾ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വ്യക്തമായ ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിച്ച് ഭക്ഷണം വിളമ്പുന്നുണ്ട് .

'ജങ്ക് ഫുഡി" ൽ പതിയിരിക്കുന്ന മരണം

കാൽനൂറ്റാണ്ടിനിടെ വ്യാപകമായ ജെങ്ക് ഫുഡ് ഭക്ഷണം കഴിച്ച് മരണം വിലയ്ക്ക് വാങ്ങിയവരുണ്ട്. ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ അടിയ്ക്കടിയുണ്ടാകുന്നു. ഇത്തരം ഭക്ഷണങ്ങൾ ശരിയായി പാകം ചെയ്യാത്തതും വൃത്തിഹീനമായ ചുറ്റുപാടുകളിൽ തയാറാക്കുന്നതുമാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുന്നത്. കമ്പിയിൽ കോർത്ത് ചൂടാക്കി നിർമ്മിക്കുന്ന ഷവർമയുണ്ടാക്കാൻ ഉപയോഗിക്കുന്ന ചിക്കൻ പലപ്പോഴും അപകടകാരിയാകുന്നുണ്ട്. കാരണം പുറംഭാഗത്തുള്ള മാംസം മാത്രമാണ് ശരിയായ ചൂടിൽ പാകപ്പെടുന്നത്. അകത്തേക്കുള്ള മാംസം ശരിയായി വെന്തിട്ടുപോലും ഉണ്ടാവില്ല. പഴകിയ ചിക്കനിലും അപകടകാരികളായ ബാക്ടീരിയകൾ പെരുകുന്നു. പലകടകളിലും അധികം വരുന്ന ഭക്ഷണം അടുത്ത ദിവസത്തേക്ക് സൂക്ഷിക്കുന്ന പതിവുണ്ട് . ഇത് അപകടകരമാണെന്ന് മാത്രമല്ല,​ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കുറ്റകരവുമാണ്.

മയോണൈസിലെ മുട്ട

മയോണൈസ് തയാറാക്കാനുപയോഗിക്കുന്നത് പാകപ്പെടുത്താത്ത മുട്ടയുടെ വെള്ളയാണ്. ഇത് വിഷകാരിയായ ബാക്ടീരിയകളുടെ പിറവിക്ക് കാരണമാകും. പഴകിയ കുബൂസിൽ മാരകമായ പൂപ്പലുകൾ ബാധിക്കാറുണ്ട്. ആഹാരസാധനങ്ങൾ ഈച്ച, പൊടി, മറ്റു മാലിന്യങ്ങൾ എന്നിവയിൽ നിന്നു സംരക്ഷിക്കുന്ന വിധം ചില്ലിട്ട് സൂക്ഷിക്കണമെങ്കിലും പലയിടത്തും തുറസ്സായ ഇടങ്ങളിലാണ് ഷവർമ നിർമ്മാണം നടക്കുന്നത്. ജീവനക്കാർ വൃത്തിയുള്ള വേഷം ധരിക്കണമെന്നതും പകർച്ചവ്യാധികൾ ഒന്നും ഇല്ലെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. കൃത്രിമനിറങ്ങൾ ,​ നിരോധിത രാസവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ഷവർമ ഉപഭോക്താക്കൾക്കു നൽകുമ്പോൾ പൂർണമായി പാകം ചെയ്തതാണെന്ന് ഉറപ്പുവരുത്തേണ്ടതും മയോണൈസ് അതതു ദിവസത്തെ ആവശ്യത്തിനു മാത്രം ഉണ്ടാക്കുകയും അടച്ചുറപ്പുള്ള പാത്രത്തിൽ ഊഷ്മാവ് ക്രമീകരിച്ചു സൂക്ഷിക്കുകയും വേണമെന്നും നിബന്ധനയുണ്ട്. ഇതൊക്കെ ആര് പാലിക്കാൻ. പാലിക്കുന്നുണ്ടെന്ന് ആര് ഉറപ്പാക്കാൻ ?

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പഴകിയ ചിക്കനിൽ മാത്രമല്ല, ഫ്രഷ് ചിക്കനിലും സാൽമൊണല്ല ഉണ്ടാകും.

ഉദ്യോഗസ്ഥരില്ല, ലാബുകളും

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് നിയോജക മണ്ഡലാടിസ്ഥാനത്തിൽ 140 ഫുഡ് ഇൻസ്പെക്ടർമാരാണുള്ളത്. ഇതിൽ 40 ഓളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ബാക്കിയുള്ളവരാണ് കേരളത്തിലെ മുഴുവൻ ഹോട്ടലുകളിലും പരിശോധന നടത്തേണ്ടത്. മുനിസിപ്പൽ, കോർപ്പറേഷനിൽ പ്രത്യേകം ആരോഗ്യവിഭാഗമുണ്ട്. അതത് തദ്ദേശ സ്ഥാപന പരിധിയിലെ പരിശോധനകൾ നടത്തേണ്ടത് ഇവരാണെങ്കിലും കൃത്യമായി നടത്താറില്ല. പരാതി ലഭിച്ച് അന്വേഷണം നടത്തി ഏതെങ്കിലും ഹോട്ടലിനോ റസ്റ്റോറന്റിനോ എതിരെ നടപടിയെടുത്താൽ ഉടൻ വരും രാഷ്ട്രീയ നേതാക്കളുടെ ശുപാർശ. അതോടെ നടപടി പ്രഹസനമാകും. ഗ്രാമപഞ്ചായത്തുകളിൽ ഇത്തരം കേസുകൾ ആരോഗ്യവകുപ്പിന്റെ സഹായത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അവിടെയും കാര്യമായ നടപടികളിലേക്ക് എത്താറില്ല. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഹോട്ടൽ നടത്തിപ്പുകാരും ഒത്തുകളിച്ച് എല്ലാം ഒത്തുതീർപ്പാക്കും.

ഏതെങ്കിലും ഹോട്ടലുകളിൽ നിന്ന് പഴകിയഭക്ഷണം പിടികൂടുകയോ ഭക്ഷ്യവിഷബാധയേൽക്കുകയോ ചെയ്താൽ ഭക്ഷണ സാമ്പിൾ പരിശോധനയ്ക്ക് സംവിധാനമില്ല. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള കെമിക്കൽ ലാബുകളിലേക്കാണ് സാമ്പിളുകൾ അയയ്ക്കുന്നത്. ആയിരക്കണക്കിന് സാമ്പിളുകളാണ് അവിടെ പരിശോധന കാത്തുകിടക്കുന്നത്.

ഭക്ഷ്യവിഷബാധയേറ്റ് മരണമുണ്ടായ കേസുകളിലെയും ഭക്ഷ്യസാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാൻ ആഴ്ചകളോ മാസങ്ങളോ എടുക്കും. അപ്പോഴേക്കും സംഭവം എല്ലാവരും മറന്നുകഴിയും. ഇവിടെയാണ് വി.എസ് അച്യുതാനന്ദൻ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ കമന്റിന്റെ പ്രസക്തി. കോളിളക്കമുണ്ടായകേസുകളിൽ പരിശോധനയ്ക്ക് അയയ്ക്കുന്ന സാമ്പിളുകൾ ലാബിൽവച്ച് മാറ്റുന്ന തിരിമറികളും നടക്കാറുണ്ട്. പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങളും പണത്തിന്റെ സ്വാധീനവുമാണ് കേസിന്റെ ഗതി നിയന്ത്രിക്കുക. പരിശോധനയ്ക്കായി എടുക്കുന്ന ഭക്ഷണസാമ്പിളുകളുടെ രാസപരിശോധനാ ഫലം അടിയന്തരമായി ലഭിക്കുന്ന സംവിധാനം നിലവിൽ വന്നാൽ മാത്രമേ ഇത്തരം കേസുകളിൽ പ്രതികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാൻ കഴിയൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികൾക്കെതിരെ ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കേസെടുക്കാൻ ഭക്ഷ്യസുരക്ഷാ നിയമത്തിൽ വകുപ്പുണ്ട്. എന്നാൽ ഇത്തരം കേസുകളിൽ ഒരാളെപ്പോലും ശിക്ഷിച്ച ചരിത്രം കേരളത്തിലില്ല. ഇതുതന്നെയാണ് കുറ്റക്കാർക്ക് തുണയാകുന്നത്.

മരണം സംഭവിക്കുമ്പോൾ കുറച്ച് ദിവസത്തേയ്ക്ക് മാത്രം നല്ല നടപ്പുകാരാകും. ഷവർമ്മയെയും കുഴിമന്തിയെയും തള്ളിപ്പറയും. ഭക്ഷ്യസുരക്ഷയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ചർച്ച ചെയ്യും. നിരോധനങ്ങളുണ്ടാകും. പിന്നീട് പതിവുപോലെ ഷവർമ്മയും മയോണൈസിനെയും ഒക്കെ അഗ്‌നിശുദ്ധി വരുത്തി ഇഷ്ടംപോലെ ഭക്ഷിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LAB, FOOD, FOOD POISONING, FOOD POISON, FISH, MILK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.