ലണ്ടൻ: മുൻ ന്യൂസിലാൻഡ് ക്യാപ്ടൻ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് ഇന്ന് വൈകിട്ടോടെ പ്രഖ്യാപനമുണ്ടായത്. നിലവിൽ ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകനായ അദ്ദേഹം സീസണിനൊടുവിൽ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും. ക്രിസ് സിൽവർവുഡിന്റെ പിൻഗാമിയായിട്ടാണ് ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാനത്തേക്ക് മക്കല്ലം എത്തുന്നത്.
Say hello to our new boss! 👋@Bazmccullum | #EnglandCricket pic.twitter.com/T6CiX5OgE5
— England Cricket (@englandcricket) May 12, 2022
ജൂണിൽ ലോർഡ്സിൽ വച്ച് തന്റെ സ്വന്തം ടീമായ ന്യൂസിലാൻഡിനെതിരെ നടക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഹെഡ് കോച്ചായി ചുമതലയേൽക്കുന്ന മക്കല്ലത്തെ കാത്തിരിക്കുന്ന ആദ്യ ദൗത്യമെന്നതാണ് മറ്റൊരു പ്രത്യേകത.
ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ മാനേജിംഗ് ഡയറക്ടറായി മുൻ ക്യാപ്ടൻ റോബ് കീ ചുമതലയേറ്റതോടെ ടീമിൽ മൊത്തത്തലുള്ള മാറ്റങ്ങളാണ് പ്രകടമാവുന്നത്. ടീമിന്റെ പുതിയ ക്യാപ്ടനായി ബെൻ സ്റ്റോക്സിനെ കഴിഞ്ഞയാഴ്ച നിയമിച്ചതിന് പിന്നാലെയാണ് ഇപ്പോൾ മക്കല്ലത്തിന്റെ വരവ്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ സിഇഒ ടോം ഹാരിസൺ, പുരുഷ ക്രിക്കറ്റ് എംഡി റോബ് കീസ, സ്ട്രാറ്റജിക് അഡ്വൈസർ ആൻഡ്രൂ സ്ട്രോസ്, പെർഫോമൻസ് ഡയറക്ടർ മോ ബോബാറ്റ് എന്നിവരടങ്ങുന്ന പാനലാണ് മക്കല്ലത്തെ കോച്ചായി തിരഞ്ഞെടുത്തത്.
ഈ സ്ഥാനത്തെത്താനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് മക്കല്ലം പ്രതികരിച്ചു. ഈ റോൾ ഏറ്റെടുക്കുമ്പോൾ, ടീം ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച് എനിക്ക് നന്നായി അറിയാം. ടീമിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"I'm no stranger to bringing about change within a team environment, and I can't wait to get started."
— England Cricket (@englandcricket) May 12, 2022
കരിയറിൽ ന്യൂസിലൻഡിനായി മക്കല്ലം ഏകദേശം 101 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2012ൽ ന്യൂസിലാൻഡിന്റെ നായകനായി ചുമതലയേറ്റ മക്കല്ലം 2016 ൽ വിരമിക്കുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു.
കഴിഞ്ഞ ഒമ്പത് ടെസ്റ്റുകളിൽ ഒന്നിൽ പോലും വിജയം കാണാത്ത ഇംഗ്ലണ്ട് അവസാനം കളിച്ച 17 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ജയിച്ചത്. ഈ കിതപ്പിൽ നിന്ന് ടീമിനെ തിരികെകൊണ്ടുവരികയെന്ന ദൗത്യമാണ് പുതിയ ക്യാപ്ടന്റെയും കോച്ചിന്റെയും മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |