തിരുവനന്തപുരം: ഓഫീസർമാരെ ഡയറക്ടർമാരായി നിയമിക്കേണ്ടെന്ന ശുപാർശ കമ്പനി നൽകിയിട്ടില്ലെന്ന് കെ.എസ്.ഇ.ബി. സി.എം.ഡി ഡോ. ബി. അശോക് അറിയിച്ചു. എന്നാൽ, ഡയറക്ടർ ബോർഡിലെ സാങ്കേതിക വിദഗ്ദ്ധരെ നിയമിക്കാൻ കമ്പനി 2021 നവംബർ 20 ന് ശുപാർശ ചെയ്തിരുന്നു. അത് സർക്കാരിന്റെ പരിഗണനയിലാണ്. തീരുമാനമായിട്ടില്ല.
മേയ് മാസത്തിൽ ഡയറക്ടർ ബോർഡിലെ മൂന്ന് ഒഴിവുകളിലേക്കാണ് നിയമനം നടത്തേണ്ടത്. സാധാരണ കെ.എസ്.ഇ.ബി.യിലെ ചീഫ് എൻജിനിയർമാരെയാണ് പരിഗണിക്കുന്നത്. എന്നാൽ,
ആകെയുള്ള 18 ചീഫ് എൻജിനിയർമാരിൽ 12 പേരും ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരിൽ 25 പേരും മേയിൽ ഒരുമിച്ചു വിരമിക്കുന്നതിനാൽ കോർപ്പറേറ്റ് ഓഫീസിൽ പരിചയസമ്പന്നരായ ഓഫീസർമാരെ ഡയറക്ടർമാരാക്കാൻ ലഭ്യമല്ല.
ഓഫീസർമാർക്കൊപ്പം റെയിൽവേസ് ഓഡിറ്റ്, അക്കൗണ്ട്സ്, ഇൻകം ടാക്സ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയും ഐ.എ.എസ് ഉദ്യോഗസ്ഥരെയും ഡയറക്ടർ/ സി.എം.ഡി പദവികളിൽ നിയമിക്കാറുണ്ട്. ചട്ടപ്രകാരം ഇത് അനുവദനീയമാണെന്ന് ചെയർമാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |