ലണ്ടൻ : ബ്രിട്ടണിലെ ഇന്ത്യൻ ഭക്ഷണശാലയിൽ 48.1 ലക്ഷം രൂപ ( 62,000 ഡോളർ ) ടിപ്പ് നൽകി ഞെട്ടിച്ച് ഹോളിവുഡ് സൂപ്പർ താരം ജോണി ഡെപ്പ്. സുഹൃത്തും ഗിറ്റാറിസ്റ്റുമായ ജെഫ് ബെക്കിനൊപ്പം ബ്രിട്ടൺ പര്യടനത്തിലുള്ള ഡെപ്പ് ബർമിംഗ്ഹാമിൽ പ്രവർത്തിക്കുന്ന വാരണാസി എന്ന ഇന്ത്യൻ ഭക്ഷണശാലയിലെ ജീവനക്കാർക്ക് ടിപ്പായി ഡെപ്പ് നൽകിയത്. ബർമിംഗ്ഹാമിലെ ഏറ്റവും വലിയ ഇന്ത്യൻ റെസ്റ്റോറന്റാണിത്. അവിചാരിതമായി റെസ്റ്റോറന്റിലെത്തിയ ഡെപ്പിനെയും ജെഫ് ബെക്കിനെയും തങ്ങളുടെ സ്പെഷ്യൽ വിഭവങ്ങളെല്ലാം വിളമ്പിയാണ് ജീവനക്കാർ സ്വീകരിച്ചത്. ഭക്ഷണം ഏറെ ആസ്വദിച്ച ഡെപ്പ് റെസ്റ്റോറന്റ് ജീവനക്കാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടാണ് മടങ്ങിയത്.
ജോണി ഡെപ്പിന്റെ സുരക്ഷാ സംഘം റെസ്റ്റോറന്റിലെത്തി പരിശോധന നടത്തിയ ശേഷം പൂർണമായും ജോണി ഡെപ്പിന് വേണ്ടി ബുക്ക് ചെയ്യുകയായിരുന്നു. മൂന്ന് മണിക്കൂറോളം അദ്ദേഹവും സുഹൃത്തുക്കളും അവിടെ ചെലവഴിച്ചു. ജെഫ് ബെക്കടക്കം 21 പേരാണ് ജോണി ഡെപ്പിനോടൊപ്പം ഉണ്ടായിരുന്നത്. മുൻ ഭാര്യയും നടിയുമായ ആംബർ ഹേഡ് നൽകിയ മാനനഷ്ടക്കേസിൽ കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ച ഡെപ്പ്, താൻ പഴയ ജീവിതത്തിലേക്ക് മടങ്ങുന്നതായി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |