ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മിന്നുംവിജയത്തിന് പിന്നാലെ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് വൈ.എസ്. ജഗൻമോഹൻ റെഡ്ഡി, നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ന് സന്ദർശിക്കും. മോദിയുമായി ഇന്നുച്ചയ്ക്കുശേഷം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ഉറപ്പുനൽകുന്നത് ആരായാലും പാർട്ടി അവരെ പിന്തുണയ്ക്കുമെന്നായിരുന്നു ജഗന്റെ നിലപാട്.
അതേസമയം, സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചുകൊണ്ട് ജഗൻമോഹൻ ആന്ധ്രപ്രദേശ് - തെലങ്കാന ഗവർണർ ഇ.എസ്.എൽ നരസിംഹനെ കണ്ടു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു കൂടിക്കാഴ്ച. ഈ മാസം 30ന് അദ്ദേഹം ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി വിജയവാഡയിൽ സത്യപ്രതിജ്ഞ ചെയ്യും. വൈ.എസ്.ആർ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായും ജഗനെ നേരത്തേ തിരഞ്ഞെടുത്തിരുന്നു. മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയെ (ടി.ഡി.പി) അട്ടിമറിച്ച് 175 അംഗ നിയമസഭയിൽ 151 സീറ്റും ജഗൻമോഹന്റെ വൈ.എസ്.ആർ കോൺഗ്രസ് നേടിയിരുന്നു. 25 ലോക്‌സഭാ മണ്ഡലങ്ങളിൽ 22ലും വൈ.എസ്.ആറിന് തന്നെയായിരുന്നു വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |