SignIn
Kerala Kaumudi Online
Thursday, 26 September 2024 9.59 AM IST

പിണറായിക്ക് എന്നോടുള്ള പക ആരംഭിക്കുന്നത് 25 വർഷങ്ങൾക്ക് മുമ്പാണ്, സാഹചര്യം വെളിപ്പെടുത്തി പി സി ജോർജ്

Increase Font Size Decrease Font Size Print Page
pinarayi-pc-george

മുഖ്യമന്ത്രി പിണറായി വിജയന് തന്നോടുള്ള പക തുടങ്ങിയിട്ട് 25 വർഷങ്ങളായെന്ന് പി സി ജോർജ്. ലാവ്‌ലിൻ കേസമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് പി സി ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന കമ്മിറ്റിയിൽ പിണറായി അധിപത്യം ഉറപ്പിച്ച അന്ന് മുതൽ കേരളത്തിൽ കമ്മ്യൂണിസം മരിച്ചുവെന്നും, വി എസ് ഇന്ന് ആരോഗ്യവാൻ ആയിരുന്നുവെങ്കിൽ ആദ്യം ആവശ്യപ്പെടുക പിണറായി വിജയന്റെ രാജിയാണെന്നും പി സി പറയുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'പ്രതികാര ബുദ്ധിയുടെ രണ്ടു പതിറ്റാണ്ട് …

ബഹു കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് എളിയവനായ പി സി ജോർജിനോടുള്ള പകയും പ്രതികാരവും തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല .

രണ്ടു പതിറ്റാണ്ടുകൾക്ക് മുകളിൽ ആയ പിണറായി പകയാണ് ഇന്ന് ഒരു സാധാരണ പൊതുപ്രവർത്തകനായ എന്‍റെ പിന്നാലെ സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രി പോലീസും കേസും കോടതിയുമായി നടക്കുന്നത് .

ഇതിന്റെ ഒക്കെയും ആരംഭം 25 വര്ഷങ്ങള്ക്കു മുൻപ് 96-97ഇൽ അദ്ദേഹം നായനാർ മന്ത്രിസഭയിൽ മന്ത്രി കസേരയിൽ എത്തി ചേർന്നതിനു ശേഷമാണു .

കേരളം കണ്ടതിൽ വെച്ചേറ്റവും മിടുക്കനായ വൈദ്യുതി മന്ത്രിയാണ് ശ്രീ പിണറായി എന്ന് ഞാൻ ആ കാലയളവിൽ നിയമസഭയിൽ പ്രസംഗിക്കുകയുണ്ടായി .

എന്നാൽ അതിനു ശേഷം നടന്ന ലാവ്‌ലിൻ ഇടപാടിൽ പിണറായിയുടെ കൈകൾ ശുദ്ധമല്ല എന്ന് മനസിലാക്കിയ ഞാൻ ഇടതു മുന്നണിയിൽ നിന്നുകൊണ്ട് തന്നെ എന്‍റെ അഭിപ്രായം തിരുത്തുകയും ചെയ്തു .

2001 ഇൽ നിയമസഭാ സബ്ജെക്റ് കമ്മിറ്റി ലാവ്‌ലിൻ ഇടപാടിൽ സംസ്ഥാനത്തിന് ഭീമമായ നഷ്ടം ഉണ്ടായിയെന്നു കണ്ടെത്തുകയും അതിനെ തുടർന്നു പിണറായി വിജയന് എതിരെ പാർട്ടിയിലെ തന്നെ ഒരു പ്രബല വിഭാഗം സാക്ഷാൽ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ ചേരി തിരിയുന്ന സാഹചര്യമുണ്ടായി .

വി എസ്സുമായി എനിക്കുള്ള ബന്ധവും എന്‍റെ ചില സ്‌റ്റേറ്റ്‌മെന്റ്‌സും കൂട്ടിവായിച്ച പിണറായി അന്ന് മുതൽ എന്നെ ശത്രുപക്ഷത്തു നിർത്തി തുടങ്ങി .

അവിടെ തുടങ്ങുന്നു എന്നോടുള്ള പിണറായി പകയുടെ ആദ്യ അദ്ധ്യായം .

2001 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ നയിച്ചത് സഖാവ് വി എസ് . വി എസ്സിന് ഒരു ജനകീയ മുഖം ഇല്ലാതിരുന്ന കാലം . വി എസ് ഒരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രി അവരുതെന്നു തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു മലയാളികൾ . ശക്തമായ ഇടതു വിരുദ്ധ തരംഗം ആഞ്ഞടിച്ചു . 100 സീറ്റിൽ വിജയിച്ചു യു ഡി എഫ് അധികാരത്തിൽ .

തൊടുപുഴയിൽ പി ജെ ജോസഫ് വരെ പരാജയപെട്ടു , ജോസഫ് ഗ്രൂപ്പിൽ നിന്ന് രണ്ടേ രണ്ടു എം എൽ എ മാർ .

കുട്ടനാട് നിന്നും കെ സിയും , പൂഞ്ഞാറിൽ ഞാനും .

വി എസിനൊപ്പം അടിയുറച്ചു നിന്ന ഞാൻ അദ്ദേഹത്തെ മതികെട്ടാൻ ചോലയിലും , മൂന്നാറിലും എത്തിച്ചു പല വമ്പന്മാരുടെയും കയ്യേറ്റങ്ങൾ ഒഴുപ്പിച്ചു .

പിന്നീട് കേരളം കണ്ടത് ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായും , കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ നേതാവുമായിട്ടുള്ള സഖാവ് വി എസ്സിന്റെ പരകായ പ്രവേശമായിരുന്നു .

സി പി എമ്മിലെ വിഭാഗീയത കൊടുമ്പിരി കൊണ്ട് തുടങ്ങിയ കാലവുമായിരുന്നു .

കേരളാ കോൺഗ്രെസ്സുകാരനായ ഞാൻ വി എസ്സിന് വേണ്ടി പക്ഷം പിടിച്ചത് പലരെയും പ്രത്യേകിച്ച് പിണറായി വിജയനെ ചൊടിപ്പിച്ചു .

ഇതേ സമയം തന്നെ ജോസഫ് ഗ്രൂപ്പിലും എനിക്കെതിരെ പടയൊരുക്കം ആരംഭിച്ചു .

പാർട്ടി പിടിച്ചെടുക്കാൻ ഞാൻ ശ്രമിക്കുന്നുവെന്ന് ഔസേപ്പച്ചനെ തെറ്റിദ്ധരിപ്പിച്ചു എന്നെ പുകച്ചു പുറത്തു ചാടിച്ചു . മുൻ മന്ത്രി ജോൺ സാറും(ടി എസ് ജോൺ ) , മുൻ എം എൽ എ ഈപ്പൻ വര്ഗീസ് എന്ന ഈപ്പച്ചായനും എന്നോടൊപ്പം നിന്ന് കേരളാ കോൺഗ്രസ് സെക്കുലർ രൂപീകരിച്ചു . വി എസ്സിന്റെ പിന്തുണയിൽ എൽ ഡി എഫിൽ തന്നെ തുടർന്നു .

ഈ കാലയളവിൽ നടന്ന സി പി ഐ എം ജില്ല സമ്മേളനങ്ങളിൽ 14 ഇൽ 12 ജില്ല കമ്മിറ്റികൾ വി എസ്സിന്റെ ഒപ്പം നിൽക്കുന്ന സാഹചര്യം പിണറായിയെ സംബന്ധിച്ച് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു . അവിടെയും എനിക്കെതിരെ പിണറായിയുടെ പക്കൽ മൊഴി കൊടുക്കുവാൻ ജോസഫ് ഗ്രൂപ്പിലെ ചിലർ ഉണ്ടായിരുന്നു . പിണറായിക്കു എന്നോട് പക കൂടി കൂടി വന്നു .

അതിന്റെ ഫലമായി 2006 തിരഞ്ഞെടുപ്പിന് മുൻപ് ഔസേപ്പച്ചനും പിണറായി വിജയനും ചേർന്നു ഈപ്പച്ചായനെ അടർത്തിയെടുത്തു പാർട്ടി വീണ്ടും പിളർന്നെന്നു വരുത്തി തീർത്തു എനിക്ക് സീറ്റ് നിഷേധിക്കാൻ ഒരു ശ്രമം നടത്തി .

അപ്പോളും വി എസ്സും കോട്ടയം ജില്ല കമ്മിറ്റിയും എനിക്ക് വേണ്ടി വാദിച്ചു പൂഞ്ഞാറിൽ ഞാൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .അവിടം കൊണ്ട് പകയുടെ രണ്ടാം അദ്ധ്യായം തീർന്നു എന്ന് ഞാൻ വിചാരിച്ചെങ്കിലും അടുത്ത ഭാഗം പിണറായി തുടങ്ങി .

ഞാൻ മന്ത്രിസഭയിൽ ഉണ്ടാവണമെന്ന്

വി എസ് നിർബന്ധം പിടിച്ചെങ്കിലും പിണറായി ശക്തമായി എതിർക്കുകയും ഒറ്റ എം എൽ എ പാർട്ടികൾക്ക് മന്ത്രിസ്ഥാനം കൊടുക്കരുത് എന്നൊരു തീരുമാനം സി പി എം സെക്രട്ടറിയേറ്റ് എടുക്കുന്ന സാഹചര്യമുണ്ടായി .

പിന്നീട് എന്‍റെ ആരോപണങ്ങളിൽ പി ജെ ജോസ്ഫ്ഉം കുരുവിളയും മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ട സാഹചര്യം വരുകയും അതിന്റെ പേരിലെന്ന വ്യാജേന എന്നെ എൽ ഡി എഫിൽ നിന്നും പുറത്താക്കി ശേഷം പാർട്ടി നയം മാറ്റി കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രിയാക്കുന്നതും കേരളം കണ്ടു .

യഥാർത്ഥത്തിൽ അന്നും പിണറായിയുടെ ഭയം ലാവ്‌ലിൻ കേസിൽ ഞാനും വി എസ്സും പിണറായിക്കു എതിരെ ഗൂഢാലോചന നടത്തുന്നുണ്ടോ എന്നതും ജനകീയനായ വി എസ് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തു എത്തുമോ എന്നുമായിരുന്നു . എനിക്ക് പിന്നാലെ ജോസഫ് ഗ്രൂപ് മാണി ഗ്രൂപ്പിൽ ലയിച്ചതോടെ ഫലത്തിൽ നാല് നിയമസഭാ സീറ്റുകൾ ഇടതു പക്ഷത്തിനു തോൽവി ഉറപ്പാവുകയും രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു .

യു ഡി എഫ് മന്ത്രിസഭയിൽ എന്‍റെ ചില ആരോപണങ്ങളുടെ പേരിൽ മൂന്ന് മന്ത്രിമാർ വെയ്ക്കുകയും അതിനെ തുടർന്നു യു ഡി എഫിൽ നിന്നും പുറത്താവേണ്ടി വരുന്ന സാഹചര്യത്തിൽ എനിക്ക് രാഷ്ട്രീയ അഭയം വാഗ്ദ്ധാനം ചെയ്തുകൊണ്ട് പിണറായി മധുരം പുരട്ടി പകയുടെ അടുത്ത അദ്ധ്യായം തുടങ്ങി .

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എന്നെ കൂടെ കൂട്ടി കോട്ടയം ജില്ലയിലെ പല യു ഡി എഫ് കോട്ടകളും പിടിച്ചെടുത്തു . അടുത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിലെ ഇടതു സ്ഥാനാർത്ഥിയായി എന്നെ ഇടതു പ്രവർത്തകർ അവരോധിച്ചു കഴിഞ്ഞിരുന്നു . എന്നാൽ അവിടെയും പിണറായിയുടെ പക വിജയിച്ചു . എനിക്ക് സീറ്റ് നിഷേധിക്കുകയും സ്വതന്ത്രനായി മത്സരിച്ച എനിക്കെതിരെ പ്രചാരണത്തിന് മൂന്നു തവണ പിണറായി പൂഞ്ഞാറിലെത്തുക വരെ ചെയ്തു .

ഇടതു മുന്നണിക്ക് പൂഞ്ഞാറിൽ കെട്ടി വെച്ച ക്യാഷ് നഷ്ടപ്പെടുകയും ഞാൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്‌തത്‌ മുഖ്യമന്ത്രിയായെങ്കിലും പിണറായിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .

പിന്നീട് ശബരിമല വിഷയത്തിൽ വിശ്വാസികളോടൊപ്പം നിന്നതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഹിറ്റ് ലിസ്റ്റിൽ എന്‍റെ പേര് ഒന്നാമതായി .പിന്നീട് തീവ്ര സംഘടനകളെ കൂട്ട് പിടിച്ചു ഒരു സമുദായത്തെ എനിക്കെതിരാക്കി പൂഞ്ഞാറിൽ എന്‍റെ പരാജയം ഉറപ്പാക്കാൻ പിണറായിക്കു സാധിച്ചു .

തീവ്ര സംഘടനകൾ വഴി സമുദായ പ്രീണനം നടത്തി തിരഞ്ഞെടുപ്പുകൾ ജയിച്ച ആവേശത്തിൽ തൃക്കാക്കരയിലും അതേ തന്ത്രം പ്രയോഗിച്ചു നൂറു സീറ്റ് നേടി കസേരയിൽ അമർന്നിരിക്കാൻ പിണറായിയും ഫാരിസ് അബൂബക്കർ നയിക്കുന്ന സ്ട്രാറ്റജി മാനേജ്‌മന്റ് ടീമും കണ്ടെത്തിയ വഴിയാരുന്നു എന്‍റെ രണ്ടു അറസ്റ്റുകളും കോലാഹലവും .

ആ തന്ത്രം അമ്പേ പരാജയപ്പെട്ടിരിക്കുന്ന സമയത്താണ് സ്വപ്ന കോടതിയിൽ രഹസ്യ മൊഴി കൊടുക്കുവാൻ പോവുന്നു എന്ന വാർത്തകൾ വന്നു തുടങ്ങിയത് .

തനിക്കെതിരെ സ്വപ്ന മൊഴി കൊടുക്കും എന്നുറപ്പുണ്ടായിരുന്ന പിണറായി ഇതെല്ലാം പി സി ജോർജിന്റെ ഗൂഢാലോചനയെന്ന് വരുത്തി തീർക്കാൻ സ്വപ്ന മൊഴി നൽകിയ അതേ ദിവസം ചോദ്യം ചെയ്യലിന് ഹാജരാവാൻ തിരുവനന്തപുരത്തുണ്ടായിരുന്ന എന്നെ സരിതയെ ഉപയോഗിച്ച് വിളിച്ചു .

ആ കാൾ റെക്കോർഡിങ് അന്ന് തന്നെ ചാനലുകളിൽ കൊടുത്തു ഗൂഢാലോചന തിയറി ഉയർത്തി സൈബർ പോരാളികളെ അഴിച്ചു വിട്ടു രക്ഷപെടാനുള്ള പിണറായിയുടെ അവസാന അടവ് മാത്രമായിരുന്നു . അതിന്റെ പേരിൽ എനിക്കെതിരെ വീണ്ടും കേസ് .

മിസ്റ്റർ പിണറായി , നിങ്ങൾക്ക് എന്നോടുള്ള പക എനിക്ക് സഖാവ് വി എസ്സുമായിട്ടുള്ള ആത്മബന്ധം ഒന്ന് കൊണ്ട് മാത്രമാണ് .

നിങ്ങൾ ഭയന്നതും വി എസ്സിനെയാണ് ,

വി എസ്സിന്റെ ജനകീയതയെയാണ് .

2016ൽ വി എസ്സിന് സീറ്റ് നൽകാതെ മാറ്റി നിർത്തിയപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പ്രകടനങ്ങൾക്ക് തുടക്കം കുറിച്ചത് വി എസ്സിന്റെ കന്റോണ്മെന്റിൽ ഹൗസിൽ നിന്നു എന്‍റെ പാർട്ടി പ്രവർത്തകർ തുടങ്ങി വെച്ച പ്രകടനം ആയിരുന്നു . അന്ന് നിങ്ങൾ ആഗ്രഹിച്ച മുഖ്യമന്ത്രി സ്ഥാനം നിങ്ങൾക്ക് നഷ്ടപ്പെട്ടു .

സംസ്ഥാന കമ്മിറ്റിയിൽ നിങ്ങൾ അധിപധ്യം ഉറപ്പിച്ച അന്ന് മുതൽ ഇവിടെ കമ്മ്യൂണിസം മരിച്ചു . പിണറായിസമാണ് നടപ്പിലാവുന്നത് . വി എസ് ഇന്ന് ആരോഗ്യവാൻ ആയിരുന്നുവെങ്കിൽ നിങ്ങളുടെ രാജി ആദ്യം ആവശ്യപ്പെടുക അദ്ദേഹമായിരിക്കും .

കാരണം , ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരു കമ്മ്യൂണിസ്റ്റ് , യഥാർത്ഥ കമ്മ്യൂണിസ്റ്റ് വി എസ് മാത്രമാണ്' .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PCGEORGE, PINARAYI VIJAYAN, FACEBOOK POST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.