തിരുവനന്തപുരം: മണം പിടിക്കുന്നതിൽ മിടുമിടുക്കി ആയതിനാൽ തിരുവനന്തപുരം പൊലീസ് ഡോഗ് സ്‌ക്വാഡിലെ കില്ലാടിയാണ് ലക്കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളുടെ സുരക്ഷാചുമതല 'അവൾ'ക്കാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള കെ-9 ഡോഗ് സ്‌ക്വാഡിലെ ജൂനിയർ നായയാണ് ബീഗിൾ ഇനത്തിൽപ്പെട്ട ലക്കി.
മുഖ്യമന്ത്രിയുടെ വി.വി.ഐ.പി ഡ്യൂട്ടിയിലാണ് കക്ഷി ഇപ്പോൾ. വിമാനത്തിൽ വരെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം അരങ്ങേറിയതോടെ സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായാണ് ലക്കിയെ സുരക്ഷാസംഘത്തിൽ നിയോഗിച്ചത്. സ്നിഫർ, ട്രാക്കർ, കഡാവർ ഇനങ്ങളിൽപ്പെട്ട ഒരു ഡസനോളം നായ്ക്കൾ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലുണ്ടെങ്കിലും മണം പിടിക്കുന്നതിൽ ലക്കിയാണ് നമ്പർ വൺ. വാഹനങ്ങളിലോ ബാഗുകളിലോ മനുഷ്യശരീരത്തിലോ എന്നുവേണ്ട എവിടെയെങ്കിലും സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ നിഷ്പ്രയാസം ലക്കി കണ്ടെത്തും. ഒരുവർഷം മുമ്പാണ് ബീഗിളെന്ന വിദേശ ഇനത്തിൽപ്പെട്ട അഞ്ച് നായ്ക്കളെ കേരള പൊലീസിന്റെ ഡോഗ് സ്ക്വാഡിൽ ഉൾപ്പെടുത്തി പരിശീലനം നൽകിയത്. ഇതിലൊന്നാണ് ലക്കി.
കാഴ്ചയിൽ പേടി തോന്നുന്ന ഭീമൻ നായ്ക്കളിൽ പലതും അൽപ്പസമയം ജോലി ചെയ്താൽ തളരും.കാഴ്ചയിൽ പാവമായ ബീഗിൾ നായ്ക്കൾ ഊർജസ്വലരായി മണിക്കൂറുകളോളം ഡ്യൂട്ടി ചെയ്യും. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, പദ്മനാഭ സ്വാമി ക്ഷേത്രം,സെക്രട്ടറിയേറ്റ് തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം ഇപ്പോൾ ലക്കിയുടെ ബീറ്റാണ്. ഒരുവർഷത്തെ സർവ്വീസിൽ പരിശോധനയിൽ പിഴവുകളൊന്നും ഇല്ലെന്ന ഏമാൻമാരുടെ ഗുഡ് സർട്ടിഫിക്കറ്റിലാണ് ലക്കിയുടെ ലക്ക്. ശങ്കർ, രജീഷ് എന്നിവരാണ് ലക്കിയുടെ ഹാൻഡ്ലർമാർ.
അസാധാരണ ഘ്രാണശേഷി.
വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന ബീഗിളിനെ പെറ്റ് ഡോഗായും വളർത്തുന്നു.
ഉയരം തീരെകുറവ്. വളർച്ചയും കുറവാണ്.
മിതഭക്ഷണക്കാരാണ്.
വിമാനത്തിന്റെ എൻജിൻ റൂം, കോക്ക് പിറ്റ്, ലഗേജ് കാബിൻ എന്നിവിടങ്ങളിൽ പരിശോധനയ്‌ക്ക് നിയോഗിക്കാം.
ഫോട്ടോ- നിശാന്ത് ആലുംകാട്