SignIn
Kerala Kaumudi Online
Saturday, 16 May 2026 4.45 PM IST

ബിരുദ പരീക്ഷ കഴിഞ്ഞ് മുപ്പത് ദിവസത്തിനകം ഫലം, പിറ്റേന്ന് മാർക്ക് ലിസ്റ്റ്, സർവകലാശാല പരീക്ഷാ പരിഷ്കരണ സമിതി ശുപാർശ

university-exam

തിരുവനന്തപുരം: ബിരുദ, ബിരുദാനന്തര പരീക്ഷകൾ കഴിഞ്ഞ് 30 ദിവസത്തിനകം ഫലം പ്രസിദ്ധീകരിച്ച്, അടുത്തദിവസംതന്നെ മാർക്ക് ലിസ്റ്റ് കുട്ടികൾക്ക് നൽകണമെന്ന് സർക്കാർ നിയോഗിച്ച സർവകലാശാല പരീക്ഷാ പരിഷ്കരണ സമിതിയുടെ അന്തിമ റിപ്പോർട്ടിൽ ശുപാർശ. വിദ്യാർത്ഥികൾക്ക് ആധാർ നമ്പർ മാതൃകയിൽ യുണീക്ക് ഐ.ഡി നമ്പർ നൽകണം. എം.ജി സർവകലാശാല പി.വി.സി ഡോ.സി.ടി. അരവിന്ദകുമാർ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട്

ഇന്ന് സർക്കാരിന് കൈമാറും.

സർട്ടിഫിക്കറ്റുകൾ അപേക്ഷിച്ച് 15ദിവസത്തിനകം ലഭ്യമാക്കണം. കുട്ടികൾ പ്രവേശനം നേടുന്നതു മുതലുള്ള വിവരങ്ങളെല്ലാം ഉൾപ്പെടുത്തി സ്റ്റുഡന്റ്സ് ലൈഫ് സൈക്കിൾ ഉണ്ടാക്കണം. പരീക്ഷകൾ, മാർക്കുകൾ, സർട്ടിഫിക്കറ്റുകൾ, നേടിയ യോഗ്യതകൾ എന്നിവയെല്ലാം ഇതിലുണ്ടാകണം. ഏത് അപേക്ഷയിലും പത്താംക്ലാസ് മുതലുള്ള അക്കാഡമിക് വിവരങ്ങൾ പരിശോധിക്കുന്നത് ഇതിലൂടെ ഒഴിവാക്കാനാകും. ജോലിക്കുള്ള വെരിഫിക്കേഷനും എളുപ്പത്തിലാകും.

മൂല്യനിർണയം വേഗത്തിലാക്കാൻ ഉത്തരക്കടലാസുകൾ പരീക്ഷാകേന്ദ്രത്തിൽ തന്നെ സ്കാൻ ചെയ്ത് സോഫ്‌റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യുകയും അദ്ധ്യാപകർ ഡിജിറ്റലായി മൂല്യനിർണയം നടത്തുകയും ചെയ്യുന്ന ഓൺസ്ക്രീൻ ഇവാലുവേഷൻ സംവിധാനം നടപ്പാക്കണം. പുനർമൂല്യ നിർണയം 15ദിവസത്തിനകം പൂർത്തിയാക്കണം.

എല്ലാ കോഴ്സുകൾക്കും ചോദ്യപേപ്പർ ബാങ്കുണ്ടാക്കണം. ബിരുദകോഴ്സുകളിൽ ആദ്യ സെമസ്റ്ററുകളുടെയും പി.ജി കോഴ്സുകളിൽ ഒന്നിടവിട്ട സെമസ്റ്ററുകളുടെയും പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും കോളേജുകൾക്ക് നൽകണം. ചോദ്യപേപ്പർ തയ്യാറാക്കുന്നത് സർവകലാശാലയായിരിക്കണം. മൂല്യനിർണയം കോളേജുകളിലെ അദ്ധ്യാപകർ നടത്തണം. ക്രമക്കേട് തടയാൻ 20ശതമാനം ഉത്തരക്കടലാസുകൾ സർവകലാശാല പുറത്ത് പരിശോധിക്കണം.

വിദ്യാർത്ഥികളുടെ ഓർമ്മ പരിശോധനയ്ക്കു പകരം എന്ത് മനസിലാക്കിയെന്ന് പരിശോധിക്കുന്നതാവണം പരീക്ഷകൾ. കോളേജുകളിൽ ഇന്റേണൽ മാർക്ക് 40 ശതമാനമാക്കണം. ഭാവിയിൽ 50 ശതമാനവും. ഓപ്ഷനുകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുക്കാവുന്ന ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തണം. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഓപ്പൺബുക്ക് പരീക്ഷകൾ നടപ്പാക്കണം. പുനർമൂല്യനിർണയം പൂർണമായി ഓൺസ്ക്രീനാക്കണം. അപേക്ഷിക്കുന്നവരുടെ ഉത്തരക്കടലാസ് സ്കാൻ ചെയ്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.

കോപ്പിയടിച്ചാൽ ഇറക്കിവിടരുത്

 കോപ്പിയടി പിടികൂടിയാൽ കുട്ടിയെ പരീക്ഷാഹാളിൽ നിന്ന് ഇറക്കിവിടരുത്. ക്രമക്കേട് കാട്ടിയ ഉത്തരക്കടലാസ് വാങ്ങി പകരം മറ്റൊന്ന് നൽകണം. ബാക്കി ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ അനുവദിക്കണം.

 അന്വേഷണത്തിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ കോപ്പിയടിച്ച പേപ്പറിന്റെ പരീക്ഷ മാത്രം റദ്ദാക്കണം. നിലവിൽ എല്ലാ പരീക്ഷകളും റദ്ദാക്കുകയാണ് ചെയ്യുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UNIVERSITY EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA