SignIn
Kerala Kaumudi Online
Monday, 05 October 2026 4.49 AM IST

അടൂർ ഗാന്ധി പാർക്ക് , സ്മാരകമാണ് സ്മരണവേണം

1
ഗാന്ധി പാർക്കിന്റെ പ്രധാന കവാടം.

അടൂർ : ചരിത്രത്തിന്റെ പിൻബലമുണ്ട്. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന അടയാളപ്പെടുത്തലുകൾ ഏറെയും. അടൂരിന്റെ ചരിത്രത്തിനൊപ്പം ഗാന്ധി പാർക്കിനെ ചേർത്തുവയ്ക്കാതിരിക്കാനാവില്ല. എന്നാൽ ഇന്ന് ഗാന്ധി പാർക്ക് അവഗണനയുടെ സ്മാരകമാണ്. ഗാന്ധി പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾക്കുള്ള അനുമതി വൈകുന്നു. ധനകാര്യ വകുപ്പിന്റെ പരിഗണനയിൽ ചുറ്റിക്കറങ്ങുകയാണ് നവീകരണ ഫയൽ. അടൂരിന്റെ അടയാളപ്പെടുത്തലായ സ്മാരകത്തോട് കാട്ടുന്ന അവഗണന പൊറുക്കാനാകുമോ?.

സെൻട്രൽ ടോളും സെൻട്രൽ മൈതാനവും കടന്ന്

ജവഹർലാൽ നെഹ്റു, നീലം സഞ്ജീവ് റെഡ്ഡി , വി.കെ.കൃഷ്ണമേനോൻ , ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് , എൽ.കെ.അദ്വാനി തുടങ്ങി ഒട്ടനവധി ദേശീയ നേതാക്കളുടെ പ്രസംഗത്തിനു വേദിയായിട്ടുണ്ട് സെൻട്രൽ മൈതാനം. ആയിരങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്ന വിസ്തൃതി ആദ്യകാലങ്ങളിൽ മൈതാനത്തിനുണ്ടായിരുന്നു. റോഡിന് വീതി കൂട്ടിയപ്പോൾ മൈതാനം ചുരുങ്ങി.

സെൻട്രൽ ടോൾ - രാജഭരണകാലത്ത് ടോൾ പിരിവ് ഉണ്ടായിരുന്നതിനാലാണ് ഈ പേര് കിട്ടിയത്. നികന്ന് തുടങ്ങിയ ഒരു കുളമായിരുന്നു ഇവിടം. ഗാന്ധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പൗരയോഗം ചേർന്നത് ഇവിടെയാണ്. കുളം പൂർണമായും നികന്നതോടെ മൈതാനമായി. നിർമ്മിതിയും റവന്യൂ വകുപ്പും ചേർന്ന് നവീകരണ പ്രവർത്തനങ്ങൾ നടത്തി ഗാന്ധിസ്മൃതി എന്ന് നാമകരണം ചെയ്തിട്ട് 27 വർഷമായി.

നശീകരണം ഇങ്ങനെ

രഥചക്രം പിടിപ്പിച്ച മതിലിന്റെ ഒരുഭാഗം തകർന്നുവീണു. മരങ്ങൾക്ക് ചുറ്റും നിർമ്മിച്ച കൽക്കെട്ട് പൊളിഞ്ഞു. തറയോടുകൾ ഇളകി. ജലധാര കൊതുക് വളർത്തൽ കേന്ദ്രമായി. വടക്കുഭാഗത്തുള്ള സചിവോത്തമ വിളക്ക് മരം നശിക്കുന്നു. മാലിന്യങ്ങൾ മൈതാനത്ത് തള്ളുന്നു. കവാടത്തിലെ മുറിയുടെ കൊത്തുപണികളിലുള്ള കതക് തീയിട്ട് നശിപ്പിച്ചു. പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പൊളിഞ്ഞ് വീണു. മതിനോട് ചേർന്ന് മലിന ജലം കെട്ടിക്കിടക്കുന്നു. റേഡിയോ കിയോസ്ക് അപകടാവസ്ഥയിലും.

നവീകരണത്തിന് 60 ലക്ഷം

മരങ്ങൾ സംരക്ഷിച്ച് പഴമയുടെ പ്രൗഢി നിലനിറുത്തി വിപുലമായ പദ്ധതി തയാറാക്കി സർക്കാരിന് സമർപ്പിച്ചു. ഹാബിറ്റാറ്റാണ് പദ്ധതി തയ്യാറാക്കിയത്.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നുമാണ് തുക. എന്നാൽ നിർമ്മാണത്തിന് ഇതുവരെ അനുമതി ലഭിച്ചില്ല.

ഗാന്ധി പാർക്കിന്റെ നവീകരണത്തിന് പദ്ധതി തയ്യാറാക്കിയത് ഹാബിറ്റാറ്റാണ്. പദ്ധതി സംബന്ധിച്ച് ധനകാര്യ വകുപ്പ് കൂടുതൽ വ്യക്തത തേടിയിരുന്നു. ഉടൻ അനുമതി ലഭിക്കും.

ചിറ്റയം ഗോപകുമാർ,

ഡെപ്യൂട്ടി സ്പീക്കർ.

ഐ ലവ് യു അടൂർ എന്നതാണ് ഗാന്ധി പാർക്കിന്റെ നവീകരണം സംബന്ധിച്ച് നഗരസഭയുടെ കാഴ്ചപ്പാട്. പഴമ ചോരാതെ അടൂരിന്റെ സാംസ്കാരിക തനിമ നിലനിറുത്തി സംരക്ഷിക്കും. കലാപരിപാടികൾ അവതരിപ്പിക്കാനും സംസ്കാരിക പ്രവർത്തകർക്ക് ഒത്തുകൂടാനുള്ള ഇടമായും ഗാന്ധി പാർക്കിനെ മാറ്റും.

ഡി.സജി. നഗരസഭാ ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL