SignIn
Kerala Kaumudi Online
Thursday, 19 September 2024 6.32 PM IST

നമ്പി നാരായണനായി ജീവിച്ച് മാധവൻ; മികച്ചൊരു ബയോപിക്, റോക്കട്രി, റിവ്യൂ

Increase Font Size Decrease Font Size Print Page
rocketry-the-nambi-effect

ഐ എസ് ആർ ഒ ചാരക്കേസ് ആസ്പദമാക്കി ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ 27 വയസ് മുതൽ 70 വയസുവരെയുള്ള 43 വർഷത്തെ ജീവിതകഥ പറയുന്ന റോക്കട്രി: ദി നമ്പി ഇഫക്‌ട് എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആർ മാധവൻ എന്ന നടൻ നമ്പി നാരായണൻ എന്ന കഥാപാത്രമായി പരകായപ്രേവേശം ചെയ്യുന്ന ചിത്രം അടുത്തകാലത്തിറങ്ങിയ ബയോപിക്കുകളിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നെന്ന ഖ്യാതി സ്വന്തമാക്കുമെന്നത് തീർച്ച. രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ട ഒരു മനുഷ്യന്റെ 24 വർഷം നീണ്ട നിയമപോരാട്ടവും അഭിമുഖീകരിക്കേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങളുമാണ് റോക്കട്രിയുടെ ഇതിവൃത്തം.

rocketry-the-nambi-effect

ആഖ്യാനരൂപേണയാണ് ചിത്രം പ്രേക്ഷകന് മുന്നിലെത്തുന്നത്. ഒരു അഭിമുഖത്തിലൂടെ നമ്പി നാരായണൻ തന്റെ ജീവിതം തുറന്നുകാട്ടുകയാണ്. സൂര്യയാണ് അവതാരകന്റെ വേഷത്തിലെത്തുന്നത്. ശാസ്ത്രജ്ഞനെന്ന നിലയിൽ ഘട്ടം ഘട്ടമായി വിജയങ്ങളുടെ പടവ് കയറി മുന്നേറുന്ന നമ്പിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഗതി മാറ്റുന്നത്.

രാജ്യത്തിന്റെ ഉന്നതിയ്ക്കും ശാസ്ത്രത്തിന്റെ മുന്നേറ്റത്തിനുമായി അശ്രാന്തം പരിശ്രമിക്കുന്ന ഒരു ശാസ്ത്രജ്ഞൻ. നാസ മുന്നോട്ടു വച്ച സ്വപ്നതുല്യമായ ഓഫർ വേണ്ടെന്ന് വയ്ക്കാൻ ധൈര്യം കാണിച്ച രാജ്യസ്നേഹി. നമ്പി നാരായണന് രാജ്യത്തിന്റെ വളർച്ചയായിരുന്നു എല്ലാം. സാങ്കേതികവിദ്യയ്ക്കും ഉപകരണങ്ങൾക്കുമായി മറ്റ് രാജ്യങ്ങളോട് യാചിക്കേണ്ടി വരുന്ന കാലം ഇല്ലാതാവുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ട് ശാസ്ത്രപുരോഗതിക്കായി തന്റെ കുടുംബജീവിതം പോലും വേണ്ടത്ര പരിഗണിക്കാതെ അയാൾ പ്രവർത്തിക്കുകയാണ്. ശാസ്ത്രലോകത്ത് ഇന്ത്യയ്ക്ക് സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാവണം എന്ന ലക്ഷ്യത്തോടെ അയാൾ വിഖ്യാതരായ ശാസ്ത്രജ്ഞരുടെ സഹായം തേടുന്നു. പഠനങ്ങൾ നടത്തുന്നു. കരാറുകൾ കൈമാറുന്നു. എന്നാൽ സ്വപ്നം നിർ‌ണായക ഘടത്തിലെത്തിനിൽക്കുന്ന സമയത്താണ് അയാളുടെ ജീവിതത്തിലെ കറുത്ത ദിനങ്ങൾ ആരംഭിക്കുന്നത്.

ചാരനായി മുദ്രകുത്തപ്പെട്ട് പൊലീസുകാരിൽ നിന്നും നരകതുല്യമായ പീഡനം അനുഭവിച്ച് ചുറ്റും നിന്ന് കുത്തുവാക്കുകളും മറ്റും കേട്ട് അപമാനിതനായി തലക്കുനിക്കേണ്ടി വന്ന നാളുകളായിരുന്നു പിന്നീട്. അയാൾക്ക് മാത്രമല്ല കുടുംബത്തിനും കൊടിയപീ‌ഡനവും അപമാനവും നേടിടേണ്ടി വരുന്നു. എന്നാൽ തനിക്ക് മേൽ ചാർത്തപ്പെട്ട കളങ്കം കഴുകിക്കളയാനും രാജ്യദ്രോഹി എന്ന പേരിൽ നിന്നും മോചനം നേടാനും നമ്പി നിയമപോരാട്ടം ആരംഭിക്കുകയാണ് പിന്നീട്. ഒടുവിൽ വിധി അയാൾക്കനുകൂലമാവുന്നു. കുത്തിനോവിച്ചവർത്തന്നെ നമ്പി നാരായണനെ തൊഴുകൈകളോടെ നമിക്കുന്നു.

rocketry-the-nambi-effect

ഐഎസ്ആർഒ ചാരക്കേസിലെ കുറ്റാരോപിതരായ മറിയം റഷീദ, ഫൗസിയ ഹസൻ, കേരള പൊലീസിലെ ഉദ്യോഗസ്ഥർ, കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥൻ എന്നിവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. നമ്പി നാരായണൻ എന്ന കഥാപാത്രമായി ആർ മാധവൻ ജീവിക്കുകയായിരുന്നു ചിത്രത്തിൽ. നമ്പിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ അദ്ദേഹത്തിന്റെ മേക്ക് ഓവർ ഏറെ പ്രശംസനീയമാണ്. നമ്പി നാരായണൻ തന്നെ മുന്നിൽവന്നു നിൽക്കുകയാണെന്ന് തോന്നിപ്പോകുന്നവിധമായിരുന്നു മാധവന്റെ രൂപമാറ്റം.

നമ്പിയുടെ ഭാര്യയായ മീനയായി സിമ്രാൻ ആണ് എത്തിയത്. പതിനഞ്ച് വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും റോക്കട്രിക്കുണ്ട്. വിക്രം സാരാഭായ്, എ പി ജെ അബ്ദുൾ കലാം എന്നിങ്ങനെ ഇന്ത്യൻ ശാസ്ത്രലോകത്തെ പ്രമുഖരും ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ സൂര്യയുടെ വേഷം കൈകാര്യം ചെയ്തത് ഷാരൂഖ് ഖാനാണ്. ചിത്രത്തിന്റെ ഒടുവിൽ നമ്പി നാരായണൻ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന രംഗം ഏവരുടെയും കണ്ണുനനയിക്കും.

ആർ മാധവൻ തന്നെയാണ് റോക്കട്രിയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സരിതാ മാധവൻ, ആർ. മാധവൻ, വർഗീസ് മൂലൻ, വിജയ് മൂലൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നിവയ്ക്ക് പുറമേ അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായാണ് ചിത്രം ഒരുക്കിയിക്കുന്നത്. ആറ് രാജ്യങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ അനേകം വിദേശതാരങ്ങളും അണിനിരക്കുന്നു. നൂറ് കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബഡ്‌ജറ്റെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മലയാളി സംവിധായകനായ പ്രജേഷ് സെന്‍ ചിത്രത്തിന്റെ സഹസംവിധായകനാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്. ചിത്രത്തിന്റെ മേക്കിംഗ് വളരെയധികം മികവ് പുലർത്തിയിരിക്കുന്നു. ഒരു ശാസ്ത്രസിനിമയ്ക്ക് വേണ്ടതായ എല്ലാ ചേരുവകളും റോക്കട്രിയിൽ മികവോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ROCKETRY THE NAMBI EFFECT, MOVIE, REVIEW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.