SignIn
Kerala Kaumudi Online
Wednesday, 05 November 2025 4.06 PM IST

എ  കെ  ജി  സെന്ററിൽ   ഉണ്ടായത്   നാനോ  ഭീകരാക്രമണം,   മൂന്ന്  കല്ലുകളെ  മാത്രം  ലക്ഷ്യം  വച്ചുള്ള  ആക്രമണം: അടിയന്തര പ്രമേയ ചർച്ചയിൽ പരിഹാസവുമായി പി സി വിഷ്ണുനാഥ്

Increase Font Size Decrease Font Size Print Page
sabha

തിരുവനന്തപുരം: എ കെ ജി സെന്ററിൽ ഉണ്ടായത് നാനോ ഭീകരാക്രമണമാണോ എന്ന് പി സി വിഷ്ണുനാഥ് എം എൽ എ. കരിയില പോലും കത്താത്ത മൂന്ന് കല്ലുകളെ മാത്രം ലക്ഷ്യം വച്ചുള്ള ഭീകരാക്രമണമാണ് അതെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. എ കെ ജി സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടിഞ്ഞുപൊളിഞ്ഞുവീഴുന്നപോലുള്ള വലിയ ശബ്ദം കേട്ടെന്നാണ് ശ്രീമതി ടീച്ചർ പറഞ്ഞത്. ഇത്ര വലിയ ശബ്ദം ഉണ്ടായിട്ടും അടുത്തുണ്ടായിരുന്ന പൊലീസുകാർ കേട്ടില്ലേ എന്നും വിഷ്ണുനാഥ് ചോദിച്ചു.

'എ കെ ജി സെന്റർ ആക്രമണം നടന്നശേഷം കോൺഗ്രസ് ഓഫീസുകൾക്കുനേരെ പൊലീസിന് മുന്നിൽ വച്ച് സി പി എം വ്യാപകമായ ആക്രമണം അഴിച്ചുവിടുകയാണ്. ആലപ്പുഴയിൽ എം എൽ എയുടെ നേതൃത്വത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുമ്പോൾ അതെല്ലാം ആസ്വദിച്ച് കൂടെനടക്കുകയായിരുന്നു പൊലീസ്. പൊലീസ് കാവലുള്ള എ കെ ജി സെന്റർ എങ്ങനെ ആക്രമിക്കപ്പെട്ടു, ആക്രമണം നടത്തിയ ആളെ എന്തുകൊണ്ട് പൊലീസ് പിന്തുടർന്നില്ല, പാെലീസിന്റെ നിരന്തര നിരീക്ഷണം ഉള്ളയിടത്ത് ആക്രമണം എങ്ങനെ നടന്നു വിഷ്ണുനാഥ് ചോദിച്ചു.

ഇന്നുരാവിലെ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയപ്പോൾ സഭാ നടപടികൾ നിറുത്തിവച്ച് ചർച്ചചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ഭീതിയോടെയാണ് എ കെ ജി സെന്റർ ആക്രമണം നോക്കിക്കാണുന്നതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഒരുമണിക്ക് ആരംഭിച്ച ചർച്ച മൂന്നുമണിക്ക് അവസാനിക്കും. ഈ സഭാകാലയളവിൽ ഇത് രണ്ടാം തവണയാണ് സർക്കാർ സഭ നിർത്തിവച്ച് അടിയന്തര പ്രമേയ ചർച്ചയ്ക്ക് സർക്കാർ തയാറാകുന്നത്.

TAGS: ASSEMBLY-TO-DISCUSS-AKG-CENTRE-ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY