കോട്ടയം: കേരളത്തിന്റെ നിഴൽ മുഖ്യമന്ത്രിയാണ് ഫാരിസ് അബൂബക്കറെന്ന് മുൻ എം എൽ എയും കേരള ജനപക്ഷം നേതാവുമായ പി സി ജോർജ്. പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നുവെന്നേയുള്ളൂ, നിയന്ത്രണം ഫാരിസിനാണെന്നും പി സി ജോർജ് ആരോപിച്ചു.
2004 ലെ മലപ്പുറം സമ്മേളനം മുതൽ ഫാരിസ് പിണറായിയുടെ മെന്റർ ആണ്. 2009 ൽ വീരേന്ദ്ര കുമാറിനെ മാറ്റി കോഴിക്കോട് ലോക്‌സഭാ സീറ്റ് ഫാരിസിന് കൊടുത്തു. മുഹമ്മദ് റിയാസ് ഫാരിസ് നിർദേശിച്ച സ്ഥാനാർത്ഥിയായിരുന്നു.
കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കേരളത്തിലുള്ള ആരും ഫാരിസിനെ കണ്ടിട്ടില്ല. പിണറായി വിജയൻ മാത്രമാണ് ഇയാളെ കണ്ടത്. പിണറായിയുടെ രണ്ട് മക്കളുടെ മൂന്ന് കല്യാണങ്ങൾക്കും തലേദിവസം ഫാരിസ് എത്തിയിരുന്നുവെന്നും പി സി ജോർജ് പറഞ്ഞു.
പിണറായി വിജയന്റെ മകൾ വീണയുടെ സ്ഥാപനം നിഗൂഢതകളുടെ കൂമ്പാരമാണ്. വീണ ആദ്യം ജോലി ചെയ്തിരുന്ന സ്ഥാപനം അവർക്കെതിരെ നിയമനടപടി തുടങ്ങുമെന്നും കേൾക്കുന്നുണ്ട്. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ഇ ഡി തെളിവ് ചോദിക്കുമ്പോൾ കൊടുക്കാമെന്നും പി സി ജോർജ് കോട്ടയത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.