SignIn
Kerala Kaumudi Online
Tuesday, 15 September 2026 7.55 PM IST

ഇത് വെറും ട്രയൽ; എ.ഐ പിഴ ഉടൻ വരും

llll

മലപ്പുറം: ജില്ലയിലെ പ്രധാന റോഡുകളിൽ സ്ഥാപിച്ച 49 എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) കാമറകൾ ഒരുമാസത്തിനകം ഫൈൻ ഈടാക്കി തുടങ്ങും. അപകട സാദ്ധ്യതയും നിയമലംഘനങ്ങളും ഏറെയുള്ള റോഡുകൾ കേന്ദ്രീകരിച്ച് സ്ഥാപിച്ച കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ കോട്ടയ്ക്കലിലെ ജില്ലാ എൻഫോഴ്സ്‌മെന്റ് കൺട്രോൾ റൂമിൽ തത്സമയം ലഭിക്കുന്നുണ്ട്. കമ്പ്യൂട്ടർ സംവിധാനങ്ങളും പ്രത്യേക സോഫ്റ്റുവെയറും സജ്ജമാക്കിയിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കുന്ന ട്രയൽ റണ്ണാണ് ഇപ്പോൾ നടക്കുന്നത്. ജൂണിലെ ട്രയൽ റണ്ണിൽ കുടുങ്ങിയവർക്ക് തിരുവനന്തപുരത്ത് നിന്ന് പിഴ നോട്ടീസ് അയച്ചിരുന്നു. അവസാനഘട്ട പരിശോധനകൾ പൂർത്തിയാവുന്നതോടെ പദ്ധതിയുടെ ചുമതലക്കാരായ കെൽട്രോൺ മുഖേന ജീവനക്കാരെ കൺട്രോൾ റൂമിൽ നിയോഗിക്കും. പിഴ നോട്ടീസ് പ്രിന്റെടുത്ത് അഡ്രസുകളിലേക്ക് അയക്കേണ്ട ചുമതല ഇവർക്കായിരിക്കും.

എ.ഐ കാമറകളിലൂടെ കൂടുതൽ തെളിച്ചവും കൃത്യതയുമുള്ള ചിത്രങ്ങളാണ് ലഭിക്കുക. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ പ്രത്യേക കഴിവുണ്ട് ഇവയ്ക്ക്. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കൽ, മൊബൈലിൽ സംസാരിച്ചുള്ള ഡ്രൈവിംഗ്, രണ്ടിൽ കൂടുതൽ പേർ ബൈക്കിൽ യാത്ര ചെയ്യൽ എന്നിവയാണ് തുടക്കത്തിൽ എ.ഐ കാമറകൾ നിരീക്ഷിക്കുക. ബൈക്കിൽ യാത്ര ചെയ്യുന്ന രണ്ടുപേർക്കും ഹെൽമെറ്റ് നിർബന്ധമാണ്. ഇല്ലെങ്കിൽ പിഴ ചുമത്തും. നിയമം ലംഘിക്കുന്നവർക്ക് ആദ്യം എസ്.എം.എസായും പിന്നീട് ഇവരുടെ മേൽവിലാസത്തിലും പിഴ നോട്ടീസ് അയക്കും. പിഴ ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ അടയ്ക്കാം. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിയിലേക്ക് കൈമാറും. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാൽ 2,​000 രൂപയാണ് പിഴ. രണ്ടിൽ കൂടുതൽ പേർ ബൈക്കിൽ സഞ്ചരിച്ചാൽ ആയിരം രൂപയും ഹെൽമെറ്റ്,​ സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് 500 രൂപയുമാണ് പിഴ.

ഒരുമാസം 38 ലക്ഷം രൂപ പിഴ

ജൂലായിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം റോഡിലെ നിയമ ലംഘനങ്ങൾക്ക് 38 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. 2,896 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. ഇതിൽ 2,​400 ഓളം കേസുകളും ഹെൽമെറ്റ് ധരിക്കാത്തതിനാണ്. ഇൻഷ്വറൻസില്ലാത്ത 147 വാഹനങ്ങൾ പിടികൂടി. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് - 25,​ ലൈസൻസ് ഇല്ലാത്തതിന് - 62,​ ടാക്സ് അടയ്ക്കാത്തതിന് - 60,​ ബൈക്കിൽ മൂന്ന് പേരെ കയറ്റിയതിന് - 85,​ കൂളിംഗ് ഫിലിം ഒട്ടിച്ചതിന് - 56,​ നിയമം ലംഘിച്ച് വാഹനം പാർക്ക് ചെയ്തതിന് -56 എന്നിങ്ങനെ കേസുകളാണെടുത്തത്. അപകടകരമായ വിധം വാഹനമോടിച്ച നാലുപേരും പിടിയിലായി. ആറ് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃതമായി വാഹനം മോടി കൂട്ടുന്നത് വർദ്ധിച്ചതോടെ ശക്തമായ നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം 40 കേസുകളെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, CAMERA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL