തഷ്കെന്റ്: ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെയുള്ള ഉഭകക്ഷി ചർച്ചയ്ക്കിടെയാണ് മോദിയുടെ പരാമർശം. ഇരുവരുടെയും അവസാന കൂടിക്കാഴ്ച സംബന്ധിച്ച് തനിക്ക് വ്യക്തമായ ഓർമ്മയുണ്ടെന്ന് പറഞ്ഞ പുട്ടിൻ മോദിയെ റഷ്യയിലേക്ക് ക്ഷണിച്ചു. ഈസ്റ്റേൺ എക്കണോമിക് ഫോറത്തിലെ ഇന്ത്യയുടെ പങ്കാളിത്തത്തിനും റഷ്യൻ വളത്തിന് വേണ്ടിയുള്ള അഭ്യർത്ഥനയ്ക്കും പുട്ടിൻ നന്ദി രേഖപ്പെടുത്തി.
'യുക്രെയിൻ സംഘർഷത്തിൽ ഇന്ത്യയെടുത്ത നിലപാടും ആശങ്കകളും തനിക്കറിയാമെന്ന് പുട്ടിൻ പറഞ്ഞു. ഇതെല്ലാം എത്രയും വേഗം അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി പരമാവധി ശ്രമിക്കും. എണ്ണ, വാതകം, ആണവ മേഖലകളിൽ സ്ഥിരമായി പദ്ധതികൾ നടപ്പാക്കുമെന്നും പുട്ടിൻ വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് പുട്ടിൻ ആശംസയറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വേഗത്തിൽ വളരുകയാണെന്നും ചൂണ്ടിക്കാട്ടി. നാളെ മോദിയുടെ ജന്മദിനമാണെന്ന കാര്യം റഷ്യയ്ക്ക് ഓർമ്മയുണ്ടെന്നും പുട്ടിൻ പറഞ്ഞു. റഷ്യൻ പാരമ്പര്യമനുസരിച്ച് മുൻകൂട്ടി ആശംസയറിയിക്കില്ലെങ്കിലും ഇന്ത്യയ്ക്കും മോദിക്കും ആശംസകൾ നേരുന്നതായും പുട്ടിൻ പറഞ്ഞു.
അതേസമയം ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പാക്കാൻ സഹായിച്ചതിന് പുട്ടിനോടും യുക്രെയിനോടും മോദി നന്ദി രേഖപ്പെടുത്തി. യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന് ശേഷം മോദിയും പുട്ടിനും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |