ചഢീഗഢ്: പഞ്ചാബ് ആം ആദ്മി പാർട്ടി മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച് ലെക്ക് കെട്ട് വിമാനയാത്ര വൈകിപ്പിച്ചതായി ആരോപണം. ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന ലുഫ്താൻസ എയർലൈൻസിന്റെ വിമാനം കാലതാമസത്തെ തുടർന്ന് 4.30 നാണ് പുറപ്പെട്ടത്. ഇതിൽ സഞ്ചരിക്കേണ്ടിയിരുന്ന ഭഗവന്ത് മാൻ തിങ്കളാഴ്ച രാവിലെ പുറപ്പെട്ട വേറൊരു വിമാനത്തിലാണ് തിരികെ ഇന്ത്യയിലെത്തിച്ചേർന്നത് . ഇത് ഭഗവന്ത് മാൻ മദ്യപിച്ച് നടക്കാൻ പോലുമാകാത്ത സ്ഥിതിയിൽ വിമാനത്താവളത്തിലെത്തി ചേർന്നത് കൊണ്ടാണ് എന്നാണ് കോൺഗ്രസും അകാലി ദള്ളുമടക്കമുള്ള രാഷ്ട്രീയ എതിരാളികളുടെ ആരോപണം. ആം ആദ്മി പാർട്ടി ഇത് നിഷേധിച്ചിട്ടുണ്ടെങ്കിലും ഭഗവന്ത് മാൻ പഞ്ചാബിനെയാകെ നാണം കെടുത്തി എന്ന് പറഞ്ഞ് കൊണ്ട് പ്രചരിക്കുന്ന ട്വീറ്റുകൾ ചൂടേറിയ രാഷ്ട്രീയ സംവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.
മദ്യപിച്ച് അവശനായ ഭഗവന്ത് മാനെ വിമാനത്തിൽ നിന്ന് പുറത്തേയ്ക് മാറ്റിയത് കൊണ്ടാണ് നാല് മണിക്കൂർ ടേക്ക് ഓഫ് വൈകിയത് എന്ന് സഹയാത്രികർ സാക്ഷ്യപ്പെടുത്തിയതായും പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കേജരിവാൾ നേരിട്ടെത്തി പ്രശ്നം തീർപ്പാക്കണമെന്നും ആരോപിച്ച് കൊണ്ട് അകാലി ദൾ നേതാവ് സുഖ്ബീർ സിംഗ് വിഷയത്തിൽ ട്വീറ്റ് ചെയ്തു. വിഷയത്തിൽ ജർമൻ അധികൃതരുടെ വിശദീകരണം ആരായണമെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
Disturbing media reports quoting co-passengers say Pb CM @BhagwantMann was deplaned from Lufthansa flight as he was too drunk to walk. And it led to a 4-hour flight delay. He missed AAP's national convention. These reports have embarrassed & shamed Punjabis all over the globe.1/2 pic.twitter.com/QxFN44IFAE
— Sukhbir Singh Badal (@officeofssbadal) September 19, 2022
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഭഗവന്ത് മാൻ സെപ്തംബർ 19ന് തന്നെ തിരിച്ചെത്തിയെന്നും ബാക്കിയെല്ലാം പ്രതിപക്ഷ പാർട്ടികളുടെ ദുഷ്പ്രചരണമാണെന്നും ആം ആദ്മി വിഷയത്തിൽ പ്രതികരിച്ചു. മറ്റൊരു വിമാനം ലാൻഡ് ചെയ്യാനുളളത് മൂലമാണ് ഭഗവന്ത് മാൻ സഞ്ചരിക്കേണ്ടിയിരുന്ന വിമാനം ടേക്ക് ഓഫ് ചെയ്യാൻ കാലതാമസം നേരിട്ടത് എന്നാണ് ലുഫ്താൻസ എയർലൈൻസിന്റെ ഔദ്യോഗിക വിശദീകരണം.
A Big Shame!!
— Delhi Congress (@INCDelhi) September 19, 2022
Punjab Chief Minister Bhagwant Mann deplaned because he was heavily Drunk pic.twitter.com/7PaPSiVDtb
വിദേശ നിക്ഷേപം ഉറപ്പുവരുത്താനായിരുന്നു ഭഗവന്ത് മാൻ സെപ്തംബർ 11 മുതൽ 18 വരെ നീണ്ടുനിന്ന ജർമൻ പര്യടനം നടത്തിയത്. മുൻ ടെലിവിഷൻ താരമായിരുന്ന ഭഗവന്ത് മാൻ മദ്യപിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിന് ഇതിന് മുൻപും വിവാദങ്ങളിൽപ്പെട്ടിട്ടുള്ളതാണ് വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിന് മൂർച്ച കൂട്ടുന്നത്. 2019ൽ പൊതുവേദിയിൽ വെച്ച് മാതാവിനെ അടക്കം സാക്ഷിയാക്കി മദ്യപാനം അവസാനിപ്പിച്ചതായി ശപഥം ചെയ്ത പഞ്ചാബ് മുഖ്യമന്ത്രിയ്ക്ക് കടുത്ത മദ്യപാനം മൂലം 'പെഗ് മാൻ' എന്ന വിളിപ്പേരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |