SignIn
Kerala Kaumudi Online
Sunday, 25 September 2022 11.01 PM IST

കേരളത്തിലെ ഈ ജില്ലക്കാർ പേപ്പട്ടിയേക്കാളും ഭയക്കുന്നത് മറ്റൊന്നിനെ, കുട്ടികളെ സ്കൂളിലയക്കാൻ കഴിയാതെ നാട്ടുകാർ

idukki

നാട്ടിലെങ്ങും ഇപ്പോൾ തെരുവ് നായശല്യത്തെക്കുറിച്ചാണ് ചർച്ച. എന്നാൽ ഇടുക്കിയിൽ വനത്തിനോട് ചേർന്ന് കഴിയുന്ന ജനങ്ങളുടെ പേടിസ്വപ്നം നായയല്ല, പുലിയാണ്. കുടിയേറ്റം ആരംഭിച്ചത് മുതൽ ആനയും കാട്ടുപോത്തും കാട്ടുപന്നിയുമടക്കമുള്ള വന്യമൃഗങ്ങളുമായി ഏറ്റുമുട്ടിയാണ് ഹൈറേഞ്ചിലെ മനുഷ്യർ ജീവിതം കരുപ്പിടിപ്പിച്ചത്. അടുത്തനാളിലായി ആ സംഘർഷത്തിന്റെ തോത് വർദ്ധിച്ചു. എല്ലാ ദിവസവും വന്യമൃഗങ്ങൾ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന സ്ഥിതിയാണ്. മുമ്പ് കാട്ടുപോത്ത്, കാട്ടുപന്നി, ആന എന്നിവയാണ് നാട്ടിലിറങ്ങിയിരുന്നതെങ്കിൽ ഇപ്പോഴത് കടുവയും പുലിയുമായി. മൂന്നാഴ്ച മുമ്പാണ് മാങ്കുളത്ത് തന്നെ ആക്രമിച്ച പുലിയെ ആദിവാസി വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒരാഴ്ച മുമ്പ് മൂന്നാറിൽ തോട്ടം തൊഴിലാളി സ്ത്രീയെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചു. രണ്ട് ദിവസം മുമ്പാണ് വണ്ടിപ്പെരിയാറിൽ പുലി കെണിയിൽ വീണത്. ഇങ്ങനെ ഓരോ ദിവസവും പുലിയുടെ വാർത്തകൾ കേട്ടാണ് നാടുണരുന്നത്. എല്ലാവരുടെയും സംസാരവിഷയം പുലി മാത്രമായി. കുട്ടികളെ സ്കൂളിലയയ്‌ക്കാൻ മാതാപിതാക്കൾ ഭയന്നുതുടങ്ങി. സന്ധ്യമയങ്ങിയാൽ ആരും വീടിന് പുറത്തിറങ്ങാത്ത സ്ഥിതിയാണ്. വനംവകുപ്പിനോട് പരാതി പറഞ്ഞു മടുത്തു.

കാമറയും കെണിയുമായി വനംവകുപ്പ് ഏറെ പണിപ്പെട്ടിട്ടും ഒരു ഫലവുമുണ്ടായില്ല. വന്യജീവി ആക്രമണം തടയുന്നതിന് പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ മാസങ്ങൾക്ക് മുമ്പ് നിയമസഭയിൽ വ്യക്തമാക്കിയതാണ്. ഒരു പദ്ധതിയും നടപ്പായില്ലെന്ന് മാത്രമല്ല വനംവകുപ്പിന്റെ നിർദേശങ്ങളിൽ പലതും കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തവയുമാണ്. അന്ന് വനംമന്ത്രിയായിരുന്ന കെ. രാജു 2016 ജൂലൈ 15ന് നിയമസഭയിൽ ഇ.എസ്. ബിജിമോൾ ഉൾപ്പെടെയുള്ള സാമാജികരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലെ നിർദേശങ്ങളിൽ ഒന്നും പൂർണമായി നടപ്പായില്ല. പ്രശ്‌നക്കാരായ വന്യജീവികളിൽ റേഡിയോ കോളർ ഘടിപ്പിച്ച് കർഷകർക്ക് മുന്നറിയിപ്പ് നൽകുമെന്നായിരുന്നു അന്നു മന്ത്രി പറഞ്ഞത്. എന്നാൽ ജില്ലയിൽ പേരിനുപോലും അത്തരമൊരു നടപടിയുണ്ടായില്ല. വനത്തിൽ ജീവികൾക്ക് ഭക്ഷണം ഉറപ്പാക്കാൻ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. വന്യജീവിയാക്രമണം രൂക്ഷമായ വനത്തിനകത്തെ സെറ്റിൽമെന്റുകളിൽ നിന്ന് ആളുകളെ മാറ്റിത്താമസിപ്പിക്കാൻ നടപടിയെടുക്കുമെന്ന മന്ത്രിയുടെ വാഗ്ദാനവും നടപ്പായില്ല.

10 വർഷം, പാഴായത് ഒൻപത് കോടി രൂപ

10 വർഷത്തിനിടെ ഒൻപത് കോടി രൂപയാണ് വന്യജീവിയാക്രമണം തടയാനായി ഇടുക്കിജില്ലയിൽ ചെലവിട്ടത്. പുതിയ പദ്ധതികൾ സർക്കാരിന്റെ പരിഗണനയിലുമാണ്. എന്നാൽ ഇക്കാലയളവിൽ സംസ്ഥാനത്ത് 67 പേർ വന്യജീവിയാക്രമണത്തിൽ മരിച്ചു. 540 പേർക്ക് പരുക്കേറ്റു. അഞ്ചുകോടി രൂപയുടെ കൃഷി നാശമുണ്ടായതായാണ് കണക്കുകൾ. യഥാർത്ഥ നഷ്ടക്കണക്ക് ഇതിന്റെ പതിന്മടങ്ങാണെന്ന് കർഷകർ പറയുന്നു. ഒരിക്കൽ നടപ്പാക്കിയ പദ്ധതികൾ എത്ര പ്രവർത്തനക്ഷമമാണെന്ന് പരിശോധിക്കാതെയാണ് പുതിയ പദ്ധതികൾ കൊണ്ടുവരുന്നത്. ഫെൻസിങ്, ട്രഞ്ച്, ക്രാഷ് ഗാർഡ് റോപ് ഫെൻസിങ്, എസ്.എം.എസ് അലർട്ട്, ദ്രുതപ്രതികരണ സേനയുടെ സേവനം തുടങ്ങിയ പദ്ധതികളാണ് വന്യജീവി ശല്യം തടയാനായി വനംവകുപ്പ് നടപ്പാക്കിയത്. എന്നാൽ ഓരോ പ്രദേശത്തും അനുയോജ്യമായ പദ്ധതികൾ ഏതൊക്കെയാണെന്ന പഠനം നടത്താതെയാണ് നടപ്പാക്കിയത്. സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പല പദ്ധതികളും പ്രവർത്തനരഹിതമാണ്.

പുലി കാടിറങ്ങുന്നത് സാധാരണം

പുള്ളിപ്പുലികൾ നാട്ടിലിറങ്ങുന്നത് അസ്വാഭാവികമല്ലെന്ന് വന്യജീവി വിദഗ്ദ്ധർ. പുലി, കടുവ, സിംഹം തുടങ്ങിയ പൂച്ചവർഗങ്ങളിൽ വച്ച് സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയും വേഗം ഇണങ്ങിച്ചേരുകയും ചെയ്യുന്ന സ്വഭാവമാണ് പുലിയുടേതെന്നു വനംവകുപ്പ് മുൻ ചീഫ് വെറ്ററിനറി സർജൻ ഡോ. ഇ.കെ. ഈശ്വരൻ പറഞ്ഞു. 'പുലിക്ക് എവിടെ വേണമെങ്കിലും ജീവിക്കാൻ കഴിയും. ഇതിന്റെ ആഹാരം വലിയ കാട്ടുമൃഗങ്ങളല്ല. ചെറിയ മൃഗങ്ങളെയും എലി പോലുള്ള ജീവികളെയും ഭക്ഷിക്കും. വയൽവരമ്പിലെ ഞണ്ടിനെ വരെ തിന്നുന്ന സ്വഭാവമുണ്ട്. ഭക്ഷണത്തിനു വേണ്ടിയുള്ള അതിന്റെ അന്വേഷണം മറ്റു മൃഗങ്ങളുടേതു പോലെയല്ല.


എന്തും കഴിക്കാൻ തയ്യാറായതു കൊണ്ടുതന്നെ എവിടെയും ജീവിക്കാൻ പുലിക്കു കഴിയും. മനുഷ്യവാസമുള്ള പ്രദേശത്ത് പുലികൾ ജീവിക്കുന്നതു സർവസാധാരണമാണ്. അതിരപ്പിള്ളി വാൽപാറയിൽ രാത്രിയിൽ മാലിന്യക്കൂമ്പാരത്തിനു സമീപം നായ്ക്കളോടൊപ്പം പുലികളെ കണ്ടിട്ടുണ്ട്. പതുങ്ങിനടക്കുന്ന പുലിയുടെ സാന്നിദ്ധ്യം പലപ്പോഴും അറിയില്ല. സാധാരണ പുലിയും കടുവയും ഇറങ്ങുകയാണെങ്കിൽ നായ്ക്കൾ കുരയ്ക്കാറില്ല. അവ ഭയന്ന് ഒളിക്കുകയാണു പതിവ്. അതുകൊണ്ടുതന്നെ പുലികൾ പോകുന്ന വഴിയും അറിയില്ല. സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള കഴിവുകൊണ്ടാണ് പുലികൾ കാടിനു പുറത്തിറങ്ങി സഞ്ചരിക്കുന്നത്. അടച്ചിട്ട വീട് വരെ അവർ താവളമാക്കും. പാലക്കാട് ധോണിയിൽ വീട്ടിനുള്ളിൽ പുള്ളിപ്പുലി പ്രസവിച്ച സംഭവം ഉദാഹരണം. ശബ്ദമുണ്ടാക്കാതെ വീടുകൾക്ക് അടുത്തെത്താനും അകത്തു കയറാനും കഴിവുണ്ട്. ഇരുട്ടിൽ ഇവ പുറത്തിറങ്ങുമ്പോൾ മനുഷ്യരുടെ ശ്രദ്ധയിൽപ്പെടണമെന്നില്ല. അവയുടെ നിറവും ഒരു പരിധി വരെ ഈ ഒളിവുജീവിതത്തിന് സഹായിക്കും. പലപ്പോഴും രാത്രികാലങ്ങളിൽ പുലിയുണ്ടെന്ന് തിരിച്ചറിയുന്നത് ടോർച്ച് അടിക്കുമ്പോൾ ഇവയുടെ കണ്ണുകൾ തിളങ്ങുന്നതിലൂടെയാണ്. പ്രകാശം കുറഞ്ഞ സാഹചര്യത്തിലും നല്ല കാഴ്ചശക്തിയുള്ള ജീവികളാണിവ.

വലിപ്പമില്ലാത്ത വളർത്തു മൃഗങ്ങൾ തന്നെയാണ് പുലിയെ ആകർഷിക്കുന്നത്. മഹാരാഷ്ട്രയിൽ പുലിയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് പഠനം നടത്തിയ വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഗവേഷക വിദ്യ ആത്രേയയുടെ കണ്ടെത്തലും ഇതുതന്നെയാണ്. അവരുടെ പഠനത്തിൽ പുലി നാട്ടിലിറങ്ങിയ 85 കേസുകളിൽ 87 ശതമാനവും അവയുടെ തീറ്റ വളർത്തുമൃഗങ്ങളായിരുന്നു. ഇതിൽ 39ശതമാനവും നായ്ക്കളാണ് ഇരയായത്. ആട്, മുയൽ, കുരങ്ങ്, കീരി, പക്ഷികൾ തുടങ്ങിയവയാണ് മറ്റ് ഇരകൾ. നാട്ടിലെ സാഹചര്യത്തിൽ അധികം 'അദ്ധ്വാനിക്കാതെ' ഇര ലഭിക്കുമെന്നതു തന്നെയാണ് പുലികൾ മനുഷ്യവാസ കേന്ദ്രങ്ങളിൽ കൂടുതൽ എത്താൻ കാരണമെന്നു വിദ്യ ആത്രേയയുടെ പഠനത്തിലുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: IDUKKI, LEOPERD MENACE, TIGER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.