തിരുവനന്തപുരം: സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ആന്തരികാവയവങ്ങൾക്ക് പൊള്ളലേൽക്കുകയും വൃക്കകൾ തകരാറിലാവുകയും ചെയ്ത ആറാം ക്ളാസ് വിദ്യാർത്ഥി മരിച്ചു. കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകനും കൊല്ലങ്കോടിന് സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിലെ വിദ്യാർത്ഥിയുമായ അശ്വിൻ (11) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ സെപ്‌തംബറിലാണ് കുട്ടിയുടെ മരണത്തിന് കാരണമായ സംഭവം ഉണ്ടായത്. പരീക്ഷയ്ക്ക് ശേഷം ടോയ്‌ലറ്റിൽ പോയി മടങ്ങുമ്പോൾ സഹപാഠിയായ വിദ്യാർത്ഥി കോള എന്ന പേരിൽ ശീതളപാനീയം നൽകിയെന്നാണ് കേസ്. പാനീയം വാങ്ങി കുറച്ച് കുടിച്ചെങ്കിലും രുചി ഇഷ്ടപ്പെടാത്തതിനാൽ കുപ്പി വലിച്ചെറിഞ്ഞുവെന്ന് അശ്വിൻ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.
പാനീയം കുടിച്ചതിന്റെ പിറ്റേദിവസം തന്നെ കുട്ടിയ്ക്ക് പനിപിടിപെട്ടു. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പനി ശമിച്ചില്ല. കുറച്ച് ദിവസത്തിന് ശേഷം കടുത്ത വയറുവേദന, ഛർദി, ശ്വാസംമുട്ടൽ എന്നിവ കൂടി അനുഭവപ്പെട്ടതോടെ കുട്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അന്നുമുതൽ കുട്ടി ചികിത്സയിൽ കഴിയുകയായിരുന്നു.
കുട്ടിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആവർത്തിച്ചുനടത്തിയ പരിശോധനയിലാണ് ആസിഡ് ഉള്ളിൽ കണ്ടത്തിയത്. അന്നനാളം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റതായും കണ്ടെത്തിയിരുന്നു. വൃക്കകർ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ ഡയാലിസിസും തുടങ്ങി. ചികിത്സയ്ക്കിടെ കടുത്ത ന്യുമോണിയ ബാധിക്കുകയും പിന്നാലെ അണുബാധ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് വെന്റിലേറ്ററിൽ കഴിയവേയാണ് അന്ത്യം.
അതേസമയം, ആരാണ് പാനീയം നൽകിയതെന്നും എന്തിനായിരുന്നു എന്നും കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആസിഡ് ഉള്ളിൽ .ചെന്നുവെന്ന സ്ഥിരീകരണത്തിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പ്രവർത്തിക്കാത്തതും രക്ഷിതാക്കളിൽ സംശയം ഉണർത്തുന്നു. അശ്വിൻ പാനീയം കുടിച്ചതിന്റെ തലേദിവസം വിദ്യാർത്ഥികൾ കെമിസ്ട്രി ലാബിൽ പരീക്ഷം നടത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അന്ന് ഉപയോഗിച്ച രാസവസ്തുക്കൾ കുടിച്ചാലും സമാനമായ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ അന്ന് പരീക്ഷണത്തിലൂടെ നിർമിച്ച ദ്രാവകം മുഴുവനും ഒഴുക്കിക്കളഞ്ഞതായാണ് സ്കൂൾ അധികൃതർ പറയുന്നത്.
അശ്വിന്റെ മൃതദേഹം നാഗർകോവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തും. ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |