അഹമ്മഹാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുവീണ് 141 പേർ മരിച്ച സംഭവത്തിൽ പാലം പുനർനിർമിച്ചതിൽ ഗുരുതര വീഴ്ചപറ്റിയതായി കണ്ടെത്തൽ. മോർബിയിൽ മച്ചു നദിക്ക് കുറുകേ നിർമ്മിച്ച 150 വർഷത്തോളം പഴക്കമുള്ള പാലത്തിന് ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. 1879 ൽ നിർമ്മിക്കപ്പെട്ട പാലം ആറുമാസത്തെ അറ്റകുറ്റപ്പണികൾക്ക് ശേഷം അഞ്ച് ദിവസം മുമ്പാണ് തുറന്നത്. അനുമതിയില്ലാതെയാണ് പാലം തുറന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
സംഭവത്തിന് പിന്നാലെ പാലം പുനർനിർമിച്ച ബ്രിഡ്‌ജ് മാനേജ്‌മെന്റ് ടീമിനെതിരെ കേസ് എടുത്തിരിക്കുകയാണ്. ഛഠ് പൂജയുമായി ബന്ധപ്പെട്ട ചില ആചാരങ്ങളുടെ ഭാഗമായി അഞ്ഞൂറോളം പേർ അപകടസമയത്ത് പാലത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. 150 പേർക്ക് കയറാവുന്ന പാലത്തിൽ ഇരട്ടിയിലധികം പേർ കയറിയതിനാൽ അമിതഭാരം താങ്ങാനാകാതെ പാലം തകർന്നു വീണതായാണ് പ്രാഥമിക നിഗമനം. ചിലർ പാലം മനപ്പൂർവ്വം കുലുക്കിയെന്നും തുടരെ ചാടിയെന്നും ആരോപണം ഉയരുന്നു.
ഒറെവ എന്ന സ്വകാര്യ ട്രസ്റ്റ് ആണ് പാലം നവീകരണത്തിനുള്ള സർക്കാരിന്റെ കരാർ ഏറ്റെടുത്തതെന്നും പാലം തുറക്കുന്നതിന് മുൻപായി നവീകരിച്ചതിന്റെ വിശദാംശങ്ങൾ കമ്പനി നൽകിയില്ലെന്നും മോർബി മുനിസിപ്പൽ ഏജൻസി മേധാവി സന്ദീപ് സിംഗ് സാല പറയുന്നു. പാലത്തിന്റെ ഗുണനിലവാര പരിശോധന നടത്തിയില്ല. സർക്കാരിന് ഇതേപ്പറ്റി അറിയില്ലായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചതായി ഗുജറാത്ത് സർക്കാർ അറിയിച്ചിരുന്നു. പാലത്തിന്റെ നവീകരണത്തിനും മറ്റുമായി 15 വർഷത്തേക്കുള്ള കരാറാണ് ഒറെവ കമ്പനിയ്ക്ക് നൽകിയിരിക്കുന്നത്. രണ്ട് കോടിയുടെ നവീകരണ പ്രവർത്തനങ്ങളായിരുന്നു നടത്തിയത്.
മോർബി ഭരണാധികാരിയായിരുന്ന സർ വാഗ്‌ഡി താക്കോർ 143 വർഷം മുൻപ് പാലം നിർമിച്ചതായാണ് പറയപ്പെടുന്നത്. 1879 ഫെബ്രുവരിയിൽ അന്നത്തെ മുംബയ് ഗവർണർ ആയിരുന്ന റിച്ചാർഡ് ടെമ്പിൾ ആയിരുന്നു പാലം ഉദ്ഘാടനം ചെയ്തത്. പാലം നിർമാണത്തിനായുള്ള എല്ലാ സാധനസാമഗ്രഹികളും ഇംഗ്ളണ്ടിൽ നിന്ന് വരുത്തുകയായിരുന്നു. മൂന്നര ലക്ഷം രൂപയായിരുന്നു നിർമാണച്ചെലവ്. 2001ൽ ഗുജറാത്തിലുണ്ടായ ഭൂമികുലുക്കത്തിലും പാലം ഗുരുതരമായ തകർച്ച നേരിട്ടിരുന്നു.
പാലം തകർന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയതായി സംഭവത്തിന്റെ ദൃക്‌സാക്ഷിയായ അഹമ്മദാബാദ് സ്വദേശി വിജയ് ഗോസ്വാമി പറയുന്നു. പാലത്തിൽ ഉണ്ടായിരുന്ന ചില യുവാക്കൾ മനപ്പൂർവ്വം പാലം കുലുക്കി. ഇത് മറ്റുള്ളവർക്ക് നടക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കി. അപകടം സംഭവിച്ചേക്കാമെന്ന് തോന്നിയപ്പോൾ ഞാനും കുടുംബവും പാലത്തിൽ നിന്ന് തിരികെയിറങ്ങി. തിരിച്ച് പോകുന്ന വഴി അധികൃതരോട് ഇതിനെക്കുറിച്ച് അറിയിച്ചു. പാലം കുലുക്കരുതെന്ന് നിർദേശിക്കാനും പറഞ്ഞു. എന്നാൽ ടിക്കറ്റ് വിൽക്കുന്നതിൽ മാത്രമായിരുന്നു അവർക്ക് ശ്രദ്ധ. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനമില്ലെന്നും അവർ പറഞ്ഞതായി വിജയ് ഗോസ്വാമി വ്യക്തമാക്കുന്നു.
അതേസമയം, പാലം തകർന്ന സംഭവത്തിൽ ഗുജറാത്ത് സർക്കാരിന് വീഴ്ച പറ്റിയതായി ആരോപിച്ച് പ്രതിപക്ഷം അടക്കം നിരവധി നേതാക്കൾ രംഗത്തെത്തി. സംഭവം മനുഷ്യനിർമിത ദുരന്തമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ആരോപിച്ചു. ഇതൊരു ക്രിമിനൽ ഗൂഢാലോചന അല്ലേ? ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ എങ്ങനെയാണ് ബിജെപി സർക്കാർ പാലം പൊതു ആവശ്യത്തിന് തുറന്നുകൊടുക്കാൻ അനുവദിച്ചത്. പാലം നന്നാക്കാനുള്ള ജോലി ട്രസ്റ്റിന് എങ്ങനെ നൽകി? അവർക്ക് ബിജെപിയുമായി ബന്ധമുണ്ടോയെന്നും സുർജേവാല ചോദിച്ചു. പാലം തകർന്നത് സർക്കാരിന്റെ വീഴ്ചയാണെന്ന് സിപിഐ എം പി ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |