SignIn
Kerala Kaumudi Online
Thursday, 19 September 2024 6.09 AM IST

വിവാഹ വസ്ത്രത്തിന്റെ വില കേട്ട് ആശങ്കപ്പെടേണ്ട, ഈ രേഖയുമായി 'ഡ്രസ് ബാങ്കി'ലേക്ക് പോന്നോളൂ, എൺപത്തി അയ്യായിരം രൂപ വരെയുള്ള വസ്ത്രങ്ങൾ ഫ്രീയായി കിട്ടും

Increase Font Size Decrease Font Size Print Page

bride-groom

തന്റെ വിവാഹ ദിനത്തിൽ നല്ല വസ്ത്രമണിഞ്ഞ് രാജകുമാരിയെയോ രാജകുമാരനെയോ പോലെ തിളങ്ങാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? പതിനായിരങ്ങളും ലക്ഷങ്ങളുമൊക്കെയാണ് വിവാഹ വസ്ത്രങ്ങളുടെ വില. നിർധനരായ കുടുംബങ്ങളെ സംബന്ധിച്ച് ഇത് താങ്ങാവുന്നതിലപ്പുറമാണ്. അത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കൈത്താങ്ങായി "ഡ്രസ് ബാങ്ക്"എന്ന സംരംഭവുമായി എത്തിയിരിക്കുകയാണ് ഈരാറ്റുപേട്ടയിലെ ഒരുകൂട്ടമാളുകൾ.

ഒറ്റ ദിവസം അതും കുറച്ച് മണിക്കൂറുകൾ മാത്രം ഉപയോഗിച്ച ശേഷം അലമാരയിൽ സൂക്ഷിക്കുന്ന വിവാഹ വസ്ത്രങ്ങൾ മിക്കവരും പിന്നെ ഉപയോഗിക്കാറില്ല. അത്തരത്തിലുള്ള വസ്ത്രങ്ങൾ ശേഖരിച്ച് നിർധന കുടുംബങ്ങളിലെ വിവാഹങ്ങൾക്ക് നൽകുന്ന പദ്ധതിയാണ് ഡ്രസ് ബാങ്ക്. ഹക്കീം പുതുപ്പറമ്പിൽ, മഹറൂബ്, റഹീസ് പടിപ്പുരക്കൽ, ഷാമോൻ എന്നിവരടക്കം എട്ട് പേരാണ് ഈ ആശയത്തിന് പിന്നിൽ. ഡ്രസ് ബാങ്കിനെക്കുറിച്ച് ഹക്കീം പുതുപ്പറമ്പിൽ കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

dress-bank

ഡ്രസ് ബാങ്ക് എന്ന ആശയത്തിന് പിന്നിൽ

ഡ്രസ് ബാങ്ക് എന്ന ആശയം വർഷങ്ങളായി മനസിലുണ്ട്. വയനാട് ഭാഗത്തൊക്കെ ഈ പദ്ധതി ഉണ്ട്. കോട്ടയം ഭാഗത്തൊന്നും ഇത്തരമൊരു പദ്ധതി ഇല്ല. നിർധനരായ ഒത്തിരിപേർ ഇവിടെയുണ്ട്. അവർക്ക് വിവാഹത്തിന് നല്ല വസ്ത്രം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഡ്രസ് ബാങ്ക് തുടങ്ങുമ്പോൾ ജനങ്ങൾ ഇതിനെ എങ്ങനെ സ്വീകരിക്കുമെന്നൊരു ആശങ്കയുണ്ടായിരുന്നു. ഒരുപാട് ആവശ്യക്കാരുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. നിരവധി പേർ ഫോൺ ചെയ്യുന്നുണ്ട്. ബുക്ക് ചെയ്ത് വയ്ക്കുന്നവരുമുണ്ട്. വലിയൊരു കാരുണ്യമാണിത്. ഞങ്ങൾ കാരണം വെറൊരാൾ പുഞ്ചിരിക്കുക എന്നതാണ് സന്തോഷം.

dress-bank-irattupetta

കല്യാണ ഡ്രസൊക്കെ രണ്ടോ മൂന്നോ മണിക്കൂർ ധരിച്ച് വെറുതെ അലമാരയിൽ വച്ചേക്കുവല്ലേ. എന്തെങ്കിലും പ്രയോജനമുണ്ടോ. അത്തരത്തിലുള്ള മുന്നൂറോളം ഡ്രസ് ഇതുവരെ കിട്ടി. പതിനായിരം മുതൽ എൺപത്തയ്യായിരം വരെയുള്ള വസ്ത്രങ്ങളാണ് കിട്ടിയത്. മൂന്നാഴ്ചയിൽ കൂടുതലായി ഇങ്ങനെയൊരു സംരംഭം ആരംഭിച്ചിട്ട്. ആദ്യം വീട്ടിലായിരുന്നു വസ്ത്രങ്ങൾ വച്ചിരുന്നത്. പിന്നീട് കൂടുതൽ വസ്ത്രങ്ങളും ആൾക്കാരും വരാൻ തുടങ്ങിയതോടെ ടൗണിൽ ഒരു വാടക മുറിയെടുത്തു.

ഒരു റെഡിമെയ്ഡ് ഷോപ്പിന്റെ പ്രതീതിയിലാണ് ഷോപ്പ്. ഒരു രൂപ പോലും വാങ്ങാതെയാണ് വസ്ത്രങ്ങൾ നൽകുന്നത്. റിത ഇർഫാൻ(പ്രസിഡന്റ്), ഷമി നൗഷാദ്(സെക്രട്ടറി), മുനിസിപ്പൽ കൗൺസിലർ കൂടിയായ സുഹാന ജിയാസ്(ട്രഷറർ) എന്നിവരാണ് ഡ്രസ് ബാങ്ക് നടത്തിക്കൊണ്ടുപോകുന്നത്.

വസ്ത്രങ്ങൾ എവിടുന്ന് കിട്ടുന്നു

ഞങ്ങളൊരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഇരുന്നൂറ്റിയമ്പതോളം പേരുണ്ട്. അവർ തരും. പിന്നെ ചില വ്യക്തികൾ ഇരുപത്തിയഞ്ചോളം പുതിയ ഡ്രസ് വാങ്ങിത്തന്നു. ഞങ്ങൾ ഈരാട്ടുപേട്ടയിലാണ്. കാരുണ്യത്തിന്റെ പുണ്യനാടാണ്. ഒരുപാട് കാരുണ്യപ്രവർത്തനങ്ങൾ ഇവിടെ ചെയ്യുന്നുണ്ട്. എന്ത് ചോദിച്ചാലും, പൈസയായാലും ആൾക്കാർ വാരിക്കോരി തരും. ഒരു ലക്ഷം രൂപയോളമെടുത്തിട്ടാണ് ഷോപ്പ് ഫർണിഷ് ചെയ്തത്. അതെല്ലാം നാട്ടുകാരുടെ പൈസയാണ്. പിന്നെ റൂമിന്റെ വാടകയ്‌ക്കും നാട്ടുകാർ സഹായിക്കും.

dress

വസ്ത്രങ്ങൾ കിട്ടാൻ എന്തൊക്കെ രേഖകൾ വേണം

മതിയായ രേഖയുണ്ടെങ്കിൽ കേരളത്തിലെ എവിടെ നിന്ന് ആള് വന്നാലും വസ്ത്രം കൊടുക്കും. പള്ളിയാണെങ്കിൽ മഹല്ലിൽ നിന്ന് കത്ത് വേണം. ഹിന്ദുവാണെങ്കിൽ അമ്പലത്തിൽ നിന്നോ എസ് എൻ ഡി പിയുടെയോ മറ്റോ കത്ത് വേണം. ക്രിസ്ത്യനാണെങ്കിൽ വികാരിയച്ചന്റെ കത്ത് വേണം. നാട്ടിലുള്ളവർക്കാണെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ല. ഇത് ദുരുപയോഗം ചെയ്യാൻ പാടില്ല. അതുകൊണ്ടാണ് രേഖകൾ വേണമെന്ന് പറയുന്നത്. യഥാർത്ഥ ആവശ്യക്കാരാണെങ്കിൽ ഞങ്ങൾ വസ്ത്രം കൊടുക്കും.

dress-bank-dress

രണ്ട് ഡ്രസ് ആണ് കൊടുക്കുന്നത്. തലേ ദിവസത്തെയും പിറ്റേ ദിവസത്തെയും. വധുവിന് മാത്രമല്ല വരനും ഇവിടെ വസ്ത്രങ്ങൾ ഉണ്ട്. ഇതുവരെ ഇരുപത്തിയഞ്ചോളം കുടുംബങ്ങളെ സഹായിച്ചു. വസ്ത്രങ്ങൾ തരുന്നവരുടെയും കൊടുക്കുന്നവരുടെയും പേരുവിവരങ്ങൾ രഹസ്യമാക്കി വയ്ക്കും. പുറത്തുള്ള ആരും അറിയില്ല.

ഡ്രസ് കൊടുക്കുന്നവരോട് അത് തിരിച്ച് തരാൻ പറയാറില്ല. ചിലപ്പോൾ വരന്റെ വീട്ടുകാർ അറിയാതെയായിരിക്കും പെൺകുട്ടികൾ ഇങ്ങനെ ഡ്രസ് വാങ്ങുന്നത്. അതുകൊണ്ട് ചോദിക്കില്ല. അവർ തിരിച്ച് തന്നാൽ വാങ്ങിക്കും. ഇത് തിരിച്ച് തന്നാൽ വേറെ കുട്ടികൾക്ക് ഉപയോഗിക്കാമെന്ന് വസ്ത്രം കൊടുക്കുമ്പോൾ പറയാറുണ്ട്. അല്ലാതെ തരണമെന്ന് നിർബന്ധം പിടിക്കാറില്ല.

ഡ്രസ് ബാങ്കിലേക്ക് എങ്ങനെ ഡൊണേറ്റ് ചെയ്യാം

ഡ്രസ് ബാങ്ക് ആർക്ക് വേണമെങ്കിലും വന്ന് കാണാം. ഈരാട്ടുപേട്ട ടൗണിൽ തന്നെയാണ്. പ്രദേശത്തുള്ളവർക്ക് ഡൊണേറ്റ് ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ, വസ്ത്രങ്ങൾ ഞങ്ങൾ പോയി എടുക്കാറാണ് പതിവ്. ദൂരെയുള്ളവരാണെങ്കിൽ അയച്ച് തരും. ഹൈദരാബാദിൽ നിന്ന് ഒരാൾ വിളിച്ച് അയച്ചുതരാമെന്ന് പറഞ്ഞിട്ടുണ്ട്. സാമ്പത്തിക സഹായവും സ്വീകരിക്കും.

വസ്ത്രങ്ങൾ ഡൊണേറ്റ് ചെയ്യാൻ താത്പര്യമുള്ളവർക്ക് ഡ്രസ് ബാങ്ക്, മദീന കോംപ്ലക്‌സ്, സെൻട്രൽ ജംഗ്ഷൻ, ഈരാട്ടുപേട്ട, 686121 എന്ന വിലാസത്തിൽ അയക്കാം. കൂടുതൽ വിവരങ്ങൾക്ക്-9074819858എന്ന നമ്പരിൽ ബന്ധപ്പെടാം.

dress-bank1

ഡ്രസ് ബാങ്ക് മാത്രമല്ല മറ്റൊരു ആശയം കൂടെയുണ്ട്

വസ്ത്രങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെ ബാഗ് കളക്ഷനും പ്ലാനുണ്ട്. ഒരുപാട് നല്ല ബാഗുകൾ വെറുതെ കൊണ്ടുപോയി കളയുകയാണ്. ആ ബാഗുകൾ കളക്ട് ചെയ്‌ത് പാവപ്പെട്ട കുട്ടികൾക്ക് കൊടുക്കാനാണ് പ്ലാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DRESS BANK, IRATTUPETTA, KOTTAYAM, WEDDING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.