പാലക്കാട്: ദേശീയ അവാർഡ് ജേതാവ് നഞ്ചമ്മയ്ക്ക് ഒടുവിൽ പുതിയ വീട്. ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നഞ്ചമ്മയ്ക്ക് വീട് വച്ച് നൽകിയത്. അട്ടപ്പാടിയിലെ ഊരിൽ ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത വീട്ടിലാണ് നഞ്ചമ്മ താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാർഡുകൾ സൂക്ഷിക്കാൻ പോലും വീട്ടിൽ ഇടമില്ലെന്ന് നഞ്ചമ്മ പല തവണ പറഞ്ഞിട്ടുണ്ട്. ഈ ദയനീയ അവസ്ഥ കണ്ട് ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് വീട് പണിഞ്ഞ് നൽകാൻ തയ്യാറായത്. മൂന്ന് മാസം മുൻപായിരുന്നു വീട്ടിന് തറക്കല്ലിട്ടത്. പണി അതിവേഗം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് നഞ്ചമ്മ പുതിയ വീട്ടിൽ താമസമാക്കിയത്.
പഴയ വീടിന്റെ തൊട്ടടുത്ത് തന്നെയാണ് പുതിയ വീട് പണിതിരിക്കുന്നത്. ഇനി നഞ്ചമ്മയ്ക്ക് തന്റെ അവാർഡുകൾ സുരക്ഷിതമായി ഇവിടെ സൂക്ഷിക്കാം. അന്തരിച്ച സംവിധായകൻ സച്ചിയുടെ 'അയ്യപ്പനും കേശി'യും എന്ന ചിത്രത്തിലൂടെയാണ് നഞ്ചമ്മ ജനശ്രദ്ധ നേടിയത്. ചിത്രത്തിൽ നഞ്ചമ്മ പാടിയ ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
എന്നാൽ അടുത്തിടെ നഞ്ചമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിനെ വിമർശിച്ച് സംഗീതജ്ഞൻ ലിനു ലാൽ രംഗത്ത് വന്നു. നഞ്ചമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്നായിരുന്നു ലിനുവിന്റെ ചോദ്യം. ഒരു മാസം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം പാടാൻ നഞ്ചമ്മയ്ക്ക് കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവർക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാൽ വിമർശിച്ചിരുന്നു.എന്നാൽ, വിവാദം കാര്യമാക്കുന്നില്ലെന്നായിരുന്നു നഞ്ചമ്മയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |