കൊല്ലം: ഫോൺസന്ദേശം വരുന്നതിന് പിന്നാലെ ഫാൻ ഓഫാകുകയുൾപ്പെടെയുള്ള അത്ഭുതങ്ങൾ നടന്നതിന് പിന്നിൽ കൗമാരക്കാരനെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലുള്ളവരെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീട് കാര്യമാവുകയായിരുന്നു. അത്ഭുതം നടക്കുന്നുവെന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.
വീട്ടുകാരുടെ ഫോണുകൾ പ്രത്യേക ആപ് വഴി ബന്ധിപ്പിച്ചായിരുന്നു മൂന്നു മാസമായി കുട്ടിയുടെ പ്രവൃത്തി. ‘ഇപ്പോൾ ഫാൻ ഓഫാകും, കറണ്ട് പോകും’ എന്നൊക്കെയുള്ള സന്ദേശവും പിന്നാലെ ഇതെല്ലാം സംഭവിക്കുകയും ചെയ്തതോടെ സമൂഹമാദ്ധ്യമങ്ങളിലും ഇക്കാര്യം വ്യാപകമായി പ്രചരിച്ചു. സന്ദേശം അയച്ചശേഷം കുട്ടി തന്നെയാണ് ഫാൻ ഓഫാക്കിയിരുന്നതും മറ്റും.
സൈബർ പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഫോണിൽ ആപ്പുകൾ കണ്ടെത്തിയത്. കുട്ടിക്ക് കൗൺസലിംഗ് നൽകിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടു. വീട്ടിലെ ടിവിയും മറ്റ് ഉപകരണങ്ങളും കേടായതിന് പിന്നിൽ അസ്വാഭാവികതയില്ലെന്ന് കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് പ്രശാന്ത് പറഞ്ഞു.