SignIn
Kerala Kaumudi Online
Saturday, 27 April 2024 7.29 AM IST

പുതിയ ലേബര്‍ കോഡുകള്‍: ആശയപരമായി മുന്നോട്ടെങ്കിലും പ്രായോഗികത കുറവ്

job

തൊഴിൽ നിയമങ്ങളിൽ ആശയപരമായ വലിയ മാറ്റങ്ങളാണ് അടുത്തകാലത്തായി ഉണ്ടായത്. പുതിയ ലേബർ കോഡുകൾ വന്നെങ്കിലും വ്യക്തമായ ചട്ടങ്ങൾ ഇല്ലാത്തത് ഈ നിയമങ്ങൾ നടപ്പിലാക്കാൻ വെല്ലുവിളിയാവുകയാണ്. ഒരു കാലത്ത് ഫാക്ടറികളിൽ രാത്രി ജോലി ചെയ്യുന്നതിന് സ്ത്രീകളെ നിയമപരമായി വിലക്കിയിരുന്നു. എന്നാൽ ഇപ്പോൾ, സ്ത്രീകളെ അവരുടെ സമ്മതപ്രകാരം രാത്രി ജോലികളിൽ നിയമിക്കാം. പക്ഷെ ഇത് നടപ്പിലാക്കാനായി സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്ന കരട് ചട്ടങ്ങൾ ആശയപരമായി മുന്നിട്ട് നിൽക്കുന്നതാണെങ്കിലും പ്രായോഗികത കുറഞ്ഞതാണ്.

2020ലാണ് ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ് (ഒ.എസ്.എച്ച്.സി) നിലവിൽ വന്നത്. 1948ലെ ഫാക്ടറി ആക്റ്റ് പ്രകാരം ഫാക്ടറികളിൽ സ്ത്രീകൾക്ക് രാത്രിയിൽ ജോലി ചെയ്യുന്നതിന് ഉണ്ടായിരുന്ന വിലക്ക് ഇതോടെ ഇല്ലാതായിരുന്നു. എന്നാൽ, തൊഴിൽ നിയമങ്ങൾ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയമായതിനാൽ, ഒ.എസ്.എച്ച് കോഡ് നടപ്പിലാക്കുന്നതിന് വേണ്ട ചട്ടങ്ങൾ പുറപ്പെടുവിക്കാനുള്ള ചുമതല സംസ്ഥാന സർക്കാരിനാണ്. ഓരോ സംസ്ഥാനങ്ങൾ അനുസരിച്ച് ഈ ചട്ടങ്ങൾ മാറിവന്നേക്കാം. ഇതുവരെ, 24 സംസ്ഥാനങ്ങൾ ഒ.എസ്.എച്ച് കോഡിന് കീഴിലെ കരട് ചട്ടങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനാണ് പ്രായോഗികമായ വെല്ലുവിളി നേരിടുന്നത്.

2021ൽ കേരളം പുറപ്പെടുവിച്ച കരട് നിയമപ്രകാരം രാത്രി കാലങ്ങളിൽ സ്ത്രീകളെ ജോലിക്കെടുന്നതിനായി തൊഴിലുടമകൾ മുൻകൂറായി ചെയ്യേണ്ട ചില വ്യവസ്ഥകളുണ്ട്. 44ാം ചട്ടത്തിലാണ് ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ആവശ്യത്തിന് വെളിച്ചമുണ്ടാകണം, ഭക്ഷണം കഴിക്കാനായി പ്രത്യേക മുറികൾ, പ്രത്യേകം ശുചിമുറികൾ, ജോലി ചെയ്യുന്നതിന് അടുത്തുതന്നെ കുടിവെള്ള സൗകര്യങ്ങൾ, താമസ സ്ഥലത്ത് എത്തുന്നതിനുള്ള ഗതാഗത സൗകര്യങ്ങൾ, ആവശ്യത്തിനുള്ള സെക്യൂരിറ്റികൾ എന്നിവയാണ് ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരക്ഷണ നടപടികൾ. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനായി ഇത്തരം വ്യവസ്ഥകൾ ആവശ്യമാണെങ്കിലും, ഇവ നടപ്പിലാക്കാൻ വലിയ തുകകൾ ചിലവഴിക്കേണ്ടതായി വരും. മാത്രമല്ല, ഇത്തരം വ്യവസ്ഥകൾ ശരിയായി നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ കൂടുതൽ വകുപ്പുതല പരിശോധനകളും ഉണ്ടായേക്കാം. ഇത്തരം കാരണങ്ങളാൽ തൊഴിലുടമകൾക്ക് സ്ത്രീകളെ ജോലിയിൽ എടുക്കാൻ താൽപര്യം കുറയുകയും പുരുഷന്മാരെ ജോലിയിൽ എടുക്കാനുള്ള താത്പര്യം കൂടുകയും ചെയ്യുന്നു.

മാത്രമല്ല, ഒ.എസ്.എച്ച് കോഡിലെ സെക്ഷൻ 43 അനുസരിച്ച്, സ്ത്രീകളുടെ സമ്മതം ലഭിച്ചാൽ മാത്രമേ അവരെ രാത്രികാലങ്ങളിൽ ജോലി ചെയ്യിപ്പിക്കാൻ സാധിക്കൂ. ഉത്പാദന മേഖലയിൽ സ്ത്രീകൾ രാത്രി ജോലി ചെയ്യുന്നത് സാധാരണമല്ലാത്തതിനാൽ ഈ വ്യവസ്ഥ വളരെ പ്രധാനമാണ്, ഇക്കാരണത്താൽ അവർക്ക് രാത്രി ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നൽകേണ്ടതാണ്. എന്നാൽ, ഒ.എസ്.എച്ച് കോഡിലോ ചട്ടങ്ങളിലോ ഇത്തരം അനുവാദം എപ്പോൾ എടുക്കണമെന്നോ ഏതെല്ലാം അവസരങ്ങളിൽ അത് പിൻവലിക്കാമെന്നോ കൃത്യമായി പറയുന്നില്ല.

സമ്മതം ആവശ്യപ്പെടുന്ന ഈ വ്യവസ്ഥ സ്ത്രീകളെ ശാക്തീകരിക്കുന്നതാണെങ്കിലും അത് പുരഷന്മാർക്കെതിരെ വിവേചനപരമായതാണ്. കാരണം, പുരുഷന്മാർക്ക് രാത്രിയിൽ ജോലി ചെയ്യുന്നതിനായി അവരുടെ അനുവാദം ആവശ്യപ്പെടുന്ന ഒരു നിയമ വ്യവസ്ഥയും നിലവിലില്ല. മറ്റൊരു കാര്യം എന്തെന്നാൽ, ഒരു സ്ത്രീ തൊഴിലാളി രാത്രിയിൽ ജോലി ചെയ്യുന്നതിന് സ്വയം സമ്മതം നൽകിയില്ലെങ്കിൽ, ഒരുപക്ഷെ, അത് അവരുടെ ജോലി സാദ്ധ്യതയേയും സ്ഥാനക്കയറ്റത്തേയും വരെ ബാധിച്ചേക്കാം. രാത്രി സമയങ്ങളിൽ ജോലി ചെയ്യാനുള്ള ചുമതല ഓരോരുത്തർക്കും മാറി മാറി നൽകുന്നതിനാൽ, സ്ത്രീ തൊഴിലാളികൾ അതിനായി സമ്മതം നൽകിയില്ലെങ്കിൽ, പുരുഷന്മാരായ തൊഴിലാളികൾ രാത്രി ജോലി ചെയ്യുന്നതിന് നിർബന്ധിതരാകും.

പുരുഷന്മാർക്ക് രാത്രി ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഇല്ലാതെ വരുമ്പോൾ, സ്ഥാപനങ്ങൾ ജോലി നൽകുന്നതിനായി സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് മുൻഗണന നൽകുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ഈ നിയമത്തിന് വിപരീതഫലമാണ് ഉണ്ടാവുക. ഇത്തരം അവസ്ഥകളെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചു നിയമത്തിൽ വ്യക്തമല്ല.

സ്ത്രീകൾ ഫാക്ടറികളിൽ ജോലി ചെയ്യുന്നതിന് എതിരെ ഉണ്ടായിരുന്ന നിയമ നിയന്ത്രണങ്ങൾ മാറ്റിക്കൊണ്ട് ഉത്പാദന മേഖലയിൽ പുരോഗമനപരമായ മാറ്റം കൊണ്ടുവരാൻ ഒ.എസ്.എച്ച് കോഡിന് സാധിച്ചിട്ടുണ്ട്. എന്നാൽ, അതോടൊപ്പം തന്നെ സംസ്ഥാനങ്ങളും കുറച്ചുകൂടി വ്യക്തമായ ചട്ടങ്ങൾ പുറപ്പിടുവിച്ചുകൊണ്ട് സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് വർദ്ധിപ്പിക്കേണ്ടതാണ്. ചട്ടങ്ങൾ ഉണ്ടാക്കിയെടുക്കുമ്പോൾ, സംരക്ഷണത്തിന്റെ പേരിൽ തടസങ്ങൾ നേരിടേണ്ടി വരുന്നതിന് പകരം, സ്ത്രീ തൊഴിലാളികളെ തിരഞ്ഞെടുക്കാൻ തൊഴിലുടമകളെ എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നതിനെക്കുറിച്ച് സർക്കാർ ചിന്തിക്കണം. മാത്രമല്ല, സംരക്ഷണവും സുരക്ഷിതമായ യാത്രാ സൗകര്യവും നൽകേണ്ട ചുമതല തൊഴിലുടമകളുടെ മേൽ മാത്രം ആകരുത്. സംസ്ഥാനത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ സുഗമമാക്കാനുള്ള സേവനങ്ങൾ നടത്താനുള്ള ചുമതല സർക്കാരിനാണ്. അതുപോലെ, സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ കൊണ്ടുവരാനായാണ് നിയമങ്ങൾ പ്രവർത്തിക്കേണ്ടത്.

ഏപ്രില്‍ സൂസന്ന വര്‍ക്കി

റിസര്‍ച്ച് അസോസിയേറ്റ്, സിപിപിആര്‍

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.