SignIn
Kerala Kaumudi Online
Saturday, 19 September 2026 10.41 PM IST

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് 108 ആംബുലൻസിലെ ജീവനക്കാരെ ആക്രമിച്ചു

1

വിഴിഞ്ഞം: ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വന്ന 108 ആംബുലൻസ് ജീവനക്കാർക്കു നേരെ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ ആക്രമണം. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ വെങ്ങാനൂർ പനങ്ങോട് റോഡിലായിരുന്നു സംഭവം.

ബാലരാമപുരം സ്വദേശികളായ തൗഫീഖ് (22), ശ്രീനന്ദൻ (19) എന്നിവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ഓടയിൽ വീണു. പരിക്കുപറ്റിയ ഇവരെ ആശുപത്രിയിലെത്തിക്കാനായി വന്ന നേമം താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസിലെ ജീവനക്കാരെയാണ് തൗഫീഖ് ആക്രമിച്ചത്.

അക്രമാസക്തനായ തൗഫീഖ് ആംബുലൻസിന്റെ ഡോർ പിടിച്ചടയ്ക്കുകയും ജീവനക്കാർക്കു നേരെ അസഭ്യം വിളിക്കുകയും ചെയ്തു. അപകടത്തിൽ പരിക്കുപറ്റി ഓടയിൽ കിടന്ന ശ്രീനന്ദനെ ജീവനക്കാർ ആംബുലൻസിലേക്ക് മാറ്റി. തൗഫീഖും ഒപ്പം ആംബുലൻസിലേക്ക് കയറി. പരിക്ക് പറ്റിയ ശ്രീനന്ദനെ മർദ്ദിക്കുകയും ഇത് തടയാൻ ശ്രമിച്ച 108 ആംബുലൻസിലെ നഴ്സ് വിഷ്ണുവിനെ ആക്രമിക്കുകയുമായിരുന്നു.

തുടർന്ന് തൗഫീഖ് കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് ആംബുലൻസിനുള്ളിൽ വലിച്ചെറിഞ്ഞു. ഇത് തടയാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ രാഹുലിനെ ആംബുലൻസിലെ ഡോറിൽ നിന്ന് പൊട്ടിച്ചെടുത്ത കമ്പി കൊണ്ട് ആക്രമിച്ചു.

നാട്ടുകാർ ഉടൻ വിവരം പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനു നേരെയും തൗഫീഖ് അസഭ്യം വിളിച്ചു. ഒടുവിൽ പരിക്കേറ്റ യുവാവിനെയും ആംബുലൻസ് ജീവനക്കാരെയും പൊലീസ് വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെയും അക്രമാസക്തനായ തൗഫീഖ് ഡോക്ടറെ അസഭ്യം വിളിച്ച് ബഹളം വച്ച് ആശുപത്രി ജീവനക്കാരെയും ആംബുലൻസ് ജീവനക്കാരെയും വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു.

ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് കോവളം പൊലീസ് വീണ്ടുമെത്തി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആംബുലൻസ് ജീവനക്കാർ വിഴിഞ്ഞം പൊലീസിലും ഡ്യൂട്ടി തടസപ്പെടുത്തിയതായി കാട്ടി ഡോക്ടറും തൗഫീഖിനെതിരെ കോവളം പൊലീസിൽ പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY