ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഹൽദ്വാനിയിലെ റെയിൽവേ ഭൂമിയിൽ എഴ് പതിറ്റാണ്ടായി താമസിക്കുന്ന 4,365 കുടുംബങ്ങളിലെ അൻപതിനായിരം പേരെ കുടിയൊഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തടഞ്ഞു. ഒഴിപ്പിക്കൽ നേരിടുന്നവർ നൽകിയ ഹർജിയിലാണ് നടപടി.
നടപടികൾക്ക് സ്റ്റേ ഇല്ലെന്നും ഹൈക്കോടതിയുടെ ഒഴിപ്പിക്കൽ നിർദ്ദേശം മാത്രമാണ് സ്റ്റേ ചെയ്തതെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഫെബ്രുവരി ഏഴിന് ഹർജി വീണ്ടും പരിഗണിക്കും.
കെട്ടിടങ്ങൾ ജനുവരി ഒമ്പതിനകം ഒഴിയാനാണ് നോട്ടീസ്. ഇതിൽ പ്രായോഗിക പരിഹാരം കാണാൻ ഉത്തരാഖണ്ഡ് സർക്കാരിനോടും റെയിൽവേയോടും കോടതി ആവശ്യപ്പെട്ടു. ഇത് മാനുഷിക വിഷയമാണ്. അമ്പതിനായിരം പേരെ ഒറ്റയടിക്ക് ഒഴിപ്പിക്കാനാവില്ല. എഴുപത് വർഷമായി ഒരിടത്ത് താമസിക്കുന്നവരെ, അനധികൃത താമസമാണെങ്കിൽ പോലും കുടിയൊഴിപ്പിക്കുമ്പോൾ പുനരധിവാസം ഉറപ്പാക്കണം. പകുതിയോളം കുടുംബങ്ങൾക്ക് പട്ടയമുണ്ട്. ഏഴ് ദിവസത്തിനകം അമ്പതിനായിരം പേരെ എങ്ങനെ ഒഴിപ്പിക്കുമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ചോദിച്ചു. പതിറ്റാണ്ടുകളായി താമസിക്കുന്നവരെ ഒഴിപ്പിക്കാൻ അർദ്ധ സൈനികരെ വിന്യസിക്കുന്നത് ശരിയല്ലെന്നും വ്യക്തിഗത കേസുകളായി പരിശോധിക്കണമെന്നും ജസ്റ്റിസ് അഭയ് എസ്. ഓകയും പറഞ്ഞു.
ഒഴിപ്പിക്കപ്പെടുന്നവരുടെ വാദം
സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ഹൈക്കോടതിയിൽ തങ്ങളുടെ കേസ് ശരിയായി വാദിച്ചില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. പാർശ്വവത്കരിക്കപ്പെട്ട ഇവർ ഭവനരഹിതരാകും. ഹർജിക്കാർക്ക് ഉടമസ്ഥാവകാശവും പട്ടയങ്ങളും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂമി റെയിൽവേയുടേതാണെന്നും ഹർജിക്കാർ ഭൂമിയാണ് അവകാശപ്പെടുന്നതെന്നും പുനരധിവാസം ആവശ്യപ്പെട്ടില്ലെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചു.
കേസ് ഇങ്ങനെ
ഹൽദ്വാനി റെയിൽവേ സ്റ്റേഷന് സമീപത്തെ രണ്ട് കിലോമീറ്റർ നീളത്തിലുള്ള ഭൂമിയിൽ 4,365 കുടുംബങ്ങളുള്ള കോളനി.
നാല് സർക്കാർ സ്‌കൂളുകൾ, 11 സ്വകാര്യ സ്‌കൂളുകൾ,ഒരു ബാങ്ക്, പത്ത് മുസ്ലിം പള്ളികൾ, നാല് ക്ഷേത്രങ്ങൾ, രണ്ട് വാട്ടർ ടാങ്കുകൾ, നിരവധി കടകൾ.
കൈയേറ്റങ്ങൾ നീക്കാൻ ഹൈക്കോടതിയിൽ 2013ൽ പൊതുതാത്പര്യ ഹർജി.
10 ആഴ്ചയ്‌ക്കകം ഒഴിപ്പിക്കാൻ 2016ൽ ഹൈക്കോടതി നിർദ്ദേശം.
2022ൽ റെയിൽവേയും നൈനിറ്റാൾ ജില്ലാ ഭരണകൂടവും സമർപ്പിച്ച ഒഴിപ്പിക്കൽ പദ്ധതിയുടെ അടിസ്ഥാനത്തിൽ കൈയേറ്റം ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |