നിർത്താതെ പോയ ബസ് കണ്ടെത്തി ഫിറ്റ്നസ് റദ്ദാക്കി
കൊല്ലം: ഇറങ്ങുന്നതിനിടെ സ്വകാര്യ ബസിന്റെ പടി തകർന്ന് യാത്രക്കാരിയുടെ വലത് കാലിന് സാരമായി പരിക്കേറ്റു. യാത്രക്കാരിയുടെ കാലിൽ നിന്ന് ചോരയൊലിക്കുന്നത് കണ്ടിട്ടും നിർത്താതെ പോയ ബസ് ആർ.ടി.ഒ കണ്ടെത്തി ഫിറ്റ്നസ് റദ്ദാക്കി. പി.ഡബ്ലു.ഡി വിഭാഗം ക്വാളിറ്റി കൺട്രോൾ വിഭാഗം ക്ലർക്ക് പുന്തലത്താഴം സ്വദേശി എ. നിസക്കാണ് പരുക്കേറ്റത്.
ഇന്നലെ രാവിലെ 10 മണിയോടെ ചിന്നക്കട മുനിസിപ്പൽ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. അഞ്ചൽ - കൊല്ലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സെന്റ് ജോൺസ് ബസിന്റെ മുൻഭാഗത്തെ അവസാനത്തെ പടി നിസ ഇറങ്ങുന്നതിനിടയിൽ തകരുകയായിരുന്നു. ബലമില്ലാത്ത പ്ലൈ വുഡ് കൊണ്ട് നിർമ്മിച്ചതായിരുന്നു പടി. തകരം കൊണ്ടുള്ള ചട്ടക്കൂടും ഇല്ലായിരുന്നു. സ്ഥലത്തുണ്ടായിരുന്നുവർ ബഹളം വച്ചിട്ടും യാത്രക്കാരിയെ ആശുപത്രിയിൽ പോലും എത്തിക്കാതെ ബസ് ഓടിച്ചുപോയി. പിന്നീട് സഹപ്രവർത്തകരെത്തി നിസയെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. ആർ.ടി.ഒയേയും വിവരം അറിയിച്ചു. തൊട്ടുപിന്നാലെ ജീവനക്കാരിയെ തേടി ബസ് ജീവനക്കാർ ജില്ലാ ആശുപത്രിയിലെത്തി.
കൈപ്പിടിയിൽ മുറുകെ പിടിച്ചിരുന്നത് കൊണ്ടാണ് നിസയ്ക്ക് ഗുരുതരമായി പരിക്ക് എൽക്കാതിരുന്നത്. പരിശോധനയ്ക്ക് ശേഷം മോട്ടോർ വാഹന വകുപ്പ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |