കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബാൾ പ്രാഥമിക റൗണ്ടിൽ രണ്ടാം ഗ്രൂപ്പിൽ തുടർച്ചയായ നാലാം വിജയവുമായി കേരളം ഫൈനൽ റൗണ്ട് പ്രവേശനസാധ്യത സജീവമാക്കി കേരളം. ഇന്നലെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ജമ്മു കശ്മീരിനെ തകർത്ത് 12 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തിയ കേരളത്തിന് മിസോറാമിനെതിരേ ഞായറാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ തോൽക്കാതിരുന്നാൽ നേരിട്ട് ഫൈനൽ റൗണ്ട് കളിക്കാം.വിഖ്‌നേഷ്, റിസ്വാൻ അലി, നിജോ ഗിൽബർട്ട് എന്നിവർ നേടിയ ഗോളുകൾക്കാണ് ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ ഗ്രൗണ്ടിൽ കേരളം കാശ്മീരിനെ തകർത്തത്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 51-ാം മിനിട്ടിലാണ് കേരളം ആദ്യ ഗോൾ നേടിയത്. നിജോ ഗിൽബർട്ട് ചിപ് ചെയ്ത് നൽകിയ പാസിൽ നിന്ന് വിഖ്‌നേഷാണ് കേരളത്തെ മുന്നിലെത്തിച്ചത്. ഗോളിയെ വെട്ടിച്ച് കടന്ന വിഖ്‌നേഷ് പോസ്റ്റിന്റെ വലതുഭാഗത്ത് അസാധ്യമായൊരു ആംഗിളിൽനിന്ന് ഷൂട്ട് ചെയ്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു. 76-ാം മിനിട്ടിൽ ഇടതുവിംഗിലൂടെ പന്തുമായി മുന്നേറി വിശാഖ് മോഹൻ നൽകിയ പാസാണ് റിസ്വാൻ അലി വലയിലെത്തിച്ചത്. ഇൻജുറി ടൈമിന്റെ മൂന്നാം മിനിട്ടിൽ വിഖ്‌നേഷ് നൽകിയ പാസ് പിടിച്ചെടുത്ത നിജോ ഗിൽബർട്ട് പട്ടിക പൂർത്തിയാക്കി.
യോഗ്യതാ റൗണ്ടിൽ ആറ് ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരാണ് ഫൈനൽ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടുന്നത്. മികച്ച മൂന്ന് റണ്ണറപ്പുകളും യോഗ്യത നേടും.രാജസ്ഥാൻ, ബിഹാർ, ആന്ധ്രാപ്രദേശ് എന്നീ ടീമുകളെയാണ് കേരളം ആദ്യ മത്സരങ്ങളിൽ തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |