വാഷിംഗ്ടൺ: യു.എസ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്പീക്കർ നോമിനി കെവിൻ മക്കാർത്തിക്ക് ആറാം റൗണ്ട് തിരഞ്ഞെടുപ്പിലും പരാജയം. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ മക്കാർത്തിയ്ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയതാണ് അനിശ്ചിതത്വത്തിന് കാരണം.
ചൊവ്വാഴ്ച നടത്തിയ ആദ്യ മൂന്ന് റൗണ്ട് വോട്ടിലും മക്കാർത്തിക്ക് കേവല ഭൂരിപക്ഷമായി 218 വോട്ട് നേടാനായില്ല. പിന്നാലെ പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് നടത്തിയ അടുത്ത മൂന്ന് റൗണ്ട് വോട്ടിംഗിലും സ്ഥിതി ആവർത്തിച്ചു. ഇതോടെ സഭ വീണ്ടും പിരിഞ്ഞു. 100 വർഷത്തിനിടെ ആദ്യമായാണ് ഒന്നിലധികം റൗണ്ടുകൾ പിന്നിട്ടിട്ടും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിൽ സഭ പരാജയപ്പെടുന്നത്.
നവംബറിൽ നടന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ 212 സീറ്റുകൾ നേടിയപ്പോൾ 222 സീറ്റുകൾ സ്വന്തമാക്കിയാണ് റിപ്പബ്ലിക്കൻമാർ സഭ പിടിച്ചെടുത്തത്. എന്നാലിപ്പോൾ സ്പീക്കറുടെ പേരിലുണ്ടായ ഭിന്നത റിപ്പബ്ലിക്കൻമാർക്ക് തലവേദനയാവുകയാണ്. പാർട്ടിയിലെ കൺസർവേറ്റീവ് വിഭാഗത്തിലെ 20 അംഗങ്ങളാണ് മക്കാർത്തിയുമായി ഇടഞ്ഞുനിൽക്കുന്നത്.
ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസി ചൊവ്വാഴ്ച പദവി ഒഴിഞ്ഞത് മുതൽ ജനപ്രതിനിധി സഭ സ്പീക്കറില്ലാതെ തുടരുകയാണ്. മക്കാർത്തി വിരുദ്ധരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി. ഇതിന് കഴിഞ്ഞില്ലെങ്കിൽ എല്ലാവർക്കും സ്വീകാര്യമായ മറ്റൊരു സ്ഥാനാർത്ഥിയെ പാർട്ടിക്ക് പ്രഖ്യാപിക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |