കോഴിക്കോട്: ഭക്ഷ്യവിഷബാധ നിത്യസംഭവമായി മാറിയ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ 14 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചിരുന്ന 11 സ്ഥാപനങ്ങൾക്ക് പിഴയീടാക്കി. കോഴിക്കോട് സിറ്റി, കുറ്റ്യാടി, കൊടുവള്ളി, എലത്തൂർ തുടങ്ങിയ ഇടങ്ങളിലെ 66 സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വിവിധ ഇടങ്ങളിൽ നിന്നായി 25 ഓളം സാമ്പിളുകൾ ശേഖരിച്ചു.നാല് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.
ഭക്ഷ്യവിഷബാധ ആവർത്തിക്കുമ്പോഴും മതിയായ രീതിയിൽ ലാബ് പരിശോധനാ സംവിധാനം കേരളത്തിലില്ലെന്നത് തിരിച്ചടിയാണ്. സംസ്ഥാന കലോത്സവം നടക്കുന്ന സാഹചര്യത്തിലും വഴിയോര കച്ചവടസ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഭക്ഷണം കഴിക്കാൻ നിരവധി പേരാണ് എത്തുന്നത്. പ്രധാന വേദികൾ കേന്ദ്രീകരിച്ച് നടത്തുന്ന കച്ചവട സ്ഥാപനങ്ങളിലും പരിശോധന വ്യാപകമായി നടക്കുന്നുണ്ട്.
ഭക്ഷ്യവിഷബാധയേത്തുടർന്ന് സംസ്ഥാനത്ത് ആറുദിവസത്തിനിടെ രണ്ട് പേരാണ് മരിച്ചത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ കാസർഗോഡ് സ്വദേശിയായ അഞ്ജുശ്രീ പാർവതിയാണ് കാസർകോട്ടെ ഹോട്ടലിൽ നിന്ന് വരുത്തിച്ച കുഴിമന്തി കഴിച്ച് ഇന്നലെ മരണപ്പെട്ടത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു പെൺകുട്ടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം സംക്രാന്തിയിൽ ഹോട്ടലിൽ നിന്ന് വരുത്തിച്ച അൽഫാം കഴിച്ച് നഴ്സായ രശ്മി മരിച്ചത്. ഭക്ഷ്യവിഷബാധ സംബന്ധിച്ച മരണങ്ങളോ പരാതികളോ ഉണ്ടാകുമ്പോൾ മാത്രം പരിശോധനയ്ക്ക് ഇറങ്ങുന്ന രീതിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
ക്രിസ്മസ്, ന്യൂ ഇയർ വിപണിയിൽ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷാ പരിശോധന ജില്ലയിൽ കടുപ്പിച്ചിരുന്നു. ഭക്ഷണത്തിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ കണ്ടെത്തിയാൽ ആറു മാസം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കും. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിതരണംചെയ്താൽ അഞ്ച് ലക്ഷം രൂപ വരെയും ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരുന്നാൽ മൂന്നു ലക്ഷം രൂപ വരെയുമാണ് പിഴ ഈടാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |