പാലക്കാട്: ഭൂജല സംരക്ഷണത്തിനായി സമഗ്ര നീർത്തടാധിഷ്ടിത പദ്ധതി ‘നീരുറവ്’ നടപ്പാക്കാനൊരുങ്ങി നെല്ലറ. ഇതിനായി നവകേരള മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ആദ്യഘട്ട പ്രവർത്തനം പുരോഗമിക്കുകയാണ്. 88 പഞ്ചായത്തിലായി ഇതിനോടകം 436 നീർത്തടങ്ങളെ കണ്ടെത്തിക്കഴിഞ്ഞു. ഇവയുടെ പരിധിയിലാണ് തുടർപ്രവർത്തനങ്ങൾ നടപ്പാക്കുക. കൃഷിവികസനം ഉൾപ്പെടെ നീർത്തടാധിഷ്‌ടിത പ്രവർത്തനങ്ങൾ ഏറ്റെടുക്കും.
പദ്ധതി നടത്തിപ്പിനായി 345 നീർത്തട കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നീർത്തടത്തിന്റെ സ്വഭാവം കണ്ടെത്താനും അവിടെ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കാനുമായി നീർത്തട നടത്തവും സംഘടിപ്പിച്ചിരുന്നു. 88 പഞ്ചായത്തിലും കമ്മിറ്റിയും നീർത്തട അയൽക്കൂട്ടങ്ങളും സാങ്കേതിക കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ നീർത്തട ഗ്രാമസഭകളും ചേർന്നു. പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലത്തിൽ ഏകോപന സമിതികളും പ്രവർത്തിക്കുന്നുണ്ട്.
കൈകോർത്ത് തൊഴിലുറപ്പ് തൊഴിലാളികളും
മണ്ണ്,ജല സംരക്ഷണ പ്രവർത്തനങ്ങൾ പ്രധാനമായും തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് നടപ്പാക്കുക. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി ലഭിക്കാനും ‘നീരുറവ്’ വഴിയൊരുക്കും. പഞ്ചായത്തുകൾ തയ്യാറാക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ വിഭവ പരിപാലന, ജലസംരക്ഷണ, കാർഷിക, ഉപജീവന പ്രവർത്തനങ്ങൾ പരമാവധി സാദ്ധ്യമാക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും നീർച്ചാൽ ശൃംഖലകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തി ഉൾപ്പെടുന്ന സമഗ്ര പദ്ധതിരേഖ തയ്യാറാക്കും. മൂന്നു വർഷത്തേക്കുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പരിപാലനവും തൊഴിലുറപ്പ് തൊഴിലാളികൾക്കായിരിക്കും.
നീർച്ചാലുകൾ, കുളങ്ങൾ, കിണറുകൾ തുടങ്ങിയവ സംരക്ഷിക്കും. ഹരിതകേരളം മിഷൻ ജല ഉപമിഷൻ സാങ്കേതിക സമിതിയാണ് സാങ്കേതിക സഹായം ലഭ്യമാക്കുന്നത്. സംസ്ഥാന ഐ.ടി മിഷൻ, ഹരിതകേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി എന്നിവ തയ്യാറാക്കിയ മാപ്പുകൾ പ്രവർത്തനത്തിനായി ഉപയോഗിക്കും. ഈ മാസം 30ഓടെ എല്ലാ പഞ്ചായത്തിലും പദ്ധതി തയ്യാറാക്കും.
നവകേരളം കർമ്മ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട കാമ്പെയിനാണിത്. ജില്ലയിൽ ജലസംരക്ഷണ വിഭവ പരിപാലന മേഖലയിൽ വലിയ മാറ്റം ഉറപ്പാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
പി.സെയ്‌തലവി,നവകേരള മിഷൻ, ജില്ലാ കോ ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |