കൊല്ലം: മണ്ണ് നീക്കം ചെയ്യുന്നതുൾപ്പടെയുള്ള പൊതുജനങ്ങളുടെ അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസവും ക്രമക്കേടും നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജില്ലാഓഫീസർ എസ്. സിമിലാറാണിയെ സസ്പെൻഡ് ചെയ്തു. ജില്ലാ ഓഫീസർക്കെതിരായ പരാതികളിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഉത്തരവായി.
ആലപ്പുഴ ജില്ലാജിയോളജിസ്റ്റിനാണ് കൊല്ലത്തിന്റെ അധിക ചുമതല.
പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് മേൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിൽ 500ൽ അധികം ഫയലുകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവയിൽ പലതും വീട് നിർമ്മാണത്തിന് മണ്ണ് എടുക്കുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു. അപേക്ഷകളിൽ നടപടി വൈകിയതിനാൽ പലരുടെയും വീട് നിർമ്മാണം കൃത്യസമയത്ത് തുടങ്ങാൻ കഴിയാത്ത അവസ്ഥയായി. നവംബർ ആദ്യവാരം ഓഫീസിൽ പരിശോധന നടക്കുമ്പോൾ ആറ് മാസം മുമ്പുള്ള അപേക്ഷകളാണ് കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. ഇത്തരത്തിൽ ഒരു വർഷം വരെ അപേക്ഷകളിൽ തീരുമാനം വൈകിപ്പിച്ചിരുന്നതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
അപേക്ഷകൾ തീർപ്പാകുന്നതിന്റെയും ജീവനക്കാർക്ക് പരിശോധിക്കാൻ നൽകുന്നതിന്റെയും രജിസ്റ്റർ മാത്രമാണ് ഈ ഓഫീസിലുള്ളത്. അപേക്ഷകൾ ലഭിക്കുന്ന തീയതി രേഖപ്പെടുത്താൻ രജിസ്റ്ററില്ല. അതുകൊണ്ട് തന്നെ, പല അപേക്ഷകളും എന്നാണ് ലഭിച്ചതെന്നുപോലും അറിയാത്ത സ്ഥിതിയുണ്ട്. അപേക്ഷകൾ ലഭിക്കുന്നതിന്റെ മുൻഗണനാ ക്രമത്തിൽ തീർപ്പാകുന്ന രീതിയില്ല. ഇതെല്ലാം അഴിമതിക്കുള്ള ശ്രമമായി സംശയിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |