കൊല്ലം: കളക്ട്രേറ്റിൽ കെട്ടിക്കിടക്കുന്ന ആയിരത്തിലധികം ഫയലുകളിൽ ഭൂരിഭാഗവും
പാവങ്ങളുടെ നീതി തേടിയുമുള്ള അപേക്ഷകളും നിവേദനങ്ങളും. ഇത്തരം അപേക്ഷകളും പരാതികളും കൂടുതലായി കെട്ടിക്കിടക്കുന്നത് ലാൻഡ് ആൻഡ് ലാൻഡ് റിഫോംസ്, റവന്യു, സർവ്വേ, ദുരന്ത നിവാരണം എന്നീ വിഭാഗങ്ങളിലാണ്.
കളക്ടർക്ക് നേരിട്ട് ലഭിക്കുന്ന പരാതികൾ റിപ്പോർട്ട് തേടി ബന്ധപ്പെട്ട സെക്ഷനുകളിലേക്ക് അയയ്ക്കുകയാണ് പതിവ്. മാസങ്ങൾ കഴിഞ്ഞിട്ടും ഇത്തരം ഫയലുകളിൽ മറുപടി ലഭിക്കാതെ വന്നതോടെയാണ് കളക്ടർ, ഇ- ഓഫീസിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിവരം ശേഖരിച്ചത്. ഇതോടെയാണ് മാസങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിവരം പുറത്തുവന്നത്. സർവ്വേ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്റെ കൈയിൽ മാത്രം 1500 ഓളം ഫയലുകൾ തീർപ്പാകാതെ ഉണ്ട്. ഇത്തരം ഫയലുകളിൽ വലിയൊരു വിഭാഗം തങ്ങളുടെ ജോലി കഴിഞ്ഞെങ്കിലും അപേക്ഷനുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാകാത്തവയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
പേപ്പർ ഫയലിനും തീർപ്പില്ല
ഇ- ഓഫീസിന് പുറമേ പഴയ നിലയിൽ പേപ്പർ രൂപത്തിൽ കൈകാര്യം ചെയ്യുന്ന ഫയലുകളും വലിയ അളവിൽ തീർപ്പാകാനുണ്ട്. ഇവയുടെ വിവരങ്ങളും കളക്ടർ ശേഖരിച്ചിട്ടുണ്ട്. പഴയ ഫയലുകൾ ഇ- ഓഫീസിലേക്ക് മാറ്റുന്നതിന്റെ വേഗതയും ഇടക്കാലത്ത് കുറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ്, മിസ്ലേനിയസ് എന്നീ വിഭാഗങ്ങളിലും വലിയ അളവിൽ ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇവയിൽ ജനങ്ങളുടെ ജീവിതപ്രശ്ന ഫയലുകൾ കുറവാണ്.
പ്രധാന വിഭാഗങ്ങളും
കെട്ടിക്കിടക്കുന്ന ഫയലുകളും
(ഈ മാസം 7 വരെ)
ദുരന്തനിവാരണം : 4364
തിരഞ്ഞെടുപ്പ് : 6139
ലാൻഡ് അക്വിസിഷൻ : 1121
ലാൻഡ് ആൻഡ് ലാൻഡ് റിഫോംസ് : 3370
മജെസ്റ്റിക് : 3504
മിസ് ലേനിയസ് :11242
റെവന്യു ആൻഡ് റെവന്യു റിക്കവറി : 4290
സർവ്വേ: 4042
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |