ചെന്നൈ: നയപ്രഖ്യാപനത്തിൽ സർക്കാരുൾപ്പെടുത്തിയ പല ഭാഗങ്ങളും ഒഴിവാക്കി ഗവർണർ അർ.എൻ. രവി നടത്തിയ പ്രസംഗത്തെച്ചൊല്ലി തമിഴ്നാട് നിയമസഭയിൽ പ്രമേയവും ഗവർണറുടെ ഇറങ്ങിപ്പോക്കും.സർക്കാർ തയ്യാറാക്കിയ പ്രസംഗമാണ് അംഗീകരിക്കേണ്ടതെന്നും ഗവർണർ ചേർത്തതോ ഒഴിവാക്കിയതോ ആയ ഭാഗങ്ങൾ പരിഗണിക്കരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൽ അവതരിപ്പിച്ച പ്രമേയം പാസായതോടെ ഇറങ്ങിപ്പോവുകയായിരുന്നു. ദേശീയ ഗാനത്തിനു പോലും കാത്തു നില്ക്കാതെയാണ് സഭ വിട്ടത്.
തമിഴ്നാടിനെ സമാധാനത്തിന്റെ തുറമുഖമെന്ന് വിശേഷിപ്പിക്കുന്നതും ക്രമസമാധന നില, മതനിരപേക്ഷത എന്നിവയെ കുറിച്ചുള്ള ഭാഗങ്ങളും ഗവർണർ വായിച്ചില്ല. പെരിയോർ, അംബേദ്കർ, കാമരാജ്, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളെക്കുറിച്ചുമുള്ള പരാമർശങ്ങളും ഒഴിവാക്കി. ഭരണകക്ഷിയായ ഡി.എം.കെ മുന്നോട്ടുവയ്ക്കുന്ന ദ്രാവിഡ മാതൃകയെക്കുറിച്ചുള്ള പരാമർശവും ഒഴിവാക്കിയതോടെ സഭ പ്രക്ഷുബ്ധമായി.
ഇതിനു പിന്നാലെയാണ് സ്റ്രാലിൻ പ്രമേയം അവതരിപ്പിച്ചത്. ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തി അദ്ദേഹം കൂട്ടിച്ചേർത്ത ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. ഗവർണറുടെ നടപടി നിയമസഭാ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും പ്രമേയത്തിൽ വ്യക്തമാക്കി. ഗവർണർ വിട്ടുകളഞ്ഞ ഭാഗങ്ങൾ പിന്നീട് സ്പീക്കർ വായിച്ചു.
തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കണമെന്ന് ഗവർണർ മുമ്പ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ഡി.എം.കെയുടെ സഖ്യകക്ഷികളായ കോൺഗ്രസ്, വി.സി.കെ, സി.പി.ഐ, സി.പി.എം എന്നിവർ ഗവർണറുടെ പ്രസംഗം തുടക്കത്തിലേ ബഹിഷ്‌കരിച്ചിരുന്നു. തമിഴ്നാട് എന്ന പേര് വിഭജനത്തെ സൂചിപ്പിക്കുന്നതാണെന്നും തമിഴകം ആണ് കൂടുതൽ ഉചിതമെന്നുമാണ് ഗവർണർ പറഞ്ഞിരുന്നത്. ഇതിനെക്കുറിച്ച് നയപ്രഖ്യാപനത്തിൽ വിശദീകരിക്കാൻ ശ്രമിച്ചതോടെയാണ് ഭരണകക്ഷി അംഗങ്ങൾ പ്രസംഗം ബഹിഷ്കരിച്ചത്. തമിഴ്നാട് വാഴ്ക, ഞങ്ങളുടെ തമിഴ്നാട് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി അവർ പ്രതിഷേധിച്ചു.
ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെ പരാമർശിച്ച്, താങ്കൾ ചൂതാട്ടക്കാർക്ക് ഒത്താശ ചെയ്യുന്നോയെന്ന് ചില ഡി.എം.കെ അംഗങ്ങൾ ചോദിച്ചു. വി.സിമാരെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം ഇല്ലാതാക്കുന്ന ബിൽ ഉൾപ്പെടെ നിയമസഭ പാസാക്കിയ 21 ബില്ലുകൾ ഒപ്പിടാതെ ഗവർണർ മാറ്റി വച്ചിരിക്കുകയാണ്. ഗവർണർക്കെതിരെ ക്വിറ്റ് തമിഴ്നാട് എന്ന മുദ്രാവാക്യവും അംഗങ്ങൾ മുഴക്കി. ഗവർണർ ബി.ജെ.പി, ആർ.എസ്.എസ് ആശയങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |