ന്യൂഡൽഹി:വായ്പ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ സി.ഇ.ഒ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ എന്നിവർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇവരുടെ അറസ്റ്റ് നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സി.ആർ.പി.സി സെക്ഷൻ 41 ന്റെ ലംഘനമാണ് അറസ്റ്റെന്ന് ജസ്റ്റിസ് രേവതി മൊഹിതെ ദേരെ, ജസ്റ്റിസ് പി.കെ ചവാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതിനാൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ ഇവരെ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു.
വനിത പൊലീസ് ഓഫീസറുടെ സാന്നിദ്ധ്യമില്ലാതെയാണ് ചന്ദ കൊച്ചറിനെ അറസ്സ് ചെയ്തതെന്ന് ചന്ദയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമിത് ദേശായിയും അഭിഭാഷകൻ കുശാൽ മോറും കോടതിയിൽ പറഞ്ഞു. ഇത് സി.ആർ.പി.സി സെക്ഷൻ 46(4)യുടെ ലംഘനമാണ്. ഇ.ഡിയുടെയും സി.ബി.ഐയുടെയും എല്ലാ നടപടികളോടും അവർ സഹകരിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചന്ദ കൊച്ചറിന്റെ അറസ്റ്റ് ആവശ്യമില്ലെന്ന് എൻഫോഴ്സ്മന്റ് ഡയറക്ടേറ്റ് സുപ്രീം കോടതിയിൽ വ്യക്തമാക്കിയ കാര്യവും അവർ ചൂണ്ടിക്കാട്ടി.
2021 മാർച്ചിൽ കളളപ്പണം വെളുപ്പിക്കൽ കേസിൽ ദീപക് കൊച്ചാറിന് ജാമ്യം ലഭിച്ചതായി അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരി കോടതിയെ അറിയിച്ചു. വിഡിയോകോൺഗ്രൂപ്പിന് 2012 ൽ 3, 250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ കഴിഞ്ഞ ഡിസംബർ 24നാണ് ആണ് സി.ബി.ഐ ഇവരെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |