SignIn
Kerala Kaumudi Online
Monday, 05 October 2026 3.39 AM IST

അഡ്മിനിസ്ട്രേറ്ററെ കാൺമാനില്ല: ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സപ്താഹം മുടങ്ങി

തഴവ: ക്ഷേത്ര നടത്തിപ്പിന് ആളില്ലാതെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ എല്ലാ വർഷവും ധനുമാസം അവസാനം നടക്കുന്ന ഭാഗവത സപ്താഹ യജ്ഞം മുടങ്ങി. വൃശ്ചികോത്സവത്തിന് പിന്നാലെ ക്ഷേത്ര ഭരണസമിതി പിരിച്ചുവിട്ട അഡ്മിനിസ്ട്രേറ്റർ, ക്ഷേത്രത്തിലേക്ക് തിരിഞ്ഞുനോക്കാതിരുന്നതാണ് പതിറ്റാണ്ടുകളായി നടന്നുവരുന്ന ആചാരം മുടക്കിയത്.

എല്ലാവർഷവും ധനു 26നാണ് ഭാഗവത സപ്താഹയജ്ഞം ആരംഭിക്കാറുള്ളത്. ഈമാസത്തെ ധനു 26 ഇന്നലെയായിരുന്നു. ഇന്നലെ ആരംഭിച്ചില്ലെന്ന് മാത്രമല്ല, പരിഹാര ക്രിയകൾ നടത്താനുള്ള ആലോചന പോലും ഉണ്ടായിട്ടില്ല. കൊവിഡ് കാലത്ത് പോലും ക്ഷേത്ര ഭരണസമിതി പ്രതീകാത്മകമായി നടത്തിയിരുന്ന ആചാരമാണ് ഇതോടെ മുടങ്ങിയത്. പതിനായിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തിരുന്ന സപ്താഹയജ്ഞം അകാരണമായി മുടക്കിയ നടപടിയിൽ ഭക്തർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

കാലാവധി അവസാനിച്ചതിന്റെ പേരിൽ ക്ഷേത്ര ഭരണസമിതിയെ പിരിച്ചുവിട്ടുവെന്നാണ് അഡ്മിനിസ്ട്രേറ്റുടെ വാദം. കഴിഞ്ഞ വൃശ്ചികോത്സവത്തിന് ശേഷം ഹൈക്കോടതി നിയമിച്ചിട്ടുള്ള റിട്ട. ജസ്റ്റിസായ അഡ്മിനിസ്ട്രേറ്ററും അദ്ദേഹം നിയോഗിച്ച അഭിഭാഷക കമ്മിഷനും ചേർന്നാണ് ക്ഷേത്രത്തിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സാധാരണ വൃശ്ചികോത്സവം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളിൽ വരവ് ചെലവ് കണക്കുകൾ തയ്യാറാകും. എന്നാൽ ഇത്തവണ ഉത്സവം കഴിഞ്ഞ് രണ്ട് മാസമായിട്ടും ഇടപാടുകാർ പണത്തിനായി ക്ഷേത്രത്തിൽ കയറിയിറങ്ങുകയാണ്. ധനു ഒന്നിന് രണ്ടാം ഘട്ട കടലേലം നടത്തേണ്ടതാണ്. എന്നാൽ ധനുമാസം അവസാനിക്കാറായിട്ടും വൃശ്ചികോത്സവത്തിലെ താത്കാലിക കച്ചവടക്കാരെ ഒഴിവാക്കാൻ പോലും കഴിഞ്ഞിട്ടില്ല.

2020 മാർച്ചിലാണ് ഭരണ മേൽനോട്ടത്തിന് പരബ്രഹ്മ ക്ഷേത്രത്തിൽ കേരള ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിനെ നിയമിച്ചത്. നിയമനം കിട്ടിയ ശേഷം നാളിതുവരെ നാല് തവണ മാത്രമാണ് അദ്ദേഹം ഓച്ചിറയിലെത്തിയിട്ടുള്ളത്. ഇതിൽ ഒരു തവണ പോലും ക്ഷേത്രത്തിൽ കയറിയിട്ടില്ലെന്ന് ഭരണസമിതിയംഗങ്ങൾ പറയുന്നു.

അഡ്വക്കേറ്റ് കമ്മിഷൻ ഒരുതവണ ക്ഷേത്രത്തിൽ വരുന്നതിന് അയ്യായിരം രൂപ യാത്രാക്കൂലിയും അഞ്ഞൂറ് രൂപ അഹാര ചെലവിനും ക്ഷേത്ര ഭരണ സമിതി നൽകണം. കൂടാതെ പ്രതിമാസം നാൽപ്പതിനായിരം രൂപ ശമ്പളമായും കൈപ്പറ്റുന്നുണ്ട്. ക്ഷേത്രാചാരങ്ങൾ തകർക്കുന്നതിനൊപ്പം സമ്പത്ത് കൂടി ഊറ്റിയെടുക്കുന്ന ഇപ്പോഴത്തെ സംവിധാനം അവസാനിപ്പിച്ച് ക്ഷേത്ര കാര്യങ്ങളിൽ താൽപ്പര്യമുള്ള കൊല്ലത്തോ ആലപ്പുഴയിലോ സ്ഥിര താമസമുള്ള ഒരു വിരമിച്ച ജില്ലാ ജഡ്ജിയെ താതാകാലിക ഭരണ ചുമതല ഏൽപ്പിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL