SignIn
Kerala Kaumudi Online
Sunday, 31 August 2025 6.06 PM IST

മണ്ണും മരവും വരെ പരിശോധിക്കും, നെറ്റ് സീറോ കാർബണിലേക്ക് 5 പഞ്ചായത്തുകൾ

Increase Font Size Decrease Font Size Print Page
clean-

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മണ്ണും മരവും അടക്കം പരിശോധിച്ച്, വിപുലമായ വിവരശേഖരണം നടത്തി നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' പദ്ധതി ഉടനാരംഭിക്കും. സർക്കാരിന്റെ നവകേരളം കർമപദ്ധതിക്ക് കീഴിലുള്ള പദ്ധതിയിലേക്ക് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളെ തെരഞ്ഞെടുത്തു.

കാർബൺഡൈ ഓക്‌സൈഡ്, മീഥെയിൻ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്ന രീതിയിലേക്ക് പരിമിതിപ്പെടുത്തുകയാണ് ലക്ഷ്യം. നിശ്ചിത പ്രദേശത്ത് എത്രത്തോളം ഹരിതഗൃഹവാതകങ്ങളുണ്ട് എന്ന് കണക്കാക്കുകയാണ് പ്രാഥമികമായി ചെയ്യുക. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ, കാർഷിക സർവകലാശാല കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധരുടെ സഹായത്തോടെ പരിസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളും ശാസ്ത്രീയമായി കാർബൺ ഫുട്പ്രിന്റും ശേഖരിക്കും. മാലിന്യസംസ്‌കരണം, കൃഷി, ജലസംരക്ഷണം, വൃക്ഷവത്കരണം, ഊർജസംരക്ഷണം, ഗതാഗതം തുടങ്ങിയ മേഖലകളിലെ ഇടപെടലിലൂടെയാണ് പദ്ധതി സാദ്ധ്യമാക്കുക. പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല, ഇടക്കാല, ദീർഘകാല ലക്ഷ്യങ്ങളോടെ കർമപരിപാടിയും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തവ

വരന്തരപ്പിള്ളി
വല്ലച്ചിറ
മാടക്കത്തറ
കുഴൂർ
കൊണ്ടാഴി

ആദ്യഘട്ടത്തിൽ ഹ്രസ്വകാല ലക്ഷ്യങ്ങൾക്കാണ് മുൻഗണന. ശാസ്ത്രീയമായി കാർബൺ ഫുട്പ്രിന്റ് മനസിലാക്കിയശേഷം വേണം ഓരോ പഞ്ചായത്തുകളിൽ വേണ്ട നടപടി സ്വീകരിക്കേണ്ടത്.

ഡോ.പി.ഒ.നമീർ
ഡീൻ,
കാർഷിക സർവകലാശാല കാലാവസ്ഥാ വ്യതിയാന വകുപ്പ്

നെറ്റ് സീറോ ആക്കാൻ

നടപ്പാക്കുന്നത് ഐ.പി.സി.സി മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള പ്രവർത്തനം
വ്യവസായം, ഊർജ്ജം, കൃഷി, മാലിന്യം തുടങ്ങിയ മേഖലയിൽ നിന്നുള്ള വിവരശേഖരണം മുഖ്യം
വാഹനങ്ങളുടെ എണ്ണം, ഇന്ധന ഉപയോഗം, വൈദ്യുതി ബില്ല് തുടങ്ങിയ നിരവധി വിവരങ്ങൾ ശേഖരിക്കും.
മരങ്ങളുടെ വണ്ണവും ഉയരവും കണക്കാക്കി കാർബൺ സംഭരണം കണ്ടെത്തും, മണ്ണിലുള്ളതും പരിശോധിക്കും

പഞ്ചായത്തുകളുടെ യോഗം ഉടൻ

പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് പഞ്ചായത്തുകളുടെ യോഗം ഉടൻ വിളിച്ചുചേർക്കും. പഞ്ചായത്ത് ഭാരവാഹികളെ ഉൾപ്പെടുത്തി ശിൽപ്പശാല നടത്തും.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുകൾ, സ്ഥാപനങ്ങൾ, ഭൂപ്രദേശം എന്നിങ്ങനെ വിവിധ യൂണിറ്റുകളായി തിരിച്ചാണ് പ്രവർത്തിക്കുക. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത തദ്ദേശസ്ഥാപനങ്ങളിൽ സംഘാടക സമിതിയുണ്ടാക്കും. പരിശീലനം, സർവേ, കാമ്പയിൻ എന്നിവ ജില്ലാതലത്തിൽ വരുംദിനങ്ങളിൽ ഏകോപിപ്പിക്കും.

എന്താണ് നെറ്റ് സീറോ?

ഹരിതഗൃഹ വാതകങ്ങളായ കാർബൺ ഡൈ ഓക്‌സൈഡ്, മീഥെയിൻ, നൈട്രസ് ഓക്‌സൈഡ് എന്നിവയുടെ അമിതമായ പുറന്തള്ളലാണ് ആഗോളതാപനം വർദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇതിൽ ഏറ്റവും അപകടകാരി കാർബൺ ഡൈ ഓക്‌സൈഡാണ്. ആഗോള താപനം കുറയ്ക്കാനായി നെറ്റ് സീറോ എന്ന ആശയം വർഷങ്ങൾ മുമ്പ് അംഗീകരിക്കപ്പെട്ടതാണ്.

  • നെറ്റ് സീറോ എന്നാൽ

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാനാകുന്ന അളവിലെത്തിക്കുക എന്ന ലക്ഷ്യം.

TAGS: LOCAL NEWS, THRISSUR, NETZERO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.