തൃശൂർ: വൈസ് ചാൻസലറുടെ അനുമതി ലഭിക്കാത്തത് മൂലം കാർഷിക സർവകലാശാലയുടെ കോടികളുടെ വികസനപദ്ധതികൾ അവതാളത്തിൽ. സ്ഥിരം വി.സിയില്ലാത്തതും ചുമതലയുള്ള കാർഷികോത്പാദന കമ്മിഷണർ ഇഷിത റോയി ഫയലുകളിൽ ഒപ്പിടാത്തതുമാണ് പ്രശ്‌നം. ഡോ.ചന്ദ്രബാബു സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഇഷിത റോയിക്ക് ചുമതല നൽകിയെങ്കിലും അവർ സർവകലാശാലയിലെത്തിയിരുന്നില്ല. അവർ അവധിയെടുത്തപ്പോൾ താത്കാലിക ചുമതല ലഭിച്ച ഡോ.കെ.ആര്യ ഡിസംബർ 23ന് ചുമതലയൊഴിഞ്ഞതിനെ തുടർന്ന് ഇഷിതയ്ക്ക് തന്നെയായി ചുമതല. ചുമതല വഹിക്കാൻ താത്പര്യമില്ലെന്നും അവർ കോടതിയെ അറിയിച്ചിരുന്നു. സ്ഥിരം വി.സിയെ നിയമിക്കാൻ സർക്കാർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് പ്രധാന ഫയലുകളിൽ പോലും തീർപ്പുണ്ടാകാതെ പദ്ധതികൾ ത്രിശങ്കുവിലാകുന്നത്.
നാളികേരാധിഷ്ഠിത പദ്ധതി
സെന്റർ ഒഫ് അഡ്വാൻസ്ഡ് അഗ്രിക്കൾച്ചർ സയൻസ് ആൻഡ് ടെക്‌നോളജി (കാസ്റ്റ്) 2019ൽ അനുവദിച്ച പത്ത് കോടിയുടെ നാളികേരാധിഷ്ഠിത പദ്ധതിയുടെ കാലാവധി കൊവിഡിനെ തുടർന്ന് നീട്ടിയിരുന്നു. കുറച്ച് തുക ചെലവഴിച്ച പദ്ധതിയുടെ ബാക്കി അടുത്ത വർഷങ്ങളിലേക്ക് വകയിരുത്തിയെങ്കിലും വി.സിയുടെ അനുമതിയില്ലാതെ പണം ലഭിക്കില്ല.
'കുള'മായ കുളം നിർമ്മാണം
സർവകലാശാലയുടെ പീലിക്കോട് കേന്ദ്രത്തിൽ കുളം നിർമ്മാണത്തിന് അമൃത് സരോവർ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ അനുവദിച്ച തുകയും നഷ്ടപ്പെടുന്ന സ്ഥിതിയാണ്. സർവകലാശാലയ്ക്ക് ചില്ലിക്കാശ് ചെലവില്ലാത്ത രണ്ട് കുളങ്ങൾ വിസ്തൃതി കൂട്ടി വശം കെട്ടി സംരക്ഷിക്കാനും ഒരേക്കറിൽ പുതിയ കുളം നിർമ്മിക്കാനുമുള്ള പദ്ധതിയാണിത്. പഞ്ചായത്ത് ഭരണാനുമതി നൽകിയിട്ടും ഗവേഷണത്തിനും പ്രയോജനപ്പെടുത്താവുന്ന പദ്ധതിയോട് സർവകലാശാല മുഖം തിരിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ നടപ്പാക്കേണ്ട കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരമുള്ള ഒരു ഡസനോളം പദ്ധതികളും അവതാളത്തിലാണ്. വെള്ളാനിക്കരയിൽ സംരംഭകത്വ വികസനത്തിന് അനുവദിച്ച 17 കോടിയുടെ പദ്ധതിയും ഇതിൽപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |