ന്യൂയോർക്ക്: ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ ആശ്വാസംപകർന്ന് അമേരിക്കയിൽ ഉപഭോക്തൃ നാണയപ്പെരുപ്പം കഴിഞ്ഞമാസം 6.5 ശതമാനമായി താഴ്‌ന്നു. നവംബറിൽ 7.1 ശതമാനമായിരുന്നു. 2021 ഒക്‌ടോബറിന് ശേഷം നാണയപ്പെരുപ്പം കുറിക്കുന്ന ഏറ്റവും താഴ്ചയുമാണിത്.
നാണയപ്പെരുപ്പം പ്രതീക്ഷകൾ ശരിവച്ച് കുറഞ്ഞതോടെ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടുന്ന ട്രെൻഡിന് വിരാമമിടുമെന്നാണ് സൂചന. ഇത് ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങൾക്ക് നേട്ടമാകും. വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നും മറ്റും നിക്ഷേപം പിൻവലിക്കുന്നത് കുറയുമെന്നതാണ് പ്രധാനനേട്ടം. മറ്റ് കറൻസികളെ നിഷ്‌പ്രഭമാക്കിയുള്ള ഡോളറിന്റെ കുതിപ്പിനും വിരാമമാകും.
ഇന്ധനവില കുറഞ്ഞതാണ് അമേരിക്കയ്ക്ക് കഴിഞ്ഞമാസം നേട്ടമായത്. ഭക്ഷ്യോത്പന്നവിലയിലും കുറവുണ്ടായി. നാണയപ്പെരുപ്പം കുത്തനെ കൂടിയ പശ്ചാത്തലത്തിൽ കഴിഞ്ഞ യോഗങ്ങളിൽ ഫെഡറൽ റിസർവ് പലിശനിരക്ക് വൻതോതിൽ കൂട്ടിയിരുന്നു. കഴിഞ്ഞമാസവും 0.50 ശതമാനം വർദ്ധിപ്പിച്ച് നിരക്ക് 15 വർഷത്തെ ഉയരമായ 4.25-4.50 ശതമാനമാക്കി. 2024വരെ പലിശനിരക്ക് ഉയർന്നതലത്തിൽ തന്നെ നിലനിറുത്താനാണ് സാദ്ധ്യത. എന്നാൽ, പലിശവർദ്ധനയുടെ ആക്കം ഫെഡറൽ റിസർവ് കുറച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |