കൊല്ലം : മീയ്യണ്ണൂർ, കൊട്ടറ ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ നിന്ന് ഓട്ടുവിളക്കുകൾ മോഷ്ടിച്ച രണ്ടുപേരെ പൂയപ്പള്ളി പൊലീസ് പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു. ചൊവ്വാഴ്ച്ച പട്ടാപ്പകലാണ് 15 ഓട്ടുവിളക്കുകൾ മോഷണം പോയത്. മണിക്കൂറുകൾക്കകം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മീയ്യണ്ണൂർ ശാന്തിപുരം കല്ലുവിള വീട്ടിൽ ഇർഫാൻ എന്നറിയപെടുന്ന ഷെഫീക്ക് (32), കൊട്ടറ മുണ്ട പള്ളിയിൽ വീട്ടിൽ ജിജു (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയായ അരുൺ എന്നയാൾ ഓടി രക്ഷപ്പെട്ടു.
പതിവ് പൂജകൾക്ക് ശേഷം കഴുകിത്തുടച്ച 15 ഓട്ടുവിളക്കുകൾ നടപ്പന്തലിനുള്ളിലെ ഡെസ്കിൽ വച്ചിരിക്കുകയായിരുന്നു. വൈകിട്ട് 5 മണിയോടെ കഴകം എത്തിയപ്പോൾ നിലവിളക്കുകൾ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ക്ഷേത്രം സെക്രട്ടറിയെ വിവരം അറിയിച്ച് , പൊലീസിൽ പരാതി നൽകുകയും ചെയ്തു. കേസെടുത്ത പൊലീസ് അന്വേഷണം സമീപപ്രദേശത്തെ സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മീയ്യണ്ണൂർ ഓട്ടോസ്റ്റാൻഡിലെ യാസിൽ എന്ന പേരിലുള്ള ഓട്ടോ റിക്ഷ ക്ഷേത്രപരിസരത്ത് ചുറ്റിത്തിരിയുന്നതായി കണ്ടെത്തി. തുടർന്ന് പൊലീസിന്റെ അന്വേഷണം ഓട്ടോറിക്ഷയെ ചുറ്റിപ്പറ്റിയായി. രാത്രിയോടെ ഓയൂർ മീയ്യനഭാഗത്തുനിന്ന് മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തു.
പൊലീസിനെ കണ്ട് അരുൺ ഓടിരക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും മോഷണ വസ്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൂയപ്പള്ളി എസ്.എച്ച്.ഒ ബിജുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ അഭിലാഷ്, ജയപ്രദീപ്, ബേബി ജോൺ, എ എസ്.ഐമാരായ അനിൽകുമാർ , ചന്ദ്രകുമാർ,സി.പി.ഒമാരായ അൻവർ , മധു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |