ന്യൂഡൽഹി: വെല്ലുവിളികളുണ്ടെങ്കിലും വരാനിരിക്കുന്നത് വികസ്വരലോകത്തിന്റെ സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ആഗോളക്രമത്തിൽ വികസ്വരരാജ്യങ്ങൾക്കുള്ള പങ്ക് വലുതാണെന്നും വോയ്സ് ഒഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി ഉദ്ഘാടനം ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 120 രാജ്യങ്ങളാണ് വെർച്വലായി നടക്കുന്ന മൂന്നുദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
വികസ്വര സമൂഹങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും പരിവർത്തനം ചെയ്യാൻ കഴിയുന്ന ലളിതവും സുസ്ഥിരവുമായ പ്രതിവിധികൾ തിരിച്ചറിയാനാകണം. അതിലൂടെ, ദാരിദ്ര്യവും ആരോഗ്യപരിപാലനവും അടക്കം എല്ലാ വെല്ലുവിളികളും മറികടക്കാനാകും. കഴിഞ്ഞ നൂറ്റാണ്ടിൽ, വിദേശഭരണത്തിനെതിരെ ഒന്നിച്ചതു പോലെ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്ന ലോകക്രമത്തിനായി ഈ നൂറ്റാണ്ടിലും പ്രവർത്തിക്കാം. ഇന്ത്യയുടെ ശബ്‌ദം വികരസ്വരരാജ്യങ്ങൾക്കു വേണ്ടിയുള്ളതാണ്. മഹാമാരിക്കാലത്തു നൂറിലധികം രാജ്യങ്ങളിലേക്കു ഇന്ത്യ മരുന്നുകളും വാക്സിനുകളും വിതരണംചെയ്തു. വോയ്സ് ഒഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ ഉയരുന്ന ആശയങ്ങളെ ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി20ലെയും മറ്റു ഫോറങ്ങളിലും ഉയർത്തും.പുതിയ ലോകക്രമം രൂപപ്പെടുത്തുന്നതിൽ മനുഷ്യരാശിയുടെ നാലിൽ മൂന്നും വസിക്കുന്ന ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് വലിയ പങ്കുണ്ട്.
ആഗോള വെല്ലുവിളികൾ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ സൃഷ്‌ടിയല്ലെങ്കിലും അവരെയാണ് കൂടുതൽ ബാധിക്കുന്നത്.കൊവിഡ് മഹാമാരി, കാലാവസ്ഥാവ്യതിയാനം,ഭീകരവാദം,യുക്രെയിൻ സംഘർഷം എന്നിവയെല്ലാം വികസ്വരരാജ്യങ്ങൾക്ക് പ്രതിസന്ധിയായി.ഗ്ലോബൽ സൗത്തിലെ ജനങ്ങൾ വികസനഫലങ്ങളിൽനിന്ന് ഒഴിവാക്കപ്പെടരുത്. അസമത്വങ്ങൾ ഇല്ലാതാക്കാനും അവസരങ്ങൾ വർദ്ധിപ്പിക്കാനും കഴിയുംവിധം ലോകത്തെ പുനരുജ്ജീവിപ്പിക്കാൻ വികസ്വര രാജ്യങ്ങൾ ഒന്നിക്കണം. എല്ലാ രാഷ്ട്രങ്ങളും പരമാധികാരം നിയമവാഴ്ച എന്നിവയെ ബഹുമാനിക്കണമെന്ന് ആഹ്വാനം ചെയ്‌ത മോദി ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രസക്തി ലഭിക്കാൻ പരിഷ്‌കാരം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച
ബംഗളൂരു: കർണാടകയിലെ ഹുബ്ബാളിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. സുരക്ഷാ ബാരിക്കേഡുകൾ കടന്ന് ഒരാൾ മോദിയുടെ അടുത്തെത്തുകയും കൈയിലിരുന്ന പൂമാല നല്കുകയും ചെയ്തു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടിച്ചു മാറ്റി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 26-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കർണാടകയിലെത്തിയത്. വിമാനത്താവളം മുതൽ റെയിൽവേ സപോർട്സ് ഗ്രൗണ്ടു വരെയാണ് റോഡ് ഷോ നടത്തിയത്. വാഹനത്തിൽ നിന്നുകൊണ്ട് ആൾക്കൂട്ടത്തെ നോക്കി കൈവീശുകയായിരുന്നു മോദിയുടെ അടുത്തേക്ക് ഇയാൾ ഓടിയെത്തുകയായിരുന്നു. മാല പ്രധാനമന്ത്രിയുടെ കൈയിലുടക്കുകയും പിന്നീട് അദ്ദേഹം തന്നെ അത് വാഹനത്തിൽ വയ്ക്കുകയും ചെയ്തു.
കനത്ത സുരക്ഷാ സന്നാഹങ്ങൾ മറികടന്നുകൊണ്ട് യുവാവ് എങ്ങനെ മോദിക്കരികിലെത്തി എന്ന അന്വേഷണം നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |