കൊച്ചി: ജനാഭിമുഖ കുർബാന അനുവദിക്കണമെന്ന് തൃശൂർ, ഇരിങ്ങാലക്കുട രൂപതകളിലെ ഒരുവിഭാഗം വൈദികരും ആവശ്യമുന്നയിച്ചതിന് പിന്നാലെ തർക്കം പരിഹരിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന് സിറോ മലബാർസഭാ സിനഡിനോട് പൗരപ്രമുഖർ ആവശ്യപ്പെട്ടു. കുർബാന പരിഷ്‌കരണം രൂക്ഷമായ ക്രമസമാധാനപ്രശ്നമായി മാറിയതിനാൽ അടിയന്തര നടപടി വേണമെന്ന് സിനഡിന് നൽകിയ കത്തിൽ അവർ ആവശ്യപ്പെട്ടു.
സുപ്രീം കോടതി മുൻ ജഡ്‌ജിയും സഭയുടെ പൊന്തിഫിക്കൽ കൗൺസിൽ അംഗവുമായിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് ആനി ജോൺ, ജസ്റ്റിസ് എബ്രഹാം മാത്യു, ഇറ്റലിയിലെ മുൻ അംബാസിഡർ കെ.പി. ഫാബിയാൻ, മുൻ ഡി.ജി.പി സിബി മാത്യൂസ്, മുൻ ഇൻഫൊർമേഷൻ കമ്മിഷണർ ഡോ. കുര്യാക്കോസ് കുമ്പളക്കുഴി എന്നിവരുൾപ്പെടെ 47 പേരാണ് കത്തിൽ ഒപ്പിട്ടത്.
പരിഷ്‌കരിച്ച കുർബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിലാണ് സഭാംഗങ്ങളായ തങ്ങൾ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിർദ്ദേശങ്ങൾവയ്‌ക്കുന്നത്. എറണാകുളം-അങ്കമാലി മേജർ അതിരൂപതയിലെ പ്രതിസന്ധി ആരാധനക്രമരീതിയുമായി ബന്ധപ്പെട്ട് ആരംഭിച്ചതാണെങ്കിലും ക്രമസമാധാന പ്രശ്‌നവും ലക്ഷക്കണക്കിന് കത്തോലിക്കർക്ക് വിശ്വാസപ്രതിസന്ധിയായും മാറി.
ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തത് സഭയിലും മതത്തിലും ക്രിസ്ത്യാനികൾക്കും പൊതുജനങ്ങൾക്കും വിശ്വാസം നഷ്ടപ്പെടുത്തി.
പ്രശ്‌നം പരിഹരിക്കേണ്ടത് സഭാണ്. സഭയുടെ ശുശ്രൂഷകളിലും ശ്രേണികളിലുംപെട്ടവരും നിഷ്പക്ഷമായും നീതിയുക്തമായും വസ്തുതകളെ പഠിക്കാനും വിവേകപൂർണമായ നിർദ്ദേശങ്ങൾ കണ്ടെത്താനും കഴിവുള്ളവരും ഉൾപ്പെടുന്ന ഉപസമിതിയെ നിയമിക്കണം. പ്രവർത്തന സ്വാതന്ത്ര്യവും നൽകണം. അനുരഞ്ജനത്തിന് പകരം അച്ചടക്കനടപടി ഉത്കണ്ഠപ്പെടുത്തുന്നു. തിരുത്താനുള്ള അവസരം വിനിയോഗിച്ചില്ലെങ്കിൽ സഭയിൽ നിന്ന് അകലുന്നവർ വർദ്ധിക്കുമെന്ന് കത്തിൽ പറയുന്നു.
പരിഷ്‌കരിച്ച കുർബാനയ്ക്ക് പകരം പതിറ്റാണ്ടുകളായി തുടരുന്ന ജനാഭിമുഖ ബലിയർപ്പണം അംഗീകരിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് തൃശൂർ അതിരൂപതയിലെ വൈദികരുടെ ആരാധനക്രമ സംരക്ഷണ സമിതി, ഇരിങ്ങാലക്കുട രൂപതയിലെ വൈദിക സമിതി എന്നിവയും സിനഡിന് കത്തുകൾ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |