ന്യൂഡൽഹി: അധിക നികുതി നോട്ടീസ് നൽകിയ വില്പന നികുതി ഡപ്യൂട്ടി കമ്മീഷണറുടെ നടപടിക്കെതിരെ ബോളിവുഡ് താരം അനുഷ്ക ശർമ്മ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2012 - 13, 2013 - 14 എന്നീ വർഷങ്ങളിലെ നികുതി സംബന്ധിച്ചാണ് നോട്ടീസ്. വിഷയത്തിൽ മറുപടി നൽകാൻ വില്പന നികുതി വകുപ്പിന് കോടതി നിർദേശം നൽകി.
ഒരു താരത്തിന് ബാധകമാകുന്നതിലും വലിയ നികുതി നിരക്കാണ് തനിക്ക് നൽകിയതെന്നും അതിനാൽ വില്പന നികുതി വകുപ്പ് നൽകിയ ഉത്തരവുകൾ റദ്ദാക്കണമെന്നും ഹർജിയിൽ അനുഷ്ക ആവശ്യപ്പെടുന്നു. 2012 - 13 വർഷത്തിൽ 1.2 കോടി രൂപയാണ് നികുതി അടയ്ക്കാൻ വില്പന നികുതി വകുപ്പ് ആവശ്യപ്പെട്ടത്. 2013 - 14 വർഷങ്ങളിൽ ഇത് 1.6 കോടി രൂപയായി വർദ്ധിച്ചു. ഒരു അഭിനേതാവ് എന്ന നിലയിലല്ല ഈ നികുതി ചുമത്തിയതെന്നും അവാർഡ് ചടങ്ങുകളുടെയും മറ്റും പേരിലാണ് വലിയ നികുതി ചുമത്തലെന്നും താരം വ്യക്തമാക്കുന്നു.
ഇത്തരം പരിപാടികളുടെ അവകാശം നിർമ്മാതാവിനാണെന്നും അഭിനയിക്കുന്നവരെ നിർമ്മാതാവായി കാണാനാവില്ലെന്നും അനുഷ്ക ഹർജിയിൽ വ്യക്തമാക്കി. തർക്കത്തിലുള്ള നികുതിയുടെ 10 ശതമാനം അടക്കാതെ അപ്പലേറ്റ് അതോറിറ്റിക്ക് മുന്നിൽ ഹാജരാകാനാവില്ലെന്നും അതുകൊണ്ട് വില്പന നികുതി വകുപ്പിന്റെ ഉത്തരവുകൾ റദ്ദാക്കണമെന്നും ഹർജിയിൽ താരം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |