മാഡ്രിഡ് : സെമിഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ വലൻസിയയെ മറികടന്ന് റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കോപ്പ ഫുട്ബാൾ ടൂർണമന്റിന്റെ ഫൈനലിലെത്തി. കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ 4-3എന്ന സ്കോറിനായിരുന്നു റയലിന്റെ ജയം.
39-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ കരിം ബെൻസേമ റയലിനെ മത്സരത്തിൽ മുന്നിലെത്തിച്ചിരുന്നു. ആദ്യ പകുതിയിൽ ഈ ഗോളിന് റയൽ ലീഡ് ചെയ്തു. രണ്ടാം പകുതിയുടെ ആദ്യ മിനിട്ടിൽ സാമുവൽ ലിനോയിലൂടെ വലൻസിയ സമനില പിടിച്ചു.നിശ്ചിത 90 മിനിട്ടുകളിലും 30 മിനിട്ട് അധികസമയത്തും ആർക്കും പിന്നീട് സ്കോർ ചെയ്യാനാകാതെവന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് കടന്നത്.
ഷൂട്ടൗട്ടിൽ റയലിന് വേണ്ടി കരിം ബെൻസേമ,ലൂക്കാ മൊഡ്രിച്ച്,ടോണി ക്രൂസ്,മാർക്കോ അസൻഷ്യോ എന്നിവർ കിക്കുകൾ ഗോളാക്കിയപ്പോൾ വലൻസിയയ്ക്ക് വേണ്ടി രണ്ടാം കിക്കെടുത്ത എറേയ് കോമെർട്ടിനും അഞ്ചാം കിക്കെടുത്ത ജോസ് ഗയയ്ക്കും പിഴച്ചു.ഗയയുടെ കിക്ക് റയൽ ഗോളി തിബോ കോട്വോ തട്ടിയകറ്റുകയായിരുന്നു. നിശ്ചിത സമയത്തും മികച്ച പ്രകടനംകാഴ്ചവച്ച കൗട്വോ നിരവധി സേവുകൾ നടത്തിയിരുന്നു.
ബാഴ്സലോണയും റയൽ ബെറ്റിസും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയികളെയാണ് റയൽ മാഡ്രിഡ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |