കൊല്ലം: റേഷൻ വ്യാപാരികളുടെ വേതനം വർദ്ധിപ്പിക്കാൻ അടിയന്തര നടപടി സർക്കാർ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ധന മന്ത്രി, ഭക്ഷ്യ മന്ത്രി എന്നിവർക്ക് നിവേദനം നൽകി.
ദൈനംദിന വിറ്റുവരവിലൂടെ ലഭിക്കുന്ന തുക ഭാഗികമായെങ്കിലും ചെലവുകൾക്ക് സഹായകരമായിരുന്നു. എന്നാൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ മുൻഗണനാ വിഭാഗം കാർഡുകൾക്ക് പൂർണമായും സൗജന്യമാക്കിയതോടെ ദിനംപ്രതി വിറ്റുവരവ് ലഭിക്കാതെ വരുന്നു. നേരത്തെ ദിവസവും ഉള്ള വിറ്റുവരവ് കൈകാര്യ ചെലവിനായി വിനിയോഗിക്കാൻ കഴിയുന്നതും അത് പിന്നീട് കമ്മിഷൻ തുകയിൽ കുറയ്ക്കുകയുമായിരുന്നു. പുതിയ സാഹചര്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് റേഷൻ ജീവനക്കാർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നതെന്നും ബദൽ സംവിധാനം ഉണ്ടാക്കാതെ റേഷൻ വ്യാപാരികളുടെ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുകയില്ലെന്നും മന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്തി.
കട വാടക, വൈദ്യുതി ചാർജ്, സെയിൽസ് മാൻമാർക്കുള്ള ശമ്പളം എന്നീ ഇനങ്ങളിൽ വലിയ ചെലവ് വേണ്ടി വരുമ്പോൾ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന കമ്മിഷൻ വളരെ തുച്ഛമാണ്. ഈ സാഹചര്യത്തിൽ റേഷൻ മേഖലയിലെ തൊഴിലാളികൾക്ക് മിനിമം വേതനം 30,000 രൂപയായി വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) നിവേദനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ, ജനറൽ സെക്രട്ടറി പി.ജി.പ്രിയൻകുമാർ, വൈസ് പ്രസിഡന്റ് ബി.ഷാജികുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.എസ്.സിനിഷ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |