മോസ്‌കോ : രോഗബാധിതനായ തനിക്ക് ജയിലിൽ ചികിത്സ നിഷേധിക്കുന്നതായി റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിമർശകനുമായി അലക്സി നവാൽനി. കടുത്ത പനി ബാധിച്ചിട്ടും ജയിൽ അധികൃതർ തന്നെ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്നും ആവർത്തിച്ച് അപേക്ഷിച്ചിട്ട് മരുന്നുകൾ പോലും നൽകിയില്ലെന്നും 46കാരനായ നവാൽനി പറയുന്നു.
ബുധനാഴ്ച നടന്ന വിചാരണയ്ക്കിടെ നവാൽനി പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ വക്താക്കളാണ് പുറത്തുവിട്ടത്. നവാൽനിയുടെ അപേക്ഷ പരിഗണിച്ച് കോടതി വിചാരണ മാറ്റിവച്ചു. മോസ്കോയ്ക്ക് കിഴക്ക് വ്ലാഡിമിർ നഗരത്തിന് സമീപമുള്ള ജയിലിലാണ് നവാൽനിയുള്ളത്.
തന്റെ സെല്ലിൽ പകർച്ചപ്പനി ബാധിച്ചയാളെ പാർപ്പിച്ചിരുന്നെന്നും ഇയാളെ ജയിൽ അധികൃതർ തനിക്കെതിരെ ജൈവായുധമായി ഉപയോഗിക്കുകയാണെന്നും അടുത്ത സെല്ലിൽ മാനസിക പ്രശ്നം നേരിടുന്നയാളായതിനാൽ രാത്രി ഉറങ്ങാൻ കഴിയുന്നില്ലെന്നും അടുത്തിടെ നവാൽനി ചൂണ്ടിക്കാട്ടിയിരുന്നു.
ജയിലിൽ കഴിയുന്ന നവാൽനി പലവിധത്തിലുള്ള ഭീഷണികൾ നേരിടുന്നതായി അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവർത്തകരും ഇതിന് മുമ്പും ആരോപിച്ചിട്ടുണ്ട്. നവാൽനിയെ കൊല്ലാനുള്ള ശ്രമം ജയിലിൽ നടക്കുന്നതായി ഇവർ ആശങ്കപ്പെടുന്നു.
2020 ഓഗസ്റ്റിൽ നവാൽനിയ്ക്ക് നേരെ വധശ്രമം നടന്നിരുന്നു. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കണ്ണിലെ കരടായി മാറിയ നവാൽനി സൈബീരിയയിൽ നിന്ന് മോസ്കോയിലേക്ക് വിമാനയാത്രയ്ക്കിടെ ഒരു കപ്പ് ചായ കുടിക്കുകയും പിന്നാലെ ബോധരഹിതനാവുകയുമായിരുന്നു. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ കോമാ സ്‌റ്റേജിലേക്ക് വഴുതി വീണു.
മാരക വിഷമായ നോവിചോക്ക് അദ്ദേഹത്തിന്റെ ഉള്ളിലെത്തിയതായിരുന്നു കാരണം. 70 കളിലും 80കളിലും സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്ത നാഡിവ്യവസ്ഥയെ തകർക്കുന്ന അപകടകാരിയായ നെർവ് ഏജന്റാണിത്.
പുട്ടിന്റെ അറിവോടെയായിരുന്നു ഇതെന്ന് റഷ്യൻ പ്രതിപക്ഷം ആരോപിക്കുന്നു. നവാൽനി ജർമ്മനിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും റഷ്യയിൽ പ്രവേശിച്ച ഉടൻ ജയിലിലായി. 2018 തിരഞ്ഞെടുപ്പിൽ പുട്ടിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച നാൾ മുതൽ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ചുമത്തി ജയിൽവാസം നേരിടുയാണ് നവാൽനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |