തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനത്തിൽ വീണ്ടും വിമർശനവുമായി എത്തിയ കെ ബി ഗണേശ് കുമാർ എംഎൽഎയ്ക്ക് മറുപടിയുമായി സി പി എം നേതാവ്. ഗണേശ്കുമാർ സർക്കാരിനെപ്പറ്റി അഭിപ്രായം പറയേണ്ടത് മുന്നണിയിലെന്ന് പി പി ചിത്തരഞ്ജൻ എം എൽ എ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിനോടാണ് സി പി എം എം എൽ എയുടെ പ്രതികരണം. എൽ.ഡി.എഫ് ഘടകകക്ഷിനേതാവായിരിക്കെ പറഞ്ഞത് ശരിയോ എന്നത് അദ്ദേഹം തന്നെ ആലോചിക്കണം. ധവളപത്രം വേണമെന്നാണെങ്കിൽ അദ്ദേഹം മുന്നണിയിൽ പറയണമെന്നും പി പി ചിത്തരഞ്ജൻ പറഞ്ഞു. ഇടത് മുന്നണിയ്ക്കുള്ളിൽ ആരോഗ്യപരമായ ചർച്ചകൾ നടക്കുന്നില്ല എന്നും സ്ഥാനമാനത്തിനായി പാർട്ടിയ്ക്കും ജനങ്ങൾക്കും എതിരായി പ്രവർത്തിക്കാനാകില്ലെന്നുമാണ് കഴിഞ്ഞ ദിവസം ഗണേഷ്‌കുമാർ തുറന്നടിച്ചത്.
ഉള്ള കാര്യം എന്തിനാണ് മറയ്ക്കുന്നത്. എൽഡിഎഫിൽ ആരോഗ്യപരമായ കൂടിയാലോചനകൾ നടക്കുന്നില്ല. അജണ്ട നിശ്ചയിച്ചുള്ള ചർച്ചകൾക്ക് ഉപരിയായി പുറത്തു നിന്നുള്ള കാര്യങ്ങൾ ഉന്നയിച്ചാൽ അവയിലും ചർച്ച വേണമെന്നും ഗണേശ്കുമാർ ആവശ്യപ്പെട്ടിരുന്നു. വികസന രേഖ അംഗീകരിക്കുന്നതിലടക്കം ചർച്ച നടക്കുന്നില്ലെന്നും അഭിപ്രായങ്ങൾ രണ്ട് മാസങ്ങൾക്ക് മുൻപ് എഴുതിവാങ്ങിക്കുക മാത്രമാണുണ്ടായതെന്നും എംഎൽഎ ആരോപിച്ചു.
തനിക്കൊരു മന്ത്രിസ്ഥാനമോ പദവിയോ ലഭിക്കുമെന്ന് പറഞ്ഞ് പാർട്ടിയിലെ നേതാക്കളെയും ജനങ്ങളെയും വഞ്ചിച്ച് പ്രവർത്തിക്കാനില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ഇടതുമുന്നണി യോഗത്തിലും മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനത്തിൽ ഗണേശ്കുമാർ എംഎൽഎ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മന്ത്രിമാരുടെ പ്രവർത്തനം പോരെന്നും പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം ഇടത് നിയമസഭാ കക്ഷിയോഗത്തിനിടയിൽ വിമർശനമുന്നയിച്ചു. നിലവിലെ സാഹചര്യത്തിൽ എംഎൽഎമാർക്ക് നാട്ടിൽ നിൽക്കാനാകാത്ത സ്ഥിതി വിശേഷമാണുള്ളതെന്നും ഇത്തരത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞിരുന്നു. അടുത്ത ബഡ്ജറ്റിലെങ്കിലും ഇത്തരം വിഷയങ്ങൾക്ക് പരിഹാരം കാണണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ഗണേശ്കുമാർ എംഎൽഎയുടെ നിശിത വിമർശനത്തിൽ യോഗത്തിൽ വെച്ച് തന്നെ ചില സിപിഎം എംഎൽഎമാർ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഗണേശ്കുമാറിന്റെ വിമർശനം ശരിയായില്ല എന്ന് ഇവർ ചൂണ്ടിക്കാട്ടിയപ്പോൾ യോഗത്തിലല്ലാതെ വേറെവിടെ പോയി പറയുമെന്നായിരുന്നു എംഎൽഎയുടെ ചോദ്യം. ഇതിനിടയിലാണ് ഗണേശ്കുമാർ വീണ്ടും വിമർശനവുമായി മുന്നോട്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |