കോഴിക്കോട്: വിഷരഹിത പച്ചക്കറികൾക്ക് സ്ഥിരം വിപണനകേന്ദ്രങ്ങളുമായി കോർപ്പറേഷനിലെ രണ്ടുവാർഡുകൾ. എല്ലാം വിഷമയമാകുന്ന കാലത്ത് നാട്ടുകാർക്ക് വിഷരഹിതമായ ഭക്ഷ്യവസ്തുക്കളെത്തിക്കുകയെന്ന ലക്ഷ്യവുമായി ചെലവൂർ, മുണ്ടിക്കൽത്താഴം വാർഡ് കൗൺസിലർമാരാണ് ഉത്പ്പാദനത്തിനും വിപണനത്തിനും പ്രോത്സാഹനവുമായി രംഗത്തുള്ളത്. വാർഡുകൾക്കുള്ളിലെ കർഷകർ ഉത്പ്പാദിപ്പിച്ച കിഴങ്ങ്-ഫലവർഗങ്ങളുമായി ആദ്യമേള ഇന്നലെ മുണ്ടിക്കൽത്താഴം അങ്ങാടിയിൽ നടന്നു. രാവിലെ എട്ടുമുതൽ മുണ്ടിക്കൽത്താഴം അങ്ങാടിയിൽ വിൽപ്പനയ്ക്ക് വെച്ച കിഴങ്ങുവർഗങ്ങൾക്കും വാഴക്കുലയ്ക്കുമെല്ലാം നിരവധിപേരാണ് ആവശ്യക്കാരായെത്തിയത്. ഒരു മണിക്കൂർ കൊണ്ടുതന്നെ ഉത്പ്പന്നങ്ങളെല്ലാം വിറ്റുതീരുന്ന കാഴ്ച പ്രദേശത്തെ കർഷകർക്കെല്ലാം ആവേശമായി. കോർപ്പറേഷൻ ഡപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് വിപണന മേള ഉദ്ഘാടനം ചെയ്തു. ജൈവ വളമുപയോഗിച്ച് സ്വന്തം പറമ്പിൽ ഉത്പ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾക്ക് നഗരത്തിൽ സ്ഥിരം വിപണന കേന്ദ്രങ്ങൾ ഉണ്ടാക്കാൻ ആലോചിക്കുന്നതായി ഡപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് പറഞ്ഞു. കെ.പ്രബീഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.എം.ജംഷീർ, സ്മിത വല്ലിശ്ശേരി, കർഷകരായ ജോർജ് തോമസ്, ഒ.ടി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചേമ്പ്, ചേന, കപ്പ, മഞ്ഞൾ, വാഴക്കുല, കാച്ചിൽ തുടങ്ങിയവയാണ് മേളയിൽ വിൽപ്പനയ്ക്ക് വെച്ചത്. പ്രദേശത്ത് നിരവധിയായ കർഷകർ ഇത്തരത്തിൽ വിഷരഹിത പച്ചക്കറി ഉത്പ്പാദനം നടത്തുന്നുണ്ട്. അവർക്കാവശ്യമായ സഹായ സഹകരണങ്ങളും വിൽപ്പനയ്ക്കാവശ്യമായ സ്ഥിരംവിപണിയും കോർപ്പറേഷൻ സഹായത്തോടെ ആരംഭിക്കുമെന്ന് കൗൺസിലർ സി.എം.ജംഷീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |