സാമൂഹിക വിരുദ്ധർ തീയിട്ടതെന്ന് സംശയം
മണ്ണാർക്കാട്: ആശുപത്രിപ്പടിക്ക് സമീപത്തെ പെട്ടിക്കട കത്തിനശിച്ചു. ശനിയാഴ്ച അർദ്ധരാത്രിയാണ് സംഭവം. ചൂരിയോട് സ്വദേശി കാസിമിന്റേതാണ് കട. സാമൂഹിക വിരുദ്ധർ തീയിട്ടതാണെന്ന് സംശയിക്കുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒന്നര ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു.
ശനിയാഴ്ച രാത്രി കടയിലെത്തിയ ഒരാൾ കാസിമിനെയും സഹോദരനെയും മർദ്ദിച്ചിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഇരുവരും രാത്രി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അർദ്ധരാത്രിയിൽ കട കത്തിനശിച്ചത്. മർദ്ദിച്ചയാൾ തന്നെ കടയ്ക്ക് തീയിടുകയായിരുന്നെന്ന് സംശയിക്കുന്നതായി കാസിം പറഞ്ഞു. മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാപാരി നേതാക്കൾ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു.
നഗരത്തിൽ ലഹരി വസ്തുക്കൾ വിൽക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും അതിക്രമം സമീപകാലത്ത് വർദ്ധിച്ചതായി വ്യാപാരികൾ ആരോപിച്ചു. ഇത്തരം സംഘാംഗങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു.
നടപടി വേണം: കെ.വി.വി.ഇ.എസ്
കട കത്തിച്ചെന്ന് സംശയിക്കുന്ന അക്രമിയെ പിടികൂടണമെന്ന് കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്ലിം, ജന.സെക്രട്ടറി രമേശ് പൂർണിമ എന്നിവർ ആവശ്യപ്പെട്ടു. കടയുടമയ്ക്ക് സമിതി ആശ്വാസ ധനസഹായം നൽകുമെന്നും ഇവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |