പത്തനംതിട്ട : പുതമൺ പാലത്തിന്റെ തൂണുകൾ ഇരുത്തിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടതോടെ പ്രധാന പാതയായ റാന്നി - കോഴഞ്ചേരി റോഡിൽ ജനങ്ങളുടെ യാത്ര വഴിമുട്ടി. പുതിയ പാലം പണിയണമെന്നാണ് വിദഗ്ദ്ധസംഘത്തിന്റെ നിർദേശം. ടെൻഡർ നടപടികളിലേക്ക് കടന്നില്ല. പണി എന്നു തുടങ്ങുമെന്ന് ആർക്കും ഉറപ്പില്ല. യാത്രക്കാർ ഏതൊക്കെ വഴികളിലൂടെ സഞ്ചരിക്കണമെന്ന് വ്യക്തമായ മാർഗനിർദേശവുമില്ല. പാലത്തിന്റെ ഒരു ഭാഗത്തുകൂടി ഇരുചക്ര വാഹന സഞ്ചാരം അനുവദിക്കാമെന്ന് വിദഗ്ദ്ധ സംഘം നിർദേശിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസം കരിങ്കല്ലുകൾ കെട്ടി പാലം അടച്ചു. വാഹനങ്ങൾ അന്ത്യാളൻകാവ് വഴി തിരിച്ചുവിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കോഴഞ്ചേരിക്ക് പോകേണ്ടവർ പേരൂച്ചാൽ പാലം വഴി ചെറുകോൽപ്പുഴയിൽ എത്തണം. ഇവിടെ പുതിയതായി നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്ന ചെറുകോൽ - നാരങ്ങാനം കുടിവെള്ള പദ്ധതിയുടെ പൈപ്പ് റോഡ് വശത്തു കുഴിച്ചിടുന്ന ജോലികൾ അധികൃതർ ഈ ആഴ്ച ആരംഭിക്കും. അപ്പോൾ ഇതുവഴി വാഹന ഗതാഗതം തടസപ്പെടുന്ന അവസ്ഥയുണ്ടാകും.
വലിയ വാഹനങ്ങൾക്ക് തടസം
ചാക്കപ്പാലം, പള്ളിയത്തുപടി, കുടിലുമുക്ക്, കുട്ടത്തോട്, കല്ലേലിമുക്ക്, അന്ത്യാളങ്കാവ് വഴി കിളിയാനിക്കൽ , വാഴക്കുന്നം, കച്ചേരിപ്പടി, മേലുകര വഴി കോഴഞ്ചേരിക്ക് വലിയ വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത രീതിയിലാണ് ചാക്കപ്പാലം കനാലിന് കുറുകെയുള്ള വീതി കുറഞ്ഞ പാലം നിർമ്മിച്ചത്. ചാക്കപ്പാലം, പുതമൺ എന്നിവിടങ്ങളിൽ നിന്ന് രണ്ട് സമാന്തര യാത്ര മാർഗങ്ങൾ വഴി കിളിയാനിക്കൽ എത്തി കോഴഞ്ചേരിക്ക് പോകാൻ കഴിയുമെങ്കിലും വീതി കുറവ് വലിയ വാഹനങ്ങൾക്ക് തടസമാണ്.
രണ്ട് കരകളിൽ നിന്ന് ബസുവേണം
ചാക്കപ്പാലം, പുതമൺ, വയലത്തല, അന്ത്യാളങ്കാവ്, കിളിയാനിക്കൽ, കാട്ടൂർ, വാഴക്കുന്നം, കച്ചേരിപ്പടി, മേലുകര എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി തകർന്ന പുതമൺ പാലത്തിന്റെ രണ്ട് കരകളിൽ നിന്ന് റാന്നിയ്ക്കും കോഴഞ്ചേരിക്കും കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
വിദ്യാർത്ഥികൾ, വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, മാർക്കറ്റുകളിലും മറ്റ് വിവിധ ആവശ്യങ്ങൾക്ക് റാന്നി, കോഴഞ്ചേരി ഭാഗത്തേയ്ക്ക് പോകേണ്ട നാട്ടുകാർ ഉൾപ്പെടെയുള്ളവർക്ക് ഇത് പ്രയോജനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |